ടെലികോം രംഗത്തെ കുത്തകകൾക്കും അവരുടെ കടുത്ത ചൂഷണങ്ങൾക്കുമെതിരെ കേരളമുയർത്തുന്ന ജനകീയ ബദലാണ് കെ ഫോൺ എന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം ദേശീയ നേതാവുമായ കെ കെ രാഗേഷ്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കാതെ, പൊതുമേഖലയിൽ ഊന്നിക്കൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി മുൻ മാതൃകകളില്ലാത്ത ജനകീയ സംരംഭമാണെന്നും സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകുമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ടെലികോം രംഗത്തെ കുത്തകകൾക്കും അവരുടെ കടുത്ത ചൂഷണങ്ങൾക്കുമെതിരെ കേരളമുയർത്തുന്ന ജനകീയ ബദലാണ് കെ ഫോൺ. ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തിട്ടുള്ളത്. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന് അവസരമൊരുക്കാതെ,
പൊതുമേഖലയിൽ ഊന്നിക്കൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി മുൻ മാതൃകകളില്ലാത്ത ജനകീയ സംരംഭമാണ്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ “oil”എന്തായിരുന്നോ അതാണ് ഈ നൂറ്റാണ്ടിനെ സംബന്ധിച്ച് “data” എന്നത്. വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് സമൂഹത്തിലെ “ഡിജിറ്റൽ ഡിവൈഡി”നെ കൂടി പ്രശ്നവൽക്കരിച്ചേ ഇടതുപക്ഷ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. ഇവിടെയാണ് കെ ഫോൺ പദ്ധതിയുടെ പ്രസക്തി. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും.
തീർത്തും വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റേത്.
പൊതുമേഖലാ സ്‌ഥാപനമായ ബിഎസ്എൻഎല്ലിനെ തകർക്കാൻ ഗവേഷണം ചെയ്യുകയാണ് ഭരണ നേതൃത്വത്തിലുള്ളവർ ചെയ്യുന്നത്.
ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) റിലയൻസ് ജിയോയ്ക്കുവേണ്ടി കളത്തിലിറങ്ങുന്ന സ്‌ഥിതിയാണ്. ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നൽകുന്ന അവസ്ഥ വരെയുണ്ടായി. 4ജി സ്പെക്ട്രം അനുവദിക്കാതെ ബിഎസ്എൻഎല്ലിനെ അവഗണിച്ചു.
രാജ്യത്ത് 4ജി സേവനം ആരംഭിച്ചത് 2014 ൽ ആണെങ്കിലും 2019 ഒക്ടോബറിൽ മാത്രമാണ് ബിഎസ്എൻഎല്ലിന് 4ജി സ്പെക്ട്രം അനുവദിക്കാൻ അനുമതി കിട്ടിയത്.
എന്നാൽ ബിഎസ്എൻഎല്ലിന് 4ജി നൽകാതിരിക്കാനുള്ള അടവുകൾ കേന്ദ്ര സർക്കാർ പിന്നീടും തുടരുകയാണ് ചെയ്തത്.
കൂടാതെ,”നാഷണൽ മോണിറ്റയ്സേഷൻ പൈപ്പ്ലൈൻ” പദ്ധതിയുടെ ഭാഗമായി
ബിഎസ്എൻഎല്ലിന്റെ 14,917 മൊബൈൽ ടവറുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 2021-22 ലെ കേന്ദ്ര ബജറ്റിൽ ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക് ഫൈബറുകളും മൊബൈൽ ടവറുകളും വിൽക്കുന്നതുവഴി 40,000 കോടി രൂപ സമാഹരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇങ്ങനെ റിലയൻസ് ജിയോയ്ക്കും മറ്റ് ടെലികോം കുത്തകകൾക്കും വേണ്ടി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്എല്ലിനെ തകർക്കാൻ ശ്രമിക്കുന്ന കഥയാണ് കേന്ദ്രത്തിന്റേതെങ്കിൽ കെ ഫോണിന്റെ “കേരള സ്റ്റോറി” തീർത്തും വ്യത്യസ്തമാണ്.
സംസ്‌ഥാനത്തെ വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോൺ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. പദ്ധതിയിലൂടെ
നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ എണ്ണൂറോളം കണക്ഷനും നൽകി.
“എല്ലാവർക്കും ഇൻ്റർനെറ്റ്” എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here