തമിഴ്‌നാട്ടിൽ അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. വീട്ടുമുറ്റത്ത് സ്വന്തമായി ശരീരത്ത് ചാട്ടവാറുകൊണ്ട് അടിച്ചായിരുന്നു പ്രതിഷേധം.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഡിഎംകെ സർക്കാർ താഴെപ്പോകാൻ വ്രതമെടുക്കുമെന്നും ചെരുപ്പ് ധരിക്കില്ലെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അണ്ണാമലൈ പറഞ്ഞു.
അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്‌ഐആര്‍ പുറത്തുവിട്ടതിനെയും അണ്ണാമലൈ കുറ്റപ്പെടുത്തി.
അതേസമയം അണ്ണാ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച രാവിലെ ക്യാമ്പസിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായിരുന്നു. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായിരിക്കുന്നത്.വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37കാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചെന്നൈ പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here