തെലങ്കാനയിലെ മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ, മറുപടിയുമായി ഒവൈസി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയാണെങ്കില്‍ തെലങ്കാനയിലെ മുസ്ലിം സംവരണം ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. അധികാരത്തില്‍ എത്തിയാല്‍ തെലങ്കാനയില്‍ നിലവിലുള്ള 4 ശതമാനം മുസ്ലിം സംവരണം എടുത്ത് കളയുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒബിസി വിഭാഗങ്ങള്‍ക്കാണ് സംവരണത്തിന് അര്‍ഹതയെന്നും അമിത് ഷാ വ്യക്തിമാക്കി. ഹൈദരാബാദിന് സമീപം ചെവല്ലയില്‍ ബിജെപി റാലിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി സര്‍ക്കാരിനെതിരെയും അമിത് ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിയുടെ അജണ്ട നടപ്പിലാക്കാനാണ് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ഭരിക്കുന്നതെന്ന ആരോപണവും അമിത് ഷാ ഉന്നയിച്ചു. തെലങ്കാനയില്‍ മസ്‌ലിജിനൊപ്പമുള്ള ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാവില്ല. ഞങ്ങള്‍ മസ്‌ലിജിനെ ഭയപ്പെടുന്നില്ല. തെലങ്കാനയിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്, അല്ലാതെ ഒവൈസിക്ക് വേണ്ടിയല്ലെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാനയിലെ ബിആര്‍എസ് സര്‍ക്കാരിനെതിരെ വിവിധ പദ്ധതികളില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അഴിമതി ഭരണത്തിന് അന്ത്യം കുറിക്കും വരെ ബിജെപിയുടെ പോരാട്ടം തുടരുമെന്നും അമിത് ഷാ റാലിയില്‍ പ്രഖ്യാപിച്ചു.

മുസ്ലിം സംവരണത്തെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിയും രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം വിദ്വേഷ പ്രസംഗമല്ലാതെ ബിജെപിക്ക് തെലങ്കാനയെ സംബന്ധിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. വ്യാജ ഏറ്റുമുട്ടലുകളും ഹൈദരാബാദിന് മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കും, കര്‍ഫ്യൂവും, ബുള്‍ഡോസറുകളെയും ക്രിമിനലുകളെയും തുറന്നു വിടുന്നതുമാണ് ബിജെപിയുടെ വാഗ്ദാനം. എന്തുകൊണ്ടാണ് അവര്‍ തെലുങ്കാനയിലെ ജനങ്ങളെ ഇത്രയേറെ വെറുക്കുന്നതെന്നും ഒവൈസി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News