‘രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ… അത് സംഘ് പരിവാറാണ്, അവർ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിക്കുന്നു: കെ കെ ഷാഹിന

സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റ്. രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ… അത് സംഘ് പരിവാറാണെന്ന് ഷാഹിന പറഞ്ഞു. വടകരയിൽ കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്ക് വോട്ടമർമാർ മറുപടി നൽകിയിട്ടുണ്ടെന്നും, വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിച്ച്, മനുഷ്യരെ ചലിക്കുന്ന മതങ്ങളായി മാത്രം കണ്ട്, നിരന്തരമായ അപരത്വം സൃഷ്ടിച്ച് അധികാരം പിടിക്കുന്നവരാണ് സംഘ്പരിവാറുകാരെന്നും ഷാഹിന കുറിച്ചു.

കെ കെ ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘എനിക്ക് ചപ്പാത്തി നഹി നഹി ചോർ ചോർ’, കേരളത്തിൽ ചപ്പാത്തി വന്നിട്ട് നൂറു കൊല്ലം തികയുന്നു; അത് വല്ലാത്തൊരു കഥയാണ്

20 സീറ്റിലും യുഡിഎഫ് ജയിച്ചാലും 20 സീറ്റിലും എൽഡിഎഫ് ജയിച്ചാലും ഒരൊറ്റ സീറ്റിൽ പോലും ബിജെപി ജയിക്കരുത് എന്നത് മാത്രമാണ് ആത്യന്തികമായി ഈ തെരഞ്ഞെടുപ്പിൽ ഞാൻ ആഗ്രഹിക്കുന്നത്.
അത് കൊണ്ട് തന്നെ വടകരയെ കുറിച്ച് ഒരു വാക്ക് പറയാതിരിക്കാൻ നിർവാഹമില്ല. ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ഏറ്റവും സമാധാനപരമായി തെരഞ്ഞടുപ്പ് നടക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അവസാനലാപ്പിൽ വടകരയിൽ യുഡിഎഫ് നടത്തിയ വർഗീയ പ്രചാരണം. അതിൽ ഷാഫിക്ക് പങ്കുണ്ടോ ,ഉത്തരവാദിത്തപ്പെട്ട മറ്റ് നേതാക്കൾക്ക് പങ്കുണ്ടോ എന്നതൊക്കെ അപ്രസക്തമാണ്. ഈ വർഗീയ പ്രചാരണം ഷാഫിയുടെ അറിവോടെയാണ് എന്ന് വിശ്വസിക്കാൻ എനിക്ക് തൽകാലം കാരണങ്ങളില്ല. അയാൾ ഒരു വർഗീയ വാദിയല്ല. കോൺഗ്രസിലെ ഏറ്റവും പ്രോമിസിങ് ആയ നേതാവാണ് ഷാഫി.

ഷാഫിയെ വർഗീയവാദിയായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളിൽ നിന്ന് ഇടത് പക്ഷക്കാർ വിട്ട് നിൽക്കണം.
തെരഞ്ഞെടുപ്പുകൾ വരും പോകും. പക്ഷേ മനുഷ്യരുടെ മതേതരമായ സഹജീവിതം നിലനിൽക്കുക എന്നതാണ് പ്രധാനം. മതത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന ഒരു പാരമ്പര്യം വടകരക്ക് ഇല്ല. മുസ്ലിം ഭൂരിപക്ഷം ഉള്ള മണ്ഡലങ്ങളിലെ പ്രതിനിധികൾ മുസ്ലിങ്ങൾ മാത്രമല്ല. ഇത് വരെ ഇല്ലാത്ത വർഗീയ ധ്രുവീകരണം അവിടെ ഉണ്ടാവാൻ യുഡിഎഫിൻ്റെ പ്രത്യേകിച്ച് ലീഗിൻ്റെ പ്രവർത്തനം ഇട വരുത്തി എന്നത് ഖേദകരമാണ്.

