വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിർദേശിച്ചത്. വെള്ളിയാഴ്ച പ്രതിപക്ഷ എംപിമാർ ജഡ്ജിക്കെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നൽകിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് ജഡ്ജി ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. ‘വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും; കാരണങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചിരുന്നു.
ഭൂരിപക്ഷ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം എന്നായിരുന്നു ഈ പരിപാടിയില്‍ ജസ്റ്റിസ് എസ്കെ യാദവ് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് ഇംപീച്ച്‌മെന്‍റ് നോട്ടീസ് നല്‍കിയത്. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, അഡ്വ കപില്‍ സിബല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 55 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെയുളള നഗ്നമായ ലംഘനമാണ് എസ് കെ യാദവ് നടത്തിയതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
തന്‍റെ വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് അദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here