അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി. എസ് കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി ബൃന്ദാകാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
യുപിയിലെ പ്രയാഗ് രാജില്‍ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി എസ് കെ യാദവ് നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് സുപ്രീംകോടതി ഇടപെടല്‍. വിഷയത്തില്‍ ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായും പ്രസംഗത്തിന്റെ പൂര്‍ണരൂപം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എസ് കെ യാദവിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയിച്ചിരുന്നു. സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്.
അതിനിടെ എസ് കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ രംഗത്തെത്തി. നമ്മുടെ ഭരണഘടനയും ജുഡീഷ്യറിയും സ്വതന്ത്രമാകണം. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യാന്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ പിന്തുണ നല്‍കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് യാദവിനെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നും അദ്ദേഹത്തില്‍ നിന്ന് ജുഡീഷ്യല്‍ പദവി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാമ്പെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here