ആ ചിത്രങ്ങളും താരങ്ങളും അവാര്‍ഡില്‍ ഇടം നേടാത്തതെന്തുകൊണ്ട്; ജൂറി റിപ്പോര്‍ട്ട് പുറത്ത്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അവാര്‍ഡ് ജേതാക്കളായ ഓരോ വിഭാഗത്തിലുള്ള ആളുകളുടെയും പ്രത്യേകളെക്കുറിച്ചുള്ള ജൂറി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരാകുന്നതെന്ന വ്യക്തതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി

നിർമാതാവ്: ജോർജ് സെബാസ്റ്റ്യൻ

(നിർമാതാവിന് 200000 രൂപയും ശിൽപവും പ്രശസ്തിപത്രവും

സംവിധായകന് 200000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

മരണവും ജനനവും സ്വപ്നവും യാഥാർഥ്യവും ഇടകലർന്ന ആഖ്യാനത്തിലൂടെ ദാർശനികവും മാനവികവുമായ ചോദ്യങ്ങളുയർത്തുന്ന ചിത്രം. അതിർത്തികൾ രൂപപ്പെടുന്നത് മനുഷ്യരുടെ മനസ്സിലാണ് എന്ന യാഥാർഥ്യത്തെ പ്രഹേളിക സമാനമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യഭാഷയുടെ സമർഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം.

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ 

ചിത്രം: അറിയിപ്പ്

(200000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ താഴ്ന്ന മധ്യവര്‍ഗക്കാരായ മലയാളി ദമ്പതിമാർ കോവിഡ് ലോക്‌ഡൗൺ കാലത്ത് അനുഭവിക്കുന്ന ജീവിത സംഘർഷങ്ങളും അതിവൈകാരികതയിലേക്ക് വഴുതിപ്പോകാതെ അസാമാന്യമായ ശിൽപ്പഭദ്രതയോടെ ആവിഷ്കരിച്ച സംവിധാന മികവിന്

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് 

സംവിധായകൻ: ജിജോ ആന്റണി

നിർമാതാവ്: ഗോഡ്ജോ ജെ.

(നിർമാതാവിന് 150000 രൂപയും ശിൽപവും പ്രശസ്തിപത്രവും

സംവിധായകന് 150000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

ഉപജീവനമാര്‍ഗം തേടി കടൽനടുവിലെത്തിയ മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും തീക്ഷണമായ ആവിഷ്കാരം. ഉൾക്കടലിലെ ഒരു ബോട്ടിനകത്തെ പരിമിതവൃത്തത്തിൽ നിന്നുകൊണ്ട് മനുഷ്യരിലെ ആദിമവും വന്യവുമായ ചോദനകളെ പച്ചയായി അവതരിപ്പിക്കുന്നു ഈ സിനിമ.

മികച്ച നടൻ: മമ്മൂട്ടി 

ചിത്രം: നൻ പകൽ നേരത്ത് മയക്കം

(100000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

‘‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്നും സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ.’’

മികച്ച നടി: വിൻസി അലോഷ്യസ് 

ചിത്രം: രേഖ

(100000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

ഉത്തരകേരളത്തിലെ ഒരു നാട്ടിന്‍പുറത്തുകാരിയുടെ പ്രാദേശികത്തനിമയാർന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന്

മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ 

ചിത്രം: ന്നാ താൻ കേസ് കൊട്

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

കോടതി നടപടികളുടെ ഗൗരവം കൈവിടാതെയും അതേസമയം നർമം നിലനിർത്തിക്കൊണ്ടും സവിശേഷമായ പെരുമാറ്റ രീതികളുളള ഒരു മജിസ്ട്രേറ്റിന്റെ വേഷം മികവുറ്റതാക്കിയ പ്രകടനത്തിന്

മികച്ച സ്വഭാവനടി: ദേവി വർമ 

ചിത്രം: സൗദി വെള്ളക്ക

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

അവിചാരിതമായ ഒരു തെറ്റിന്റെ േപരിൽ കാലങ്ങളോളം കോടതി കയറിയിറങ്ങേണ്ടി വരുന്ന അയിഷ റാവുത്തർ എന്ന ഏകാകിയായ പോരാളിയുടെ ഉള്ളിലടക്കിപ്പിടിച്ച ആത്മസംഘർഷങ്ങളെ അവിസ്മരണീയമാക്കിയതിന്

