സംഘിക്കലിയ്ക്ക് കാരണമുണ്ട്, എന്തെന്നാല്‍ ‘ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്’ എന്ന ഭേദഗതി അവതരിപ്പിക്കുന്നത് ഡോ. അംബേദ്കറാണ്; കെ ജെ ജേക്കബ്

‘മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’എന്ന ഹിന്ദുത്വ വാദികളുടെ സങ്കല്‍പ്പത്തെ എടുത്തു കൊട്ടയിലിട്ടിട്ടാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ സങ്കലനമായി ഡോ. ബി.ആര്‍. അംബേദ്കറും ഭരണഘടനാ നിര്‍മാണസഭയും ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കിയിട്ടുള്ളത്. എവിടെ നിന്നാണ് ആര്‍എസ്എസിനും ബിജെപിയ്ക്കും അംബേദ്കറോടും ഭരണഘടനയോടും ഉള്ള പ്രശ്‌നം തുടങ്ങുന്നതെന്ന തലക്കെട്ടില് എഴുതിയിരിക്കുന്ന കുറിപ്പില് ഭരണഘടന തുടങ്ങുന്നയിടം തൊട്ടേ സംഘികളുടെ പ്രശ്നം തുടങ്ങുന്നുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.

ALSO READ: ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി

കെ.ജെ. ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍:

എവിടെ നിന്നാണ് ആർഎസ്എസിനും ബിജെപിയ്ക്കും ഇന്ത്യൻ ഭരണഘടനയോടും ഡോ. അംബേദ്കറോടുമുള്ള പ്രശ്നം തുടങ്ങുന്നത്?

‘മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’ എന്ന ഹിന്ദുത്വ വാദികളുടെ സങ്കൽപ്പത്തെ എടുത്തു കൊട്ടയിലിട്ടിട്ടാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്‌ഥാനങ്ങളുടെ സങ്കലനമായി ഡോക്ടർ അംബേദ്കറും ഭരണഘടനാ നിർമ്മാണ സഭയും ‘ഭാരതം എന്ന ഇന്ത്യ’യെ വിഭാവനം ചെയ്തത്.

അതുകൊണ്ടു അവരുടെ പ്രശ്നം തുടങ്ങുന്നത് ഭരണഘടന തുടങ്ങുന്നിടത്തുതന്നെയാണ്.

ഒന്നാം അനുച്ഛേദത്തിൽ.

വിശദീകരിക്കാം

“ഭാരതം എന്ന ഇന്ത്യ സംസ്‌ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും. (Article 1: India that is Bharat shall be a union of states).

ഇതാണ് അനുച്ഛേദം ഒന്ന് പറയുന്നത്

“ഭരണഘടനയുടെ 75 വർഷങ്ങൾ” എന്ന വിഷയത്തെപ്പറ്റി നടന്ന ചർച്ചയിൽ ബി ജെ പി എം പി തേജസ്വി സൂര്യയുടെ പ്രസംഗം കേൾക്കുക. (ലിങ്ക് കമന്റിലുണ്ട്) നാക്കെടുത്താൽ വർഗീയതപറയുന്ന ഈ ചങ്ങാതിയ്ക്കു മാത്രമല്ല, സംഘ പരിവാറിനുമൊത്തം ഇന്ത്യയെ സംസ്‌ഥാനങ്ങളുടെ യൂണിയനായി നിർവചിക്കുന്ന ഈ ഭരണഘടനാ വ്യവസ്‌ഥ ഇതുവരെ ദഹിച്ചിട്ടില്ല.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം, വിഷ്ണു പുരാണത്തിൽ പറയുന്ന ഭാരതമാണ് ഭാരതം: “ഹിമാലയം മുതൽ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഒരു പുണ്യഭൂമി”.

ALSO READ: അഞ്ച് തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

എന്നാൽ

“നിർഭാഗ്യവശാൽ, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി കോൺഗ്രസിന്റെ പണ്ഡിറ്റ് നെഹ്രു തുടങ്ങി കമ്യൂണിസ്റ്റുകൾക്കും മറ്റുള്ളവർക്കും ഇന്ത്യയെ ഒരു പുണ്യഭൂമിയായി പരിഗണിക്കാൻ പറ്റിയിരുന്നില്ല. അവർക്കിത് വെറും Union of states ആണ്. കാരണം ഇന്ത്യ സഹസ്രാബ്ദം പഴക്കമുള്ള ഒരു സാംസ്‌കാരിക രൂപമെന്നു കാണാനുള്ള സാംസ്‌കാരിക ലോകവീക്ഷണം അവർക്കുണ്ടായിരുന്നില്ല.”

