നാടൊന്നാകെ ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തിലും കേന്ദ്രം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു; അമിത് ഷായ്‌ക്കെതിരെ മന്ത്രി കെ എന്‍ ബാലഗോപാല്‍

നമ്മുടെ രാജ്യമൊന്നാകെ ഒരു ദുരന്തത്തെ നേരിടാന്‍ ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയിലടങ്ങിയിട്ടുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യം, കേരളത്തിന്റെ ദുരന്തത്തില്‍ സഹായിക്കുന്നതിനുള്ളതല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമാനതകളില്ലാത്ത ഒരു ദുരന്തത്തെയാണ് നാം നേരിടുന്നത്. വയനാട്ടില്‍ നമ്മുടെ സഹോദരങ്ങള്‍ എത്രപേര്‍ മരിച്ചുവെന്ന് നമുക്കിനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒറ്റരാത്രികൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടമായ നമ്മുടെ സഹോദരങ്ങളുടെ കരച്ചിലിന് മുന്നില്‍ നാം മരവിച്ച് നില്‍ക്കുകയാണ്.
വയനാട് ദുരന്തം രാജ്യസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇന്നലെ നമ്മുടെ എം. പിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ അടക്കിയിരുത്താനും വിഷയം മാറ്റാനുമാണ് രാജ്യസഭാ അധ്യക്ഷന്‍ ശ്രമിച്ചത്.

ഒടുവില്‍ പ്രതിപക്ഷ എം.പിമാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മാത്രമാണ് അവര്‍ അത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ തയ്യാറായത്. ഓരോ എം.പിയും സംസാരിക്കുമ്പോള്‍ എത്ര അസഹിഷ്ണുതയോടെയാണ് രാജ്യസഭാ അധ്യക്ഷന്‍ അവരെ സംസാരിക്കാന്‍ അനുവദിക്കാതെ അടക്കിയിരുത്തിയത് എന്നത് ഖേദകരമാണ്. കേരളം ഞങ്ങളുടെ മാത്രമല്ല ഈ രാജ്യത്തിന്റെ മണ്ണാണ് സാര്‍ എന്ന് ഒരു എം.പിയ്ക്ക് പറയേണ്ടി വന്നു.

കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാര്‍, ഡോ. വി. ശിവദാസന്‍, ജോസ് കെ മാണി എന്നിവരും യുഡിഎഫ് എംപിമാരായ പി.വി അബ്ദുല്‍വഹാബ്, ജെബി മേത്തര്‍ എന്നിവരും കേരളത്തിലെ ഭീതിദമായ സാഹചര്യം രാജ്യസഭയില്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ എല്‍ഡിഎഫ് – യുഡിഎഫ് ഭേദമില്ലാതെ ഈ സാഹചര്യത്തില്‍ ഒരേസ്വരത്തില്‍ നാടിനായി ശബ്ദമുയര്‍ത്തിയത് നല്ലകാര്യമാണ്.

നമ്മുടെ രാജ്യമൊന്നാകെ ഈ ദുരന്തത്തെ നേരിടാന്‍ ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് കേന്ദ്ര ഗവണ്മെന്റിലെ ഉന്നതരായ പലരും. കേന്ദ്ര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയിലടങ്ങിയിട്ടുള്ള രാഷ്ട്രിയ ഗൂഢലക്ഷ്യം, കേരളത്തിന്റെ ദുരന്തത്തില്‍ സഹായിക്കുന്നതിനുള്ളതല്ല.

ഇതാദ്യമായല്ല പ്രളയവും ഉരുള്‍പൊട്ടലും സംസ്ഥാനത്തുണ്ടാകുന്നത്. 2018-ലെ പ്രളയത്തില്‍ നിന്നും നിരവധി ഉരുള്‍പൊട്ടലുകളില്‍ നിന്നും നാം കൈകോര്‍ത്ത് അതിജീവിച്ച് മുന്നേറുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ കഴിഞ്ഞ ബജറ്റില്‍ കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പ്രളയദുരിതാശ്വാസ പാക്കേജില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ഈ ദുരന്തം ഉണ്ടായ പശ്ചാത്തലത്തിലെങ്കിലും കേരളത്തെ ഈ പാക്കേജില്‍ ഉള്‍പ്പെടുത്തണം എന്നും നമ്മുടെ എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓര്‍ക്കുക, കഴിഞ്ഞ പ്രളയത്തില്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് 102 കോടിരൂപ ബില്ലടച്ച ജനതയാണ് നാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്ന ക്യാമ്പയിനുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഒരു ദുരന്തവും ഇല്ലാത്ത കാലത്തും ദുരിതകാലത്തും ഒരുപോലെ മലയാളികള്‍ സഹിക്കേണ്ടിവരുന്ന ചില വിഷജീവികളാണിതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വരവും ചെലവുമെല്ലാം സുതാര്യമാണ്. പൊതുജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയുന്ന പരസ്യവിവരമാണത്.

ഒന്നിച്