കേരളം നികുതിയിനത്തില്‍ കേന്ദ്രത്തിനു നല്‍കുന്ന ഒരു രൂപയ്ക്ക് തിരിച്ച് കേന്ദ്രത്തില്‍ നിന്നും നമുക്ക് കിട്ടുന്നത് 25 പൈസയില്‍ താഴെയെന്ന് മുന്‍ രാജ്യസഭാംഗവും സിപിഐഎം സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ കെ കെ രാഗേഷ്. ഒരു രൂപ പിരിച്ചു നല്‍കുന്ന ഉത്തര്‍പ്രദേശിന് തിരിച്ചു കിട്ടുന്നത് ഒരു രൂപ എണ്‍പത് പൈസയാണെന്നും കെ കെ രാഗേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
കേരളം നികുതിയിനത്തില്‍ കേന്ദ്രത്തിനു നല്‍കുന്ന ഒരു രൂപയ്ക്ക് തിരിച്ച് കേന്ദ്രത്തില്‍ നിന്നും നമുക്ക് കിട്ടുന്നത് 25 പൈസയില്‍ താഴെയാണ്. എന്നാല്‍ ഒരു രൂപ പിരിച്ചു നല്‍കുന്ന ഉത്തര്‍പ്രദേശിന് തിരിച്ചു കിട്ടുന്നതാവട്ടെ ഒരു രൂപ എണ്‍പത് പൈസയാണ്.
പത്താം ധനകാര്യ കമ്മീഷന്‍ തീര്‍പ്പുപ്രകാരം ഡിവിസിബിള്‍ പൂളിന്റെ 3.8% ആയിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്‍ ഇത് 2.5% ആയി കുറച്ചു. എന്നാല്‍ നിലവില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ തീര്‍പ്പുപ്രകാരം ഡിവിസിബിള്‍ പൂളിന്റെ 1.9% മാത്രമേ കേരളത്തിന് ലഭിക്കുന്നുള്ളൂ. അതായത് 18000 കോടി രൂപയുടെ കുറവാണ് ഇക്കാരണം കൊണ്ട് മാത്രം കേരളത്തിനുണ്ടാവുന്നത്. നാലുവര്‍ഷം മുന്‍പുവരെ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 55 ശതമാനം മാത്രമാണ് കേരളം കണ്ടത്തേണ്ടിയിരുന്നത്. ബാക്കി 45 ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിലയായിരുന്നു. ഇപ്പോള്‍ കേന്ദ്ര വിഹിതം 30 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ആകെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും സംസ്ഥാനം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അപ്പോഴും റവന്യൂ വരുമാനത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിക്കുന്ന ചില സംസ്ഥാനങ്ങളുണ്ട്. കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്ന സാമ്പത്തിക അവഗണനയുടെ ചെറിയ ചിത്രമാണ് മേല്‍ പറഞ്ഞിരിക്കുന്നത്.
Also Read: നിപ പ്രതിരോധം: ഇ സഞ്ജീവനി സ്പെഷ്യല്‍ ഒപി ആരംഭിച്ചു, ഇ സഞ്ജീവനിയില്‍ കൂടുതല്‍ സേവനങ്ങള്‍
കേന്ദ്ര വിഹിതത്തിലെ വിവേചനപരമായ സമീപനങ്ങള്‍ക്ക് പുറമേ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര തുക കൂടി അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതിലൂടെ 12,000 കോടിയോളം രൂപയാണ് ഒരു സാമ്പത്തിക വര്‍ഷം കേരളത്തിന് നഷ്ടമാവുക. കൂടാതെ, റവന്യൂക്കമ്മി ഗ്രാന്റ് വെട്ടിക്കുറയ്ക്കാനെടുത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വഴി 8400 കോടി രൂപയോളം നഷ്ടവും മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് കേരളത്തിനുണ്ടാവും. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഇവിടെ തീരുന്നില്ല. സംസ്ഥാനങ്ങളുടെ അനുവദനീയമായ കടമെടുപ്പുപരിധി ജിഡിപി യുടെ 3.5 ശതമാനമായി കേന്ദ്രം കുറച്ചതും കേരളം പോലുള്ള സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ തുറന്ന വെല്ലുവിളിയായേ കാണാന്‍ കഴിയൂ. അതോടൊപ്പം കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര സമീപനവും
കേരളത്തിനോടുള്ള ഉപരോധസമാനമായ വിവേചനമാണ്.
