അദാനിയുടെ പേരിനൊപ്പം തന്റെ പേർ കൂട്ടിച്ചേർത്തത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഈ ട്വീറ്റിലൂടെ ഒരു ട്രോൾ മെറ്റീരിയൽ ആയി മാറിയെന്നായിരുന്നു സിന്ധ്യ പരിഹസിച്ചത്.
രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന, ഇപ്പോൾ ബിജെപി കേന്ദ്രമന്ത്രിയായ സിന്ധ്യ തുടർന്ന് രൂക്ഷമായ ഭാഷയിൽ രാഹുലിനെ വിമർശിച്ചു. രാഹുൽ ഗാന്ധി രാജ്യത്തെ പ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്നും മുൻപ് പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിന് മാപ്പ് പറയാത്ത ആളാണ് സവർക്കറെ പറ്റി പറയുന്നതെന്നും സിന്ധ്യ പറഞ്ഞു. രാജ്യത്തെ നിയമമാണ് വലുതെന്നും രാഹുൽ ഗാന്ധി ഒരിക്കലും അതിന് മുകളിലല്ലെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
അദാനിയുടെ പേരിന്റെ ഓരോ അക്ഷരത്തിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കളുടെ പേരുകൾ കൂട്ടിച്ചേർത്ത് രാഹുൽ ഇട്ട ട്വീറ്റായിരുന്നു വ്യാപക വിമർശനത്തിനിട വരുത്തിയത്. ഗുലാം നബി ആസാദ്, ഹിമന്ത ബിശ്വ ശർമ്മ, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്‌ഡി, അനിൽ ആന്റണി എന്നിവരുടെ പേരുകളായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്. ട്വീറ്റിന്റെ പേരിൽ രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here