ജനങ്ങളുടെ പക്ഷത്ത് അടിയുറച്ചു നിന്ന വിപ്ലവതേജസ്സ്; മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസു ഓര്‍മ ദിനം

jyoti basu

മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസു ഓര്‍മയായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. സിപിഐ എമ്മിന്‍റെ സ്ഥാപക നേതാവായ ജ്യോതി ബസു ആധുനിക ബംഗാളിന്‍റെ ശില്‍പിയും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയുമായിരുന്നു. രാജ്യത്ത് ഫാസിസത്തിനെതിരായ പോരാട്ടത്തിന് പ്രകാശമേകുന്ന അമരജ്യോതിയാണ് ഇന്നും ബസുവിന്‍റെ സ്മരണ.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഇതിഹാസമായിരുന്നു ജ്യോതി ബസു. സഖാവും സഹപോരാളിയുമായ പ്രമോദ് ദാസ് ഗുപ്തയെപ്പോലെ ബംഗാളിലെ ഒരു സമ്പന്ന ഡോക്ടറുടെ മകനായി ജനിച്ച ജ്യോതിരിന്ദ്ര ബസുവിന് ലണ്ടനിലെ പഠകാലം തൊട്ടേ നെഹ്രുവുമായും സുഭാഷ് ബോസുവുമായും വികെ കൃഷ്ണമേനോനുമായുമെല്ലാം അടുപ്പമുണ്ടായിരുന്നു.

Also Read: ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാനൊരുങ്ങി കർഷക സംഘടനകൾ

നാല്‍പ്പതുകളില്‍ പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്താണ് നാട്ടില്‍ തിരിച്ചെത്തി ബസു ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാവുന്നത്. 1944ല്‍ ബംഗാളിലെ റെയില്‍വെ തൊഴിലാളിസമരത്തെ നയിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് ബസുവിനെയായിരുന്നു. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത് ഗാന്ധിജിയെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയ കമ്മ്യൂണിസ്റ്റു നേതാവുമായിരുന്നു ബസു. ആ വര്‍ഷം ബംഗാൾ നിയമസഭയിലെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്‍റെ ആദ്യ നേതാവായിരുന്ന ബസു 26 വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു.

1953ല്‍ അവിഭക്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1964ല്‍ സിപിഐയില്‍ നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപികരിച്ച് പൊളിറ്റ് ബ്യൂറോ അംഗമായ ബസു 2008വരെ ആ സ്ഥാനത്ത്ര് തുടര്‍ന്നു.

Also Read: ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു, ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പെഡെക്‌സ് വിജയം

1964ല്‍ ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി പ്രമോദ് ദാസ് ഗുപ്തയായിരുന്നു. 1982-ല്‍ മരിക്കുന്നതുവരെയും ആ സ്ഥാനത്തുണ്ടായിരുന്ന ദാസ് ഗുപ്തയായിരുന്നു അജോയ് മുഖര്‍ജിയും ബസുവും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബംഗാളിലെ പാര്‍ട്ടിയുടെ നെടുന്തൂണ്‍. 1967ല്‍ അജോയ് മുഖര്‍ജി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ് ശങ്കര്‍ റായിയുടെ ഭീകരഭരണത്തിന് വിരമാമമിട്ട് 1977മുതല്‍ മുഖ്യമന്ത്രിയായ ബസു 2000 വരെ ആ സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ റെക്കാര്‍ഡുകള്‍ കുറിച്ചു. 1996ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ബിജെപി ഇതര കക്ഷികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ട ഏകപേര് ജ്യോതി ബസുവിന്‍റേതായിരുന്നു. 2010 ജനുവരി പതിനേ‍ഴിന് ഒരു യുഗാന്ത്യം പോലെ ആ ബംഗ്ലാ ജ്യോതി അണഞ്ഞെങ്കിലും രാജ്യം ഇന്നും ആഗ്രഹിക്കുന്ന നേതാക്കളില്‍ ഒരാളാണ് ജ്യോതിബസു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News