സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുകകൾ മുഴുവൻ നൽകുന്നത് കേന്ദ്രമെന്ന പ്രചാരണം നുണ; കെ കെ രാഗേഷ്

സംസ്‌ഥാന സർക്കാർ നൽകുന്ന പെൻഷൻ തുകകൾ മുഴുവൻ നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന പ്രചാരണം നുണയാണെന്ന് മുന്‍ രാജ്യസഭാംഗവും സി പി ഐ എം സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ കെ കെ രാഗേഷ്. കേരളത്തിൽ വാർദ്ധക്യ പെൻഷനർഹരായ 28.77 ലക്ഷം പേർക്കായി ഒരു മാസം ആകെ ചെലവഴിക്കുന്ന തുക 420.14 കോടി രൂപയാണ്. ഇതിൽ 2.3% മാത്രമാണ് കേന്ദ്ര വിഹിതമെന്നും രാഗേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട് സാമൂഹ്യ സുരക്ഷാ പെൻഷനിലൂടെ കേരളം പാവങ്ങൾക്കു നൽകുന്ന സുരക്ഷിതത്വം തകർക്കുക ആണ് ഇവരുടെ ലക്ഷ്യമെന്നു നാം തിരിച്ചറിയണമെന്നും രാഗേഷ് കുറിച്ചു.

ALSO READ:ദുവയുമായി ജോലിക്കെത്തി മേയർ ആര്യ രാജേന്ദ്രൻ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

