മഞ്ഞുമ്മൽ ബോയ്സിനെ അധിക്ഷേപിച്ച് എഴുത്തുകാരൻ ജയമോഹൻ എഴുതിയ കുറിപ്പിൽ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക് കുറിപ്പ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, സാമൂഹ്യ വിരുദ്ധത പ്രകടിപ്പിക്കുന്നുവെന്നുമാണ് ജയമോഹൻ എഴുതിയത്. ഇതിനെതിരെയാണ് കെ കെ ഷാഹിനയുടെ ഫേസ്ബുക് കുറിപ്പ്. ജയമോഹന്റെ ആ എഴുത്തിൽ ഉടനീളം തേട്ടി വരുന്നത് മുഴുവൻ മലയാളികളോടും ഉള്ള വിദ്വേഷമല്ലെന്നും, മറിച്ചു വർക്കിങ് ക്‌ളാസിൽ പെട്ട മനുഷ്യരോടുള്ള അടക്കാനാവാത്ത വെറുപ്പാണെന്നും കുറിപ്പിൽ കെ കെ ഷാഹിന കുറിക്കുന്നു .
കെ കെ ഷാഹിനയുടെ ഫേസ്ബുക് കുറിപ്പ്
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ച് ഒന്നുമെഴുതില്ല എന്ന് തീരുമാനിച്ചിരുന്നതാണ് . കാരണം അത് വളരെ വേറിട്ട് നിൽക്കുന്ന അതി ഗംഭീര സിനിമയായൊന്നും തോന്നിയില്ല എന്നത് കൊണ്ടാണ് . ഉറപ്പായും വളരെ രസകരമായ സിനിമയാണ് . ഒട്ടും ബോറടിപ്പിക്കുന്നുമില്ല . പക്ഷേ മലയാള സിനിമയുടെ സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം തമിഴ് നാട്ടിൽ ആ സിനിമ എന്ത് കൊണ്ട് ഹിറ്റായി എന്നത് എന്നെ ചിന്തിപ്പിച്ചു .
ആലോചിച്ചു നോക്കുന്തോറും ഈ സിനിമയോട് എനിക്ക് സ്നേഹം തോന്നുകയും ചെയ്തു . വർക്കിങ് ക്‌ളാസിൽ പെട്ട മനുഷ്യരെ ആദരവോടെ കാണുന്നു ഈ സിനിമ എന്നതാണ് തമിഴിൽ ഈ സിനിമക്ക് ഇത്രയും വമ്പിച്ച സ്വീകാര്യത ഉണ്ടാക്കിയത് .എന്നാണ് എന്റെ ബോധ്യം.
വർക്കിങ് ക്ലാസ്സിൽ പെട്ട മനുഷ്യരുടെ ജീവിതാഘോഷങ്ങളെ , അവരുടെ സ്നേഹത്തെ , സൗഹൃദങ്ങളെ , ജീവൻ കളഞ്ഞും കൂടെ നിൽക്കാൻ തയ്യാറുള്ള ഐക്യ ദാർഢ്യത്തെയൊക്കെ ഈ സിനിമ ആഘോഷിക്കുന്നു എന്നത് തന്നെയാണ് തമിഴർക്കിടയിൽ ഇത്രയും സ്വീകാര്യത ഈ സിനിമക്ക് നേടി കൊടുത്തത്. യഥാർത്ഥ ജീവിതത്തിലും ആ മഞ്ഞുമ്മൽ സംഘം കൂലിപ്പണിക്കാരായ ചെറുപ്പക്കാരായിരുന്നു. അവരുടെ സ്ഥാനത്ത് ,വലിയ ഫീസ് കൊടുത്ത് സ്വാശ്രയ കോളേജിൽ പഠിക്കുന്ന ,ഉപരി വർഗ്ഗക്കാരായ ഒരു കൂട്ടം ആളുകളായിരുന്നുവെങ്കിൽ സുഭാഷ് രക്ഷപ്പെടുമായിരുന്നോ എന്ന് ചോദിച്ചാൽ ഉറപ്പില്ല എന്നാണ് ഉത്തരം . അവരിൽ ഒരാളുടെ സ്ഥാനത്ത് എന്റെ മകനെ തന്നെ സങ്കൽപ്പിച്ചു നോക്കുമ്പോൾ എനിക്ക് അത് കൂടുതൽ വ്യക്തമാകും . ജീവിതത്തിൽ ഇങ്ങനെ ഒരു പ്രതിസന്ധി വന്നാൽ ഒരു പക്ഷെ ഭയന്ന് പോകുകയും എന്ത് ചെയ്യണമെന്നറിയാതെ തളർന്നു പോകുകയും ചെയ്തേക്കാവുന്ന ആൺകുട്ടികളിൽ ഒരാളായിരിക്കാം അവൻ എന്നാണ് എന്റെ തോന്നൽ.
