ജഡ്ജിയായി 23 വര്‍ഷം, ഒരു കേസ് എങ്ങനെ തീര്‍പ്പാക്കണമെന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.നില നില്‍ക്കുന്ന കൊളീജിയം സംവിധാനത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നും, സംവിധാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ടെന്നുമായിരുന്നു കേന്ദ്ര നിയമമന്ത്രിയുടെ പരാമര്‍ശം. നിയമമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും, കൊളീജിയം എന്നത് നിലവിലെ മികച്ച സംവിധാനം തന്നെയാണ് എന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഡല്‍ഹിയില്‍ താജ് ഹോട്ടല്‍ പാലസില്‍ വച്ച്‌നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സംവിധാനങ്ങളും മികച്ചതാണെന്ന് പറയുന്നില്ല, എന്നാല്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്തവയില്‍ വച്ച് ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം. നിയമസംവിധാനം സ്വാതന്ത്രമാകണമെങ്കില്‍ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു .

ഭരണഘടന അനുസരിച്ച് ജഡ്ജിമാരെ നിയമിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും, ഉന്നതജുഡീഷ്യറി പദവികളിലേക്കുള്ള നിയമനത്തിനായുള്ള കൊളീജിയം സമ്പദ്രായത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നുമായിരുന്നു നിയമമന്ത്രി കിരണ്‍ റിജ്ജു നേരത്തെ പറഞ്ഞത്. 1993 വരെ ഇന്ത്യയിലെ എല്ലാ ജഡ്ജിമാരെയും ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് നിയമമന്ത്രാലയമാണ് നിയമിച്ചിരുന്നത്. അക്കാലത്ത് നമുക്ക് വളരെ പ്രഗത്ഭരായ നിയമജ്ഞരുണ്ടായിരുന്നെന്നും റിജ്ജു പറഞ്ഞിരുന്നു. കാഴ്ചപ്പാടുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും, അത്തരം വ്യത്യസ്തതകളെ ഭരണഘടനാപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ തനിക്ക് വിലയിരുത്താന്‍ സാധിക്കുകയുള്ളുവെന്നുമായിരുന്നു ഇതിനോടുള്ള ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരണം.

തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും, നിയമമന്ത്രിയുമായി പ്രശ്‌നങ്ങള്‍ക്ക് തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.
’23 വര്‍ഷം ജഡ്ജിയായിരുന്നിട്ടും ഒരു കേസ് എങ്ങനെ തീര്‍പ്പാക്കണമെന്ന് എന്നോട് ഇത് വരെ ആരും പറഞ്ഞിട്ടില്ല.സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദ്ദമൊന്നുമില്ല. ജുഡീഷ്യറിക്ക് മേല്‍ സമ്മര്‍ദ്ദമൊന്നുമില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി’യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News