ഉണ്ടാവില്ല സാർ.

Glimpses of World History എഴുതിയ, Discovery of India എഴുതിയ നെഹ്‌റുവിന് സംഘികളുടെ ലോക വീക്ഷണം ഉണ്ടാവില്ല. ഡോ. അംബേദ്കർക്കും ഉണ്ടാവില്ല

അവരൊക്കെ ഇന്ത്യക്കാരെന്ന നിലയിൽ അഭിമാനിച്ചിരുന്നു; അത് പക്ഷെ സംഘികൾ ഉദ്ദേശിക്കുന്നപോലെ ‘പുണ്യഭൂമിയിലെ ഭക്തപ്രജകൾ’ എന്ന നിലയിലായിരുന്നില്ല, പിറക്കാനിരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിലെ തുല്യ അവകാശമുള്ള പൗരന്മാർ എന്ന നിലയിലായിരുന്നു. കാലങ്ങളായി ലോകമെങ്ങുമുള്ള മനുഷ്യർ അജ്ഞതയ്ക്കും രോഗത്തിനും ദാരിദ്ര്യത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങളുടെ അന്തരാവകാശികളായായിരുന്നു അവർ സ്വയം അടയാളപ്പെടുത്തിയിരുന്നത്.

“എന്താണ് എനിക്ക് ഒസ്യത്തായി കിട്ടിയത്, ഞാൻ എന്തിന്റെ അവകാശിയാണ്? പതിനായിരക്കണക്കിനു വർഷങ്ങളിലൂടെ മനുഷ്യരാശി നേടിയ എല്ലാ നേട്ടങ്ങളും, ആലോചിച്ചതും അനുഭവിച്ചതും സഹിച്ചതും സന്തോഷിച്ചതുമായ എല്ലാ കാര്യങ്ങളും, വിജയഭേരികളും പരാജയവേദനകളും, എന്നോ തുടങ്ങിയതും ഇപ്പോൾ തുടരുന്നതുമായ മനുഷ്യന്റെ അദ്‌ഭുതകരമായ സാഹസിക യാത്രയുടെ. എല്ലാ മനുഷ്യർക്കുമൊപ്പം, ഒട്ടും കുറയാതെ.”

എന്ന് ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിൽ ഒരു വിശ്വപൗരനായി നെഹ്‌റു സ്വയം വിശേഷിപ്പിക്കുന്നു.

അതോടൊപ്പം ഒരു ഇന്ത്യക്കാരനായും. :

“പക്ഷെ നമ്മൾ ഇന്ത്യക്കാർക്ക് ഒരു സവിശേഷ പാരമ്പര്യമുണ്ട് (അത് നമ്മുടേതെന്നു മാത്രമെന്ന് പറയുക വയ്യ, എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്.) എങ്കിലും നമുക്ക് സവിശേഷമായി ഉള്ളത്, നമ്മുടെ മാംസത്തിൽ, രക്തത്തിൽ, അസ്‌ഥിയിൽ ഉള്ളത്, നമ്മളെന്താണോ അതാക്കിയത്, നമ്മളെന്താകാൻ പോകുന്നുവോ അതാക്കിയത്.”

അങ്ങിനെ ഇന്നോളമുള്ള എല്ലാ മനുഷ്യരുടെയും പിന്തുടർച്ചക്കാരനായും, അതേസമയം തന്നെ താനാക്കിയ നാടിന്റെ നേരവകാശിയായും നെഹ്‌റു സ്വയം നിർവ്വചിക്കുകയാണ്.

അതാണ് അവരുടെ ലോകവീക്ഷണം.

അതേതായാലും സംഘി വീക്ഷണം ആവുക വയ്യ.

വിചിത്രമായ കാര്യം ഒരു വശത്തു ഭരണഘടനാ നിർമ്മാതാക്കളെ തള്ളിപ്പറയുമ്പോഴും തേജസ്വി സൂര്യ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. അനുച്ഛേദം ഒന്നിൽ ഇന്ത്യയെ ഭാരതം എന്ന് കൂടി വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു! . ഉപനിഷദ് ദർശനങ്ങൾ ജനാധിപത്യ സങ്കൽപ്പത്തെ എങ്ങിനെ ഉൾക്കൊള്ളുന്നു എന്നതിനെക്കുറിച്ചു ഡോക്ടർ അംബേദ്‌കർ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഉദ്ധരിക്കുന്നുമുണ്ട്.

