‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’; വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

ദില്ലി നെഹ്‌റു മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിശബ്ദത പാലിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. ‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’ എന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു കെ.ജെ ജേക്കബിന്റെ വിമര്‍ശനം.

Also Read- ‘നെഹ്‌റു’വിനെ വെട്ടി; തീര്‍മൂര്‍ത്തി ഭവനിലെ മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍; വ്യാപക വിമര്‍ശനം

കേരളത്തെ മറ്റൊരു മണിപ്പൂരാക്കാനുള്ള ക്രിസംഘി കൃമികളുടെ മുഖ-മഞ്ഞപ്പത്രത്തിന് പിന്തുണ കൊടുക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് കെ.ജെ ജേക്കബ് വിമര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ എവിടെയോ പേരുണ്ടെന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെ കൊണ്ടുനടക്കുന്നവരും തിരക്കിലാണ്. നെഹ്‌റു മ്യൂസിയത്തിന്റെ പേര് നെഹ്റു മെമ്മോറിയല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നാക്കിക്കൂടെ എന്ന് ട്വീറ്റ് ചെയ്ത ശശി തരൂരിനേയും കെ.ജെ ജേക്കബ് വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡല്‍ഹിയില്‍ പോയപ്പോള്‍ ഏറ്റവുമധികം സമയം ചെലവഴിച്ച ഒറ്റ സ്ഥലം നെഹ്റു മ്യൂസിയം ആന്‍ഡ് ലൈബ്രറിയാണ്. ഒട്ടു മിക്കവാറും സ്ഥലങ്ങള്‍ മകളെ കാണിച്ചുകൊടുത്തു. തീന്‍ മൂര്‍ത്തി ഭവന്‍.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതി. മതഭ്രാന്ത് മദംപൊട്ടിയൊലിക്കുന്നതിനിടയില്‍ ജന്മം കൊണ്ട ഒരു രാജ്യത്തെ കൈവിട്ടുപോകാതെ കൈപിടിച്ചു നടത്തിയ ഒരു മഹാ മനീഷി ശ്വാസമെടുത്തിരുന്ന ഇടങ്ങളെ ഒരു വിശുദ്ധസ്ഥലം പോലെ കൊണ്ടുനടന്നു കാണിച്ചു. എല്ലാ അച്ഛന്മാര്‍ക്കും പണ്ഡിറ്റ് നെഹ്രുവിനെപ്പോലെ മകള്‍ക്കെഴുതാനാവില്ല; പക്ഷെ പണ്ഡിറ്റ് നെഹ്റുവിനെ ഓര്‍മ്മപ്പെടുത്താനാവും.
അവളുടെ ഓര്‍മ്മയില്‍, ബോധത്തില്‍, പ്രജ്ഞയില്‍ നെഹ്റുവുണ്ടാവണം.

ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേര് എഴുതുമ്പോള്‍ ഒന്നാമത് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേര് വരും. അതിന്റെയര്‍ത്ഥം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്നല്ല. അങ്ങിനെയാക്കാനുള്ള കൊച്ചുമനുഷ്യരുടെ, വെറും കൊച്ചുമനുഷ്യരുടെ, കൊണ്ടുപിടിച്ച ശ്രമത്തിന്റെ, പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കണ്ടത്. നെഹ്റു മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നാക്കി മാറ്റി.
ആ പണി ശരീരം കൊണ്ട് മാത്രമല്ല ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ത്തന്നെ ഉയരമുള്ള രാജ്നാഥ് സിംഗിന്റെ തലയില്‍ വന്നു വീണു.
വിജയന്‍ പറഞ്ഞപോലെ ‘നിശോകം’.

ആ പണിയേല്‍പ്പിച്ച, ചരിത്രത്തോട് യുദ്ധം ചെയ്യാന്‍ വിധിക്കപ്പെട്ട ആ കൊച്ചുമനുഷ്യനോടു നമ്മള്‍ പൊറുക്കുക. പണ്ഡിറ്റ് നെഹ്രുവിന്റെ പേരുവരുന്ന ഒരു പട്ടികയില്‍ പെട്ടുപോയയതിന്റെ പേരില്‍ അയാളനുഭവിക്കുന്ന പീഡനം നമുക്കൂഹിക്കാവുന്നതിനും അപ്പുറത്താണ്. പക്ഷെ നമ്മള്‍ പൊറുക്കരുതാത്ത ഒരു കൂട്ടരുണ്ട്. അത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ്. മിനിയാന്ന് ഈ വാര്‍ത്ത വരുന്നതുമുതല്‍ ഞാന്‍ നോക്കുകയാണ്, കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ഈ വാര്‍ത്തയോട് പ്രതികരിച്ചോയെന്ന്. അവര്‍ തിരക്കിലാണ്. കേരളത്തെ മറ്റൊരു മണിപ്പൂരാക്കാനുള്ള ക്രിസംഘി കൃമികളുടെ മുഖ-മഞ്ഞപ്പത്രത്തിനു പിന്തുണ കൊടുക്കുന്ന തിരക്കിലാണവര്‍.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ എവിടെയോ പേരുണ്ടെന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെ കൊണ്ടുനടക്കുന്നവരും തിരക്കിലാണ്, മഞ്ഞ മാധ്യമത്തിന് ഐക്യ ദാര്‍ഢ്യം പകരാന്‍. ശശി തരൂരിന്റെ ട്വീറ്റ് കണ്ടു: അത് നെഹ്റു മെമ്മോറിയല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നാക്കിക്കൂടെ എന്ന്.
നന്നായി സാര്‍.

അങ്ങയുടെ തിരക്കിനിടയിലും ഒരുമാതിരി രാഹുല്‍ ഈശ്വര്‍ മട്ടിലുള്ള വര്‍ത്തമാനം പറയാന്‍ സമയം കണ്ടെത്തി എന്നതില്‍.
വേറെയാരും ഇക്കാര്യം അറിഞ്ഞില്ല.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു?
എന്ത് ഇന്ത്യ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News