കെ കെ രാഗേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ സംസ്‌ഥാന സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ കേന്ദ്രസർക്കാർ വകയാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് സംഘി നുണ ഫാക്ടറികൾ. കേന്ദ്ര സർക്കാരാണ് വാർദ്ധക്യ, ഭിന്നശേഷി, വിധവാ, അവിവാഹിത, കർഷക പെൻഷൻ തുകകൾക്കുള്ള മുഴുവൻ ചെലവും നൽകുന്നതെന്ന പച്ചക്കള്ളം അവർ ഏറെക്കാലമായി തുടരുന്ന ഒന്നാണ്. എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നാണ്.
കേരളത്തിൽ വാർദ്ധക്യ പെൻഷനർഹരായ 28.77 ലക്ഷം പേർക്കായി ഒരു മാസം ആകെ ചെലവഴിക്കുന്ന തുക 420.14 കോടി രൂപയാണ്. ഇതിൽ 9.56 കോടി (2.3%) മാത്രമാണ് കേന്ദ്ര വിഹിതം. മുഴുവൻ പേർക്കും 1600 രൂപ വീതം മാസം ലഭിക്കുന്ന വാർദ്ധക്യ പെൻഷനിൽ ആകെയുള്ള 28.77 ലക്ഷം ഗുണഭോക്താക്കളിൽ 3.7 ലക്ഷം (375820) പേർക്ക് മാത്രമാണ് കേന്ദ്രസഹായം. അതും വെറും 200 രൂപയാണ് ഇത്രയും ആളുകൾക്ക് കേന്ദ്രം നൽകുന്നത്.
13.66 ലക്ഷം ഗുണഭോക്താക്കളുള്ള വിധവാ പെൻഷനായി ആകെ 207.36 കോടി ചെലവഴിക്കുന്നതിൽ വെറും 6.15 കോടി മാത്രമാണ് കേന്ദ്ര വിഹിതം. അതായത് തുച്ഛമായ 3% തുക. എല്ലാവർക്കും മാസം 1600 രൂപ ലഭിക്കുന്ന വിധവാ പെൻഷനിൽ വെറും 300 രൂപ വീതം 2 ലക്ഷം (205299) പേർക്ക് മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം.
4.09 ലക്ഷം പേർക്ക് നൽകുന്ന ഭിന്നശേഷി പെൻഷനായി ആകെ വേണ്ടി വരുന്ന തുക 64.53 കോടി രൂപയാണ്. ഇതിൽ 22.10 ലക്ഷം മാത്രമാണ് കേന്ദ്രസഹായം. അതായത് വെറും 0.3% മാത്രം. 1600 രൂപ വീതം എല്ലാവർക്കും ലഭിക്കുന്നതിൽ കേവലം 7368 പേർക്ക് മാത്രം 500 രൂപയാണ് കേന്ദ്രം നൽകുന്നത്.
അതായത് ഈ മൂന്ന് വിഭാഗങ്ങളിലുമായി ആകെയുള്ള 46.52 ലക്ഷം ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്ക് മാത്രമാണ് നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. ബാക്കിയുള്ള മുഴുവൻ ബാധ്യതയും സംസ്‌ഥാന സർക്കാരാണ് വഹിക്കുന്നത്. നാമമാത്രമായ രീതിയിൽ ലഭിക്കുന്ന ഈ കേന്ദ്രവിഹിതം തന്നെ പല തവണത്തേതായി 580 കോടി രൂപ കുടിശ്ശികയുമാണ്.
3.51 ലക്ഷം പേർക്ക് നൽകുന്ന കർഷക പെൻഷനായി 55.17 കോടി രൂപ ചെലവുവരുന്നതിൽ മുഴുവൻ തുകയും വഹിക്കുന്നത് സംസ്‌ഥാന സർക്കാർ തന്നെയാണ്. കേന്ദ്രവിഹിതം പൂജ്യമാണ്.
85434 അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷന് 13.34 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിലും കേന്ദ്രവിഹിതം പൂജ്യമാണ്.
ഇത്തരത്തിൽ കേരളത്തിൽ മൊത്തം 50ലക്ഷം (5090390) ഗുണഭോക്താകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ ആകെ ചെലവാകുന്ന തുക 760.56 കോടിയാണ്. ഇതിൽ 744.62 കോടി രൂപയും നൽകുന്നത് കേരളത്തിലെ സർക്കാരാണ്. കേവലം 15.94 കോടി (2%) മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. അതായത് കേരളത്തിൽ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുകയുടെ 98% ബാധ്യതയും സംസ്‌ഥാന സർക്കാരിനാണ്.
ഇതിനും പുറമെ, സർക്കാർ ധനസഹായം ഉപയോഗിച്ച് വിവിധ ക്ഷേമനിധി ബോർഡുകൾ മുഖേന പെൻഷൻ നൽകുന്നതിന് 2023 മേയ് മാസത്തിൽ 6.7 ലക്ഷം (674245) ഗുണഭോക്താകൾക്കായി 105.79 കോടി രൂപയും ജൂൺ മാസത്തിൽ 6.7 ലക്ഷം (676340) ഗുണഭോക്താക്കൾക്കായി 106.11 കോടി രൂപയുമാണ് സംസ്‌ഥാന സർക്കാർ ചെലവഴിച്ചത്.
ഇന്ത്യയിൽ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നത് കേരളത്തിലാണ്. അതിന്റെ 98% വിഹിതവും കണ്ടെത്തുന്നത് സംസ്‌ഥാന സർക്കാർ തന്നെയുമാണ്. കേന്ദ്രത്തിന് ഇതിൽ മേനി നടിക്കാൻ ഒന്നും തന്നെയില്ല. നാമമാത്രമായ കേന്ദ്ര വിഹിതം, പെൻഷൻ നൽകാൻ വേണ്ട തുകയുടെ വെറും 2% മാത്രമാണ്. എല്ലാം കേന്ദ്രം നൽകുന്നതാണെന്നും പറഞ്ഞുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞു ചമയുന്നവരോട് ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ കേരളത്തിലെ പോലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാത്തതെന്തേ എന്നു മാത്രമേ ചോദിക്കാനുള്ളൂ.
സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനിലൂടെ കേരളം പാവങ്ങൾക്കു നൽകുന്ന സുരക്ഷിതത്വം തകർക്കുക കൂടി ലക്ഷ്യമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News