പ്രത്യേക ജൂറി അവാർഡ്: അഭിനയം: കുഞ്ചാക്കോ ബോബൻ, അലൻസിയർ

(25000 രൂപയും ശിൽപവും പ്രശസ്തിപത്രവും വീതവും)

കുഞ്ചാക്കോ ബോബൻ: വടക്കൻ കേരളത്തിലെ ഗ്രാമീണനായ കുന്നുമ്മൽ രാജീവൻ എന്ന മോഷ്ടാവിനെ സവിശേഷമായ ശരീരഭാഷയും വ്യത്യസ്തമായ രൂപഭാവങ്ങളും കൊണ്ട് അവിസ്മരണീയമാക്കിയ നടന വൈഭവത്തിന്. അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ കഥാപാത്രത്തെ സമാനതകളില്ലാത്ത പ്രകടനത്തിലൂടെ അനശ്വരമാക്കിയതിന്.

അലൻസിയർ: ശരീരം തളർന്നു കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്കു പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആർത്തിയോടെ മടങ്ങിവരാൻ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്കാരത്തിന്

മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90സ് കിഡ്സ്

(നിർമാതാക്കൾക്ക് 15000 രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം, സംവിധായകന് 100000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

നിർമാതാവ്: സാജിദ് യഹിയ

സംവിധായകൻ: നിതിൻ രാധാകൃഷ്ണൻ

ദാരിദ്ര്യവും പ്രാരാബ്ധങ്ങളും നിറഞ്ഞ കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്ന രണ്ട് കുട്ടികളുടെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയഹാരിയായ കഥ പറയുന്ന ചിത്രം.

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ 

ചിത്രം: ഇലവീഴാ പൂഞ്ചിറ

(100000 രൂപയും ശിൽപവും പ്രശസ്തി പത്രവും)

സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിജനമായ പൊലീസ് വയർലെസ് സ്റ്റേഷനിലെ ദുരൂഹവും ഭീതിജനകവുമായ അന്തരീക്ഷത്തിൽ കഴിയേണ്ടിവരുന്ന മനുഷ്യരുടെ അതിജീവനശ്രമങ്ങളും പകയും പ്രതികാരവും പ്രണയവും ഉദ്വേഗജനകമായി ആവിഷ്കരിച്ച സംവിധാനത്തികവിന്

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: ന്നാ താൻ കേസ് കൊട് 

നിർമാതാവ്: സന്തോഷ് ടി. കുരുവിള

സംവിധായകൻ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

(നിർമാതാവിന് 100000 രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം, സംവിധായകന് 100000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

അധികാരമില്ലാത്ത സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളെ അനുതാപപൂർവം സമീപിച്ചുകൊണ്ട് ആക്ഷേപഹാസ്യത്തിലൂടെ ഗൗരവമുള്ള സാമൂഹിക വിഷയത്തെ ജനശ്രദ്ധയിലെത്തിക്കുന്നതിനായി കലയും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച ചിത്രം.

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ): രാജേഷ് കുമാർ ആർ. 

ചിത്രം: ഒരു തെക്കൻ തല്ല് കേസ്

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

ജി.ആർ. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയുടെ സത്ത ചോരാതെ ദൃശ്യഭാഷയിലേക്ക് അനുവർത്തനം നടത്തിയ ആഖ്യാന മികവിന്.

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 

ചിത്രം: ന്നാ താൻ കേസ് കൊട്

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

നിസ്സാരമായ ഒരു വിഷയത്തിൽ തുടങ്ങി അധികാരവും കോടതിയും ഇടപെടുന്ന ഗൗരവമാർന്ന ഒരു സാമൂഹിക പ്രശ്നത്തിലേക്ക് വളരുന്ന കഥാഗതിയെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ പൊതിഞ്ഞ് രസകരമായി അവതരിപ്പിച്ച രചനാ വൈഭവത്തിന്

മികച്ച ബാലതാരം (ആൺ): മാസ്റ്റർ ഡാവിഞ്ചി 

ചിത്രം: പല്ലൊട്ടി നയന്റിസ് കിഡ്സ്

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.

മികച്ച ബാലതാരം(പെണ്‍) തന്മയ സോൾ എ.

ചിത്രം വഴക്ക്

(50000 രൂപയും ശിൽപവും പ്രശസ്തിപത്രവും)

അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News