വടകരയിൽ തുടക്കം മുതലേ കണ്ട് വന്നത് ഇടതുപക്ഷ സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്ന ശൈലിയാണ്. ഷൈലജ ടീച്ചർക്ക് എതിരെ ആദ്യം മുതൽ യുഡിഎഫ് അതാണ് ചെയ്തത്. ലോകം മുഴുവൻ ആദരിക്കുന്ന സീനിയറായ ഒരു വനിതാ രാഷ്ട്രീയ നേതാവിനെതിരെ , below the belt എന്ന് വിശേഷിപ്പിക്കാവുന്ന തരം ആരോപണങ്ങളാണ് യുഡിഎഫ് നിരന്തരം ഉയർത്തിയത്. കോവിഡ് കള്ളി എന്ന അങ്ങേയറ്റം തരം താണ പ്രയോഗമാണ് അവർക്കെതിരെ ഉന്നയിച്ചത്. വായുവിൽ നിന്ന് സൃഷ്ടിച്ച ഒരു അഴിമതി കഥ എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ലാത്ത ഒരു വിഷയം. അടുത്ത ഘട്ടത്തിൽ അതിനുമപ്പുറത്തേക്ക് കടന്ന് അങ്ങേയറ്റം ഹീനമായ വ്യക്തിഅധിക്ഷേപവും സൈബർ ആക്രമണവും ടീച്ചർക്ക് നേരെ ഉണ്ടായി. അറുപത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ മത്സരിക്കുന്ന ഒരു മണ്ഡലത്തിൽ ‘ ഗ്രാനി സെക്സ് ‘ എന്ന വാക്ക് ഉപയോഗിച്ച അവരെ ആക്ഷേപിച്ചവർ കേരളത്തിൻ്റെ പൊതുസമൂഹത്തെ തന്നെയാണ് വെല്ല് വിളിച്ചത്. അധികാര സ്ഥാനത്ത് എത്തുന്ന സ്ത്രീകളെ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല എന്ന വെല്ലു വിളി. അതിന് വടകരയിലെ സ്ത്രീ വോട്ടർമാർ മറുപടി നൽകിയിട്ടുണ്ടാകും എന്നാണ് എൻ്റെ തോന്നൽ.

ALSO READ: തരൂരിന്റെ വോട്ട് ചോര്‍ന്നോ? തിരുവനന്തപുരത്ത് 274 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഇന്നേജന്റുമാരില്ല; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്
ടീച്ചർക്ക് എതിരെ ഉണ്ടായ ഇത്തരത്തിലുള്ള ആക്രമണത്തെ തള്ളിപ്പറയാൻ ഷാഫി തയ്യാറായില്ല എന്നതിലാണ് എനിക്ക് അദ്ദേഹത്തോടുള്ള കഠിനമായ വിയോജിപ്പ്. വോട്ട് മുഴുവൻ പെട്ടിയിൽ ആയി കഴിഞ്ഞതിന് ശേഷം മാത്രം, ‘ എന്നെ വർഗീയ വാദി എന്ന് വിളിച്ചു’ എന്ന പരാതിയുമായി ഷാഫി രംഗത്ത് വരുന്നതിൽ ഒരു മെറിറ്റുമില്ല എന്ന് പറയേണ്ടി വരും. ടീച്ചർക്ക് എതിരെ നടന്ന ഹീനമായ ആക്രമണങ്ങളെ ആ ഘട്ടത്തിൽ തന്നെ തള്ളിപ്പറഞ്ഞിരുന്നു എങ്കിൽ ഷാഫി ക്ക് പത്ത് വോട്ട് കൂടുതൽ കിട്ടുമായിരുന്നു എന്ന് ഉറപ്പാണ്. ധാർമിക രാഷ്ട്രീയത്തിന് അത് ഒരു മികച്ച മാതൃകയാവുകയും ചെയ്യുമായിരുന്നു.
എന്നിരുന്നാലും ഷാഫിയെ വർഗീയ വാദി എന്ന് വിളിക്കുന്നതിനോട് ഒരു യോജിപ്പുമില്ല. അദ്ദേഹം അതല്ല തന്നെ.

രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ. അത് സംഘ് പരിവാറാണ്. പണം വാരി എറിഞ്ഞ് മറ്റ് പാർട്ടികളിൽ നിന്ന് ആളെ വാങ്ങുന്നത് വളരെ നോർമലൈസ് ചെയ്യപ്പെട്ട ഇക്കാലത്തും നമ്മൾ ധാർമിക രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത് എന്ത് കൊണ്ടാണ്? നമ്മൾ അവരല്ല എന്നത് കൊണ്ടാണ്. ആത്യന്തികമായി അത്രയേ ഉള്ളൂ. അവരും നമ്മളും. അവർ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിച്ച്, മനുഷ്യരെ ചലിക്കുന്ന മതങ്ങളായി മാത്രം കണ്ട്, നിരന്തരമായ അപരത്വം സൃഷ്ടിച്ച് അധികാരം പിടിക്കുന്നവരാണ്. നമ്മൾ അവരല്ല തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News