ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം.പി ആയിരുന്നു ഇന്നസെൻ്റ്: ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം പി ആയിരുന്നു ഇന്നസെന്റെന്ന് മുൻ മാധ്യമപ്രവർത്തകൻ സേതുരാജ് ബാലകൃഷ്ണൻ. ഇന്നസെന്റുമായുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും വരച്ചുകാട്ടുന്ന കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നസെന്റ് എന്ന അതുല്യനായ നടനെയും മനുഷ്യനെയും പരിചയപ്പെട്ട കഥയും കുറിപ്പിലുണ്ട്.

Also Read: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യം; യുഎന്‍ രക്ഷാസമിതി ആദ്യ പ്രമേയം പാസാക്കി, യുഎസ് വിട്ടുനിന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വീടിന് മുന്നിലുള്ള, പഴയ വിജയാ ക്രോക്കറിയുടെ അവശിഷ്ട കെട്ടിടത്തിൻ്റെ ചുമരിൽ ഇന്നസെൻ്റിൻ്റെ ചിരിക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ കണ്ട് എഴുന്നേറ്റ ദിവസം ആലോചിച്ചതേയില്ല, ഇനിയങ്ങോട്ടുള്ള ജീവിതത്തിലെ ഒരു പ്രധാന ഭാഗമാകുമിയാളെന്ന്. 2014 ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇന്നസെൻ്റിനെ അവതരിപ്പിച്ചപ്പോൾ പലരും ശങ്കിച്ചു, ഈ പരീക്ഷണം ക്ളിക്കാകുമോ എന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇന്നസെൻ്റ് ഞെട്ടിച്ചു. എം.പിയെ സഹായിക്കാനായി പിന്നീടഞ്ചുവർഷ ഡെപ്യൂട്ടേഷൻ. അടുത്തറിഞ്ഞപ്പോഴാണ്, ദൂരെ നിന്നു കണ്ട ആളേയല്ലെന്ന് ബോധ്യമായത്.
ഇന്നസെൻ്റിൻ്റെ അധ്യാപകനായിരുന്നു വൈലോപ്പിള്ളി. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ഇന്നസെൻ്റ് സ്വന്തം അധ്യാപകൻ കൂടിയായ വൈലോപ്പിള്ളിയുടെ ‘കാക്ക’ അതിമനോഹരമായി അക്ഷരമോ വരിയോ തെറ്റാതെ ചൊല്ലുന്നത് കേട്ടപ്പോഴാണ് അടുത്ത ഞെട്ടലുണ്ടായത്. എട്ടാം ക്ലാസിനുള്ളിൽ പഠിച്ച പാഠഭാഗങ്ങൾ പലപ്പോഴും തലങ്ങും വിലങ്ങും പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ട്. എം.പി എന്ന നിലയിൽ അദ്ദേഹം പങ്കെടുത്ത ആദ്യ സ്വീകരണ യോഗങ്ങളിലൊന്നിൽ തന്നെ നർമ്മമധുരമായ ഇന്നസെൻ്റിയൻ പ്രസംഗശൈലി സദസിനെ കൈയ്യിലെടുക്കുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. സിനിമാനടനോടുള്ള ഇഷ്ടമായിരുന്നില്ല അത്. പറയുന്നതിലെ കാതലായിരുന്നു ശ്രോതാക്കളെ കൂട്ടിയത്.

Also Read: മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

“ഗാന്ധിവധത്തെക്കുറിച്ച് സർദാർ വല്ലഭായ് പട്ടേലിന് നേരത്തെ അറിയാമായിരുന്നു എന്ന കാര്യം സാമൂഹ്യ പാഠം പരീക്ഷക്ക് ഞാൻ വിശദമായി എഴുതി. പേപ്പർ കണ്ട വൈലോപ്പിള്ളി അപ്പനോട് പരാതി പറഞ്ഞു. കമ്മ്യൂണിസ്റ്റ്കാരനായ അപ്പൻ്റെ സംസാരങ്ങളിൽ നിന്ന് എപ്പോഴോ കൊത്തിയെടുത്തതായിരുന്നു ഈ പ്രസ്താവന”. അന്ന് രാത്രി വീട്ടിൽ വന്ന അപ്പൻ പറഞ്ഞു: ഇന്നസെൻ്റേ എന്തെല്ലാം ഞാൻ പറയുന്നു, അതൊന്നും നീ കേൾക്കുന്നില്ല. ഈയൊരു കാര്യം വെടിപ്പായി കേൾക്കുകയും ചെയ്തു. എന്തു ബുദ്ധിയാടാ നിൻ്റേത്?