Also Read: കുറഞ്ഞ നിരക്കിൽ നിന്ന് എഴാം ദിനം സ്വർണ വില ഉയർന്നു
കിഫ്ബി, പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ വായ്പയിനത്തില്‍ 7000 കോടി രൂപയും പബ്ലിക് അക്കൌണ്ടില്‍ ഉള്ള പണം പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയത് മൂലം 12000 കോടി രൂപയുമാണ് കേരളത്തിന്റെ അനുവദനീയമായ കടമെടുപ്പ് തുകയില്‍ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്. ഇങ്ങനെ ആകെ 57400 കോടി രൂപയാണ് കേന്ദ്രനയം കാരണം കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം നഷ്ടമായിരിക്കുന്നത്. ജനോപകാരപ്രദമായ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാമായിരുന്ന പണമാണ് കേന്ദ്ര സമീപനം മൂലം കേരളത്തിന് ലഭിക്കാതിരിക്കുന്നത്. ഇതിനും പുറമെ 5000 കോടിയോളം രൂപ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും മറ്റു ഫണ്ടുകളിലുമായും കേരളത്തിന് കേന്ദ്രം കുടിശ്ശിക നല്‍കാനുമുണ്ട്.
കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷം ആര്‍ക്കൊപ്പമാണ്? കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. നിസ്സാര കാര്യങ്ങള്‍ പര്‍വ്വതീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ഇവര്‍ക്ക് താല്പര്യം. കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ കേരളത്തിലെ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവാത്തത് അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടാണ്. കേന്ദ്രത്തെ ചെറുതായൊന്നുപോലും വിമര്‍ശിക്കാതിരിക്കുന്ന ഇവര്‍ ഫലത്തില്‍ കേരളത്തിനെതിരെ തന്നെയാണ് നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസം കേരള നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ അതാണ് കണ്ടത്.
കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 32442 കോടി രൂപയുടെ വായ്പ ലഭിക്കേണ്ടിയിരുന്നതില്‍ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ തെറ്റായതും വിവേചനപരവുമായ നയസമീപനങ്ങളുടെ ഫലമായാണ് ഇങ്ങനെ വലിയ രീതിയില്‍ വെട്ടിക്കുറയ്ക്കല്‍ നടന്നത്.
ഇതിനുപുറമെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റ് ഇനത്തില്‍ 10000 കോടിയുടെ കുറവ് കേരളത്തിനുണ്ടാവുകയും ചെയ്തു. കേന്ദ്രത്തിന്റെ ഈ പകപോക്കല്‍ സമീപനം കേരളത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോലുള്ള ജനപക്ഷ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണെന്ന് അറിയാത്തവരല്ല കേരളത്തിലെ പ്രതിപക്ഷം. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് എല്ലാവിധ സഹായവും ചെയ്യുകയാണ് പ്രതിപക്ഷം. എന്നാല്‍, ഈ പ്രതികൂല സാഹചര്യത്തിലും കേരളത്തിന്റെ നികുതിവരുമാനം കുതിച്ചുയരുന്ന കാഴ്ചയാണ് വസ്തുതകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കേരളത്തിന്റെ തനത് നികുതി വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് 51% ആണ്. 2020-2021 ല്‍ 47666 കോടി രൂപയുടെ തനത് നികുതി വരുമാനം ഉണ്ടായിരുന്നത് 2022-2023 ആയപ്പോള്‍ 71600 കോടി രൂപയായി വര്‍ധിച്ചു. 24000 കോടി രൂപയുടെ വര്‍ധനവ് ആണ് ഈ ഇനത്തില്‍ സംസ്ഥാനത്തിന് ഉണ്ടായത്.
Also Read: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക് പോസ്റ്റ്; യുവാവിനെതിരെ പൊലീസ് കേസെടുത്തു
എല്ലാ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ തനതു നികുതി വരുമാനം വര്‍ധിക്കുകയാണ് എന്ന വസ്തുത പ്രതിപക്ഷത്തിന് സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. അതേപോലെ കേരളത്തിന്റെ പൊതുകടം 2021ല്‍ സംസ്ഥാന ജിഡിപിയുടെ 3.7% ആയിരുന്നത് രണ്ടുവര്‍ഷം കൊണ്ട് 2023 ല്‍ 3.4% ആയി കുറയ്ക്കാനും കഴിഞ്ഞു. കേന്ദ്രം എത്ര തന്നെ ദ്രോഹിച്ചാലും തോറ്റുതരില്ലെന്ന് ഉറക്കെ പറയുകയാണ് കേരളം. കേന്ദ്ര നികുതി വിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയും പൊതുകടം കുറച്ചും കേരളം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കേരളത്തെ ലോകത്തിന് മാതൃകയാക്കിയ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും കരുത്തോടെ തുടരുമെന്ന ഉറച്ച പ്രഖ്യാപനമാണ് സാമ്പത്തിക വികസന സൂചികകളിലെ ഈ മുന്നേറ്റം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here