ഇറങ്ങിപ്പോകാനല്ല പ്രതിപക്ഷത്തെ നമ്മൾ തീറ്റിപ്പോറ്റുന്നത്, എന്ത് ന്യായത്തിന്റെ പുറത്താണ് പ്രതിപക്ഷം സ്‌ഥലം വിട്ടതെന്ന് കെ ജെ ജേക്കബ്

നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ ആ അവസരം ഉപയോഗിക്കാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.

ഇങ്ങിനെ ഇറങ്ങിപ്പോകാനല്ല പ്രതിപക്ഷത്തെ നമ്മൾ തീറ്റിപ്പോറ്റുന്നതെന്നും നമുക്കുവേണ്ടി ചോദ്യങ്ങൾ ചോദിക്കാനും കൂടിയാണെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

അതിനുള്ള അവസരം ചോദിക്കുകയും സർക്കാർ സമ്മതിക്കുകയും ചെയ്തപ്പോൾ എന്ത് ന്യായത്തിന്റെ പുറത്താണ് പ്രതിപക്ഷം സ്‌ഥലം വിട്ടതെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണപൂരം:

കുട്ടി: മാഷേ, അടിയന്തിരമായി ഒരു ചോദ്യം ചോയ്ക്കണം.
മാഷ്: കുട്ടി അടിയന്തിരമായിത്തന്നെ ഒരു ചോദ്യം ചോയ്ക്കൂ.
കുട്ടി: അങ്ങിനെയിപ്പോ ഞാൻ ചോയ്ക്കണില്ല. ഞാമ്പോണൂ.
കുട്ടീടെ കൂട്ടുകാർ: അങ്ങനാണേ ഞങ്ങളും പോണ്.
***
ഇങ്ങിനെ ഇറങ്ങിപ്പോകാനല്ല പ്രതിപക്ഷത്തെ നമ്മൾ തീറ്റിപ്പോറ്റുന്നത്.
നമുക്കുവേണ്ടി ചോദ്യങ്ങൾ ചോദിക്കാനും കൂടിയാണ്.
മലപ്പുറം ജില്ലയിലുള്ള ‘കോഴിക്കോട് വിമാനത്താവളം’ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണ- ഹവാല കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയെ മാത്രം ഫോക്കസിൽനിർത്തി ചില കണക്കുകളൊക്കെ വച്ച് ഒരു ഖണ്ഡകാവ്യം ഈയിടെ രചിക്കപ്പെടുകയുണ്ടായി
ആ രചനയെ അധികരിച്ച് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നു.
അതിലെ ചില കണക്കുകൾ കുറച്ചുകൂടി കൃത്യമായി മുഖ്യമന്ത്രിയും പറഞ്ഞു; പക്ഷെ അദ്ദേഹം പറഞ്ഞപ്പോൾ അതിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന കലാപരിപാടികളെപ്പറ്റി കൃത്യമായി പറഞ്ഞു. മലപ്പുറമായിരുന്നില്ല അദ്ദേഹത്തിൻറെ ഫോക്കസ്.
എന്നാൽ ഖണ്ഡകാവ്യത്തിലെ മുഖ്യമന്ത്രി പറയാത്ത ചില കാര്യങ്ങൾ മുഖ്യമന്ത്രിയുടേതെന്ന പേരിൽ ദേശീയ ദിനപത്രത്തിൽ പ്രത്യക്ഷപ്പെട്ടു .
അതെങ്ങിനെ എന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി കൃത്യമായി ഒരുത്തരം പറഞ്ഞില്ല. അദ്ദേഹത്തിൻറെ പാർട്ടിയായ സി പി എമ്മിനോ, എൽ ഡി എഫിനോ അതിൽ പ്രത്യേകിച്ച് ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടില്ല.
മൗനം കൊണ്ട് തീരുന്നതല്ല വിഷയങ്ങൾ എന്ന കാര്യം നരസിംഹറാവുവിന്റെ മൗന കാലത്തേ നമ്മൾ
മനസിലാക്കിയതാണ്.
ഇത്തരം ഗൗരവപ്പെട്ട കാര്യങ്ങൾ ചിരികൊണ്ടു തീരുമോ എന്നത് ഇനിയും മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂ.
***
ക്രിമിനൽ ബുദ്ധിയോടെ തയ്യാറാക്കപ്പെട്ട ഒരു പ്രസ്താവന ഒരു സംസ്‌ഥാന മുഖ്യമന്ത്രിയുടെ പേരിൽ അദ്ദേഹമറിയാതെ പ്രത്യപ്പെട്ടതെങ്ങിനെ എന്ന കാര്യം മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ കക്ഷിയെയും അലട്ടുന്നില്ലെങ്കിൽ പ്രതിപക്ഷത്തെയെങ്കിലും അലട്ടണം.
അതിനുത്തരം പറയിക്കണം.
അടിയന്തിര പ്രമേയ ചർച്ച വന്നാൽ എല്ലാ പാർട്ടികൾക്കും സംസാരിക്കാം; സർക്കാർ മറുപടി പറയുകയും വേണം.
അതിനുള്ള അവസരം ചോദിക്കുകയും സർക്കാർ സമ്മതിക്കുകയും ചെയ്തപ്പോൾ എന്ത് ന്യായത്തിന്റെ പുറത്താണ് പ്രതിപക്ഷം സ്‌ഥലം വിട്ടത്?
പിന്നെ ആരാണ്, എവിടെയാണ് ഈ ചോദ്യങ്ങൾ ചോദിക്കുക?
ആരാണ് ആ ചോദ്യത്തിന് ഉത്തരം തരിക? ആരാണ് സർക്കാരിനെക്കൊണ്ട് പറയിപ്പിക്കുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News