അപ്പൻ പറഞ്ഞത് ശരിയായിരിക്കാം. ബുദ്ധിയില്ലായ്മയായിരിക്കില്ല; വിചിത്രമായ ഒരു ബുദ്ധിയായിരിക്കാം എന്നെ നയിച്ചത്. അക്കാര്യം ന്യൂറോളജി പണ്ഡിതർ പറയട്ടെ – (ചിരിക്കു പിന്നിൽ)
ഒരെട്ടാം ക്ലാസ് ഡ്രോപ്പൗട്ടിൻ്റെ പാഠശാലയിൽ നിന്നാർജ്ജിച്ചതെല്ലാം കരുത്ത് മാത്രമാണ്. അഞ്ചു വർഷ അനുഭവം /പഠനം ഔപചാരിക സർട്ടിഫിക്കറ്റിന് അർഹമാക്കുമായിരുന്നുവെങ്കിൽ ആ ബിരുദം എന്തെന്തു യോഗ്യതയാകുമായിരുന്നില്ല! ഒപ്പമുള്ള യാത്രകളിൽ സൂര്യന് താഴെയുള്ള സകലതും കടന്നുവരും. അറിയാത്ത കാര്യങ്ങൾ ആരോടും ചോദിക്കും. സ്വന്തമായ അഭിപ്രായങ്ങൾ രൂപീകരിക്കും. അവക്കൊക്കെയും അടിസ്ഥാനമായി യുക്തിസഹമായ ചിന്തയുടെ പിൻബലമുണ്ടാകും. സീസൺഡ് ആയ ഒരു രാഷ്ട്രീയ നേതാവിൻ്റെ ചിന്താപരമായ കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് പലപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്തു. തൻ്റെ ചലച്ചിത്ര സംഘടനയിലെ നേതൃത്വവും ജനപ്രതിനിധിയെന്ന റോളും അയത്നലളിതമായി കൈകാര്യം ചെയ്തു. ആ മനുഷ്യൻ്റെ ഒന്നാം ചരമവാർഷികമാണിന്ന്.
അതുല്യനായ നടൻ, വിസ്മയിപ്പിച്ച എഴുത്തുകാരൻ, സരസനായ പ്രസംഗകൻ, ജനപക്ഷ വികസനത്തിന് പുതിയൊരു മാതൃക സൃഷ്ടിച്ച ജനപ്രതിനിധി, ചലച്ചിത്ര താരസംഘടനയുടെ നേതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച പ്രതിഭയായിരുന്നു ഇന്നസെൻ്റ്. ഔപചാരിക വിദ്യാഭ്യാസത്തിൻ്റേയോ അക്കാദമിക് ബിരുദങ്ങളുടെയോ പിൻബലത്തിലല്ല, അനിതരസാധാരണമായ അനുഭവലോകത്തിൻ്റേയും ധിഷണാശേഷിയുടെയും മാറ്റ് കൊണ്ടാണ് അനുകരിക്കപ്പെടേണ്ട മാതൃകയായി അദ്ദേഹം മാറിയത്. നിരന്തരം അവഗണിക്കപ്പെട്ട ബാല്യത്തിൻ്റെ നൊമ്പരങ്ങളും, ഇല്ലായ്മകളുടെ ദുരിതങ്ങളും, കീഴടക്കാനൊരുങ്ങിയ കാൻസർ രോഗവും ഒരു പോരാളിയുടെ ഇച്ഛാശക്തിയോടെ അദ്ദേഹം പൊരുതിത്തോൽപ്പിച്ചു. സ്വാനുഭവങ്ങളുടെ തീയിൽ നിന്ന് അദ്ദേഹം കൊളുത്തി നൽകിയ തിരിയാണ് സ്റ്റേറ്റ് സിലബസിൽ ഉൾപ്പെടുത്തിയ കാൻസർ വാർഡിലെ ചിരി എന്ന പാഠഭാഗം. ഇനി വരുന്ന തലമുറ നിശ്ചയമായും പഠിക്കേണ്ട പാഠം.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ഇന്നസെൻ്റ് ഇപ്പോഴും കൺമുന്നിലെന്നപോലെ ഓർമ്മയിൽ. അതിന് ശേഷമുള്ള മറ്റൊരു ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടേറി വരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിൻ്റെ ഒന്നാം ചരമ വാർഷികമെന്നത് വല്ലാത്തൊരു യാദ്യച്ഛികതയായി. എം.പി എന്ന നിലയിൽ ഇന്നസെൻ്റിനെ മിസ് ചെയ്ത അഞ്ച് വർഷങ്ങളാണ് ചാലക്കുടിക്ക് കഴിഞ്ഞു പോയത് എന്ന് നിസംശയം പറയാം. ഒരു സിനിമാനടന് എം.പിയെന്ന നിലയിൽ എന്തു ചെയ്യാനൊക്കും എന്ന കുത്തിപ്പറച്ചിലുകളായിരുന്നു, തെരഞ്ഞെടുക്കപ്പെട്ട ആദ്യ നാളുകളിൽ. എന്നാൽ ഏവരേയും അമ്പരപ്പിച്ച് 1750 കോടി രൂപയുടെ വികസന പദ്ധതികളാണ് ചാലക്കുടി മണ്ഡലത്തിൽ അദ്ദേഹം നടപ്പാക്കിയത്. മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റുകൾ അദ്ദേഹം സ്ഥാപിച്ചു. രണ്ട് മെഗാ ഡയാലിസിസ് യൂണിറ്റുകളും അൾട്രാസൗണ്ട് സ്കാനിംഗ് യൂണിറ്റുകളും നിരവധി സർക്കാർ ആശുപത്രികൾക്ക് കെട്ടിട, ഉപകരണ സൗകര്യങ്ങളും ഏർപ്പെടുത്തി. പി. എം. ജി. എസ്. വൈ പദ്ധതിയിൽ രാജ്യത്താദ്യമായി ഒരു പാലം നിർമ്മിച്ചത് അദ്ദേഹമാണ്. 123 കോടി രൂപയുടെ സി.ആർ.എഫ് റോഡുകളും 32 കോടി രൂപയുടെ പി.എം.ജി.എസ്.വൈ റോഡുകളും നിർമ്മിച്ചു. 8 കുടിവെള്ള പദ്ധതികൾ, 30 സ്കൂളുകൾക്ക് ബസുകൾ, 4 അസംബ്ളി മണ്ഡലങ്ങളിലെ ജനങ്ങളുടെ സമ്പൂർണ്ണ ആരോഗ്യ പരിശോധനാ പദ്ധതിയായ ശ്രദ്ധ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയെല്ലാം ഇന്നസെൻ്റിൻ്റെ നേട്ടങ്ങളാണ്. അതിരപ്പിള്ളി മുതൽ കോടനാട് വരെ നീളുന്ന ടൂറിസം സർക്യൂട്ടിനായി ഒരു പദ്ധതി തയ്യാറാക്കി അദ്ദേഹം കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. സ്വദേശ് ദർശൻ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്. സംസ്ഥാന സർക്കാർ സകല പിന്തുണയും നൽകി. വിശദപദ്ധതി റിപ്പോർട്ട് ഉൾപ്പെടെ തയ്യാറാക്കി സംസ്ഥാനത്തിൻ്റെ ആദ്യ രണ്ട് ടൂറിസം സർക്യൂട്ട് നിർദ്ദേശങ്ങൾ എന്ന മുന്തിയ പരിഗണനയോടെ കേന്ദ്രത്തിന് സമർപ്പിച്ചു. ഒരു വട്ടം കൂടി ഇന്നസെൻ്റ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ഇത് യാഥാർത്ഥ്യമായി തീർന്നേനെ. അതുപോലെ തന്നെയൊരു ആശയമായിരുന്നു നട് മെഗ് പാർക്ക്. ചാലക്കുടി ലോകസഭാമണ്ഡലത്തിലെ പ്രധാന കാർഷിക വിളകളിലൊന്നാണ് ജാതിക്ക. ജാതിക്കയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കാനും കർഷകർക്ക് മികച്ച വില ഉറപ്പാക്കാനുമായി ഒരു നട് മെഗ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം തയ്യാറാക്കി ഏറെ മുന്നോട്ട് പോയി. കാർഷിക സർവ്വകലാശാലയും പദ്ധതിയെ അംഗീകരിച്ചു. എം.പി സ്ഥാനമൊഴിഞ്ഞതോടെ ഈ പദ്ധതിയും തുടർച്ചയില്ലാതെ അവസാനിച്ചു. തൻ്റെ ജീവിതാനുഭവങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ ഒരു വീക്ഷണത്തെ അടിസ്ഥാനമാക്കിയും താൻ പ്രതിനിധാനം ചെയ്ത ഇടതുപക്ഷ രാഷ്ട്രീയബോധ്യത്തിൻ്റെ അടിസ്ഥാനത്തിലും ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം.പി ആയിരുന്നു ഇന്നസെൻ്റ്.
അമരത്വമുള്ള ആ ഓർമ്മകൾക്ക് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News