ശാരീരികാദ്ധ്വാനമുള്ള പണികൾ ചെയ്ത് ശീലിച്ചിട്ടില്ലാത്തവർക്ക് ഇത്രയും അപകടം പിടിച്ച ഒരു സന്ദർഭത്തിൽ ഈ ആത്മവിശ്വാസം ഉണ്ടാവണമെന്നില്ല. ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിൽ ഉള്ള ഒരു റിസ്ക് എടുക്കാൻ തക്ക ആത്മവിശ്വാസം സ്വന്തം ശാരീരിക ക്ഷമതയെ കുറിച്ച് ഉണ്ടായിരിക്കുക പലപ്പോഴും വർക്കിങ് ക്‌ളാസിൽ പെട്ട മനുഷ്യർക്ക് തന്നെ ആയിരിക്കും.
ഇതിനൊക്കെ അപവാദങ്ങൾ ഉണ്ട് .ഇല്ലെന്നല്ല . 2018 ലെ വെള്ളപ്പൊക്കകാലത്ത് പാന്റ് ചുരുട്ടി വെച്ച് വീടുകളിൽ നിന്ന് രണ്ടാൾപ്പൊക്കത്തിലുള്ള ചളി കോരി വൃത്തിയാക്കാൻ ഇറങ്ങിയ , അന്ന് വരെ അങ്ങനെ ഒരു കാര്യം ഒരിക്കലും ചെയ്തിട്ടില്ലാത്ത , മൂന്നും നാലും ദിവസം ഈ ചളിയിൽ ആണ്ടു മുങ്ങി ജീവിച്ച ടെക്കികളായ ചെറുപ്പക്കാരെ മറന്ന് കൊണ്ടല്ല ഇത് പറയുന്നത് . പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്‍തമാണ് മഞ്ഞുമ്മൽ ബോയ്സിലെ സാഹചര്യം .
ജയമോഹനെ പോലെ ഉള്ള സംഘികൾക്ക് ഇത്രയേറെ അസഹിഷ്ണുത ഉണ്ടാകുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ് . (അയാളെ സംഘിയാക്കി എന്ന് പറയരുത് .അയാൾ കുറച്ച് കാലമായി ആ പാളയത്തിൽ എത്തിയിട്ട് ).
‘പെറുക്കികൾ എന്നാണല്ലോ അയാൾ ഉപയോഗിച്ചിരിക്കുന്ന വിശേഷണം (വന്ന വാർത്തകൾ പ്രകാരം ). അത് തന്നെ കാര്യം.. കൂലിപ്പണിക്കാരായ ചെറുപ്പക്കാർ , അവരുടെ മദ്യപാനം , സന്തോഷങ്ങൾ – അവർക്ക് ഒരു സിനിമ നൽകുന്ന ആദരം , ആ ആദരവിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് സ്വീകരിച്ച തമിഴ് ജനത. ഉള്ളിൽ കിടക്കുന്ന വെറുപ്പും വംശീയതയും പൊട്ടി ഒലിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ? ജയമോഹന്റെ ആ എഴുത്തിൽ ഉടനീളം തേട്ടി വരുന്നത് മുഴുവൻ മലയാളികളോടും ഉള്ള വിദ്വേഷമല്ല . മറിച്ചു വർക്കിങ് ക്‌ളാസിൽ പെട്ട മനുഷ്യരോടുള്ള അടക്കാനാവാത്ത വെറുപ്പാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ . ഇപ്പോഴാണ് നിങ്ങളുടെ സിനിമ രാഷ്ട്രീയം സംസാരിച്ച് തുടങ്ങിയത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here