ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് ഏറ്റെടുത്ത് ജെപി മോർഗൻ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തകർന്നടിഞ്ഞ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് ഏറ്റെടുത്ത് ജെപി മോർഗൻ. ബാങ്കിൻറെ 84 ശാഖകളും ഇനി മുതൽ ജെപി മോർഗൻ ചേസ് എന്ന പേരിൽ തുറന്നു പ്രവർത്തിക്കും.
തകർച്ച ഭയന്ന് നിക്ഷേപകർ മൂന്ന് മാസം കൊണ്ട് പതിനായിരം കോടി ഡോളർ പിൻവലിച്ചതും ഒപ്പം മറ്റ് പ്രതിസന്ധികളും വലച്ചു കളഞ്ഞ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് പൂർണ തകർച്ചയ്ക്ക് മുമ്പേ തന്നെ ഏറ്റെടുക്കാനാണ് അമേരിക്കൻ ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ തീരുമാനിച്ചത്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക്കിനെ വാങ്ങാൻ താൽപര്യമറിയിച്ച ജെപി മോർഗൻ ബാങ്ക് വില്പന കരാർ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
കരാറിൻ്റെ ഭാഗമായി ആയിരം കോടി ഡോളർ ജെപി മോർഗൻ അമേരിക്കൻ എഫ്ഡിഐസിക്ക് കൈമാറും. ബാങ്കിൽ നിക്ഷേപം തുടരുന്നവർക്ക് മികച്ച പരിരക്ഷ നൽകുമെന്നാണ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ്റെയും ജെപി മോർഗൻ്റെയും വാഗ്ദാനം. ഓഹരി വിപണിയിലും കനത്ത തിരിച്ചടി നേരിട്ട ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അടക്കമുള്ള വിപണികളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യാനും സാധ്യതകൾ ഏറെയാണ്.
അമേരിക്ക ആസ്ഥാനമായ സിൽവർഗേറ്റ്, സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകൾക്ക് പിന്നാലെ തകർച്ചാ ഭീഷണി സ്വിറ്റ്സർലൻഡിലെ ക്രെഡിറ്റ് സ്വീസ് ബാങ്കിലേക്കും പടർന്ന സാഹചര്യത്തിൽ പ്രതാപമുള്ളതും എന്നാൽ ചെറുതുമായ ബാങ്കുകളെ വിട്ടുകളയുകയും ജെപി മോർഗൻ, ബാർക്ലേസ് അടക്കമുള്ള വൻ ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റുകയും ചെയ്യുന്ന പ്രവണതയാണ് ലോകമാകെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, 2008-ലെ സാമ്പത്തിക പ്രതിസന്ധിയിൽ വിജയിച്ച, തകർച്ച നേരിടുന്ന ചെറു ബാങ്കുകളെ വൻ ബാങ്കുകളെ ഉപയോഗിച്ച് ഏറ്റെടുക്കുന്ന രീതി തന്നെയാണ് അധികൃതർ അവലംബിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ തകർന്ന ക്രെഡിറ്റ് സ്വീസ് ബാങ്കിനെ യുബിഎസ് ആണ് ഏറ്റെടുത്തത്. എന്നാൽ 2008-ൽ പയറ്റി വിജയിച്ച രീതിക്ക് ഇത്തവണ വിജയം കാണാൻ കഴിയില്ല എന്നാണ് നിക്ഷേപകലോകം പങ്കുവെക്കുന്ന സൂചന. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനക്കിടയിലും ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് മനുഷ്യർ മറ്റ് നിക്ഷേപ മാർഗങ്ങളിലേക്ക് കൂടുമാറുന്നതായും സൂചനകളുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News