എന്നുവച്ചാൽ ഇന്ത്യയെ ‘സംസ്‌ഥാനങ്ങളുടെ സങ്കലമായി’ കണ്ട പണ്ഡിറ്റ് നെഹ്രുവിനും ഡോ അംബേദ്കർക്കുമൊക്കെ ഇന്ത്യൻ പാരമ്പര്യം കാണാനുള്ള കണ്ണില്ല എന്ന് പറഞ്ഞു നാക്ക് വായിലിടുന്നതിനുമുമ്പുതന്നെ ഒന്നാം അനുച്ഛേദത്തിൽത്തന്നെ ‘ഭാരതം’ വരുന്നതിനെ ഹിന്ദുത്വ വാദികൾ അംഗീകരിക്കുന്നുമുണ്ട്.

ALSO READ: അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

ചുരുക്കത്തിൽ ഇത്രേയുള്ളൂ: “ഭാരതം മനുസ്മൃതി അനുസരിച്ചു ഭരിക്കപ്പെടുന്ന ഒരു പുണ്യഭൂമിയാണ്” എന്ന് ഭരണ ഘടനയിൽ എഴുതിവയ്ക്കുന്നതിനു പകരം “ഭാരതം എന്ന ഇന്ത്യ സംസ്‌ഥാനങ്ങളുടെ സങ്കലമാണ്” എന്ന് പണ്ഡിറ്റ് നെഹ്രുവും ഡോ. അംബേദ്കറും കൂടി എഴുതിവെച്ചു!

എന്നുവച്ചാൽ ഭാരതത്തിന്റെ പാരമ്പര്യത്തെ പൂർണ്ണമായും തള്ളിക്കളയുന്ന ഒരു പുതിയ രാജ്യത്തെക്കുറിച്ചല്ല, അവയിൽനിന്നും ഉൾക്കൊള്ളാനാവുന്ന അത്രയും നന്മ ഉൾക്കൊള്ളുന്ന ഇന്ത്യയെയാണ് അവർ വിഭാവനം ചെയ്തത്.

അങ്ങിനെയുണ്ടാക്കുന്ന ഇന്ത്യ, പക്ഷെ, ഹിന്ദുത്വ വർഗീയവാദികൾ നിർവചിക്കുന്ന ഇന്ത്യയല്ല, മറിച്ചു ആധുനിക ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കൃത്യമായി നിർവ്വചിക്കപ്പെടുന്ന അതിർത്തികളോടുകൂടിയ, കൃത്യമായ നിയമസംവിധാനത്തിൽ ഭരിക്കപ്പെടുന്ന നാടാണ്.

ആവർത്തിച്ചാൽ,

‘മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’ എന്ന ഹിന്ദുത്വ വാദികളുടെ സങ്കൽപ്പത്തെ മാറ്റിവച്ചുതന്നെയാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്‌ഥാനങ്ങളുടെ സങ്കലനമായി ഡോക്ടർ അംബേദ്കറും ഭരണഘടനാ നിർമ്മാണ സമിതിയും ‘ഭാരതം എന്ന ഇന്ത്യ’യെ വിഭാവനം ചെയ്തത്.

ഭരണഘടന നിർമ്മിച്ച ആ പുണ്യഭൂമിയിൽ ആ ഭരണഘടനപ്രകാരം തത്വത്തിലെങ്കിലും തുല്യരായിരിക്കാനുള്ള അവകാശം സിദ്ധിച്ച കോടിക്കണക്കിനു മനുഷ്യർക്ക് ഡോ. അംബേദ്‌കർ അതുകൊണ്ടുതന്നെ പുണ്യനാമമാകുന്നു.

ഒന്നുകൂടി: ആർട്ടിക്കിൾ ഒന്നിന് പലതരം ഭേദഗതികളുണ്ടായിരുന്നു. അതിൽ അവസാനം ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭേദഗതിയാണ് നമ്മൾ ഇപ്പോൾ കാണുന്നത്: ഭാരതം എന്ന ഇന്ത്യ സംസ്‌ഥാനങ്ങളുടെ യൂണിയനാണ്.

ആ ഭേദഗതി അവതരിപ്പിച്ചത് സാക്ഷാൽ ഡോ അംബേദ്കറാണ്!

അപ്പോൾ സംഘിക്കലിയ്ക്കു കാരണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News