സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ് 9ന് അൽ ബഹ പ്രവിശ്യയിൽ അൽ ഗറായിലെ അപകടത്തിലാണ് ചക്കിട്ടപാറ പുരയിടത്തിൽ വീട്ടിൽ തോമസിന്റെയും മോളിയുടെയും മകൻ ജോയൽ തോമസ് (28) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി പത്ത് മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരും.
Also Read: ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; കാണ്‍പൂരില്‍ ജീവനൊടുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥി
അപകടം ഉണ്ടായത് മുതൽ വിഷയത്തിൽ ഇടപെടുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവും ജിദ്ദ നവോദയ ജീവകാരുണ്യ ജോ. കൺവീനറുമായ പന്തളം ഷാജിയാണ് ഇക്കാര്യം അറിയിച്ചത്. ജോയലിന്റെ ബന്ധു ജോഫിൻ ജോണിനും ജോഫിന്റെ സുഹൃത്ത് എബിനുമൊപ്പം നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കുടുംബത്തെ സഹായിച്ചിരുന്നത് പന്തളം ഷാജിയാണ്. ജോയൽ തോമസ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്.
ജോയലിനെ കൂടാതെ ഉത്തർപ്രദേശ് സ്വദേശി മുക്കറം ഇസ്ലാമും ഒരു ബംഗ്ലാദേശി പൗരനും സുഡാനി പൗരനും മരിച്ചിരുന്നു. അപകടത്തെ തുടർന്ന് വാഹനത്തിന് തീ പിടിച്ചതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായതിനാൽ ജോയലിന്റെ സഹോദരൻ ജോജി സൗദിയിൽ എത്തി ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിൾ നൽകുകയായിരുന്നു.
Also Read: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്
ഡിഎൻഎ ഫലം വന്ന് മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി അൽ ഗറാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസം എമ്പാമിങ്ങിനായി ജിദ്ദയിലേക്ക് മാറ്റിയിരുന്നു. ബന്ധു ജോഫിൻ ജോൺ മൃതദേഹത്തെ അനുഗമിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here