കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കാത്തിരിക്കണമെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയത്. സിദ്ധരാമയ്യയുമായി സ്വവസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് മൂന്ന് ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം ഹൈക്കമാന്‍ഡിനേയും അലോസരപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിനായി ശക്തമായി വാദിക്കുന്ന ഡി.കെ ശിവകുമാറിനെയും അനുകൂലികളേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ തന്നെ രംഗത്തിറങ്ങിയിട്ടും നടപടിയുണ്ടായില്ല. ചര്‍ച്ച ഡി.കെയ്ക്ക് അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
ഇതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള സൂചനകളും പുറത്തുവന്നു, കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതല്‍ സിദ്ധരാമയ്യക്കാണ്. വിഷയത്തില്‍ ഡി.കെ ശിവകുമാര്‍ ഇടഞ്ഞാല്‍ പ്രശ്‌നപരിഹാരത്തിന് സോണിയ ഗാന്ധി നേരിട്ടിറങ്ങേണ്ടിവരും. ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ച് മുന്നോട്ടുപോകുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യംവെയ്ക്കുന്നത്. ഖാര്‍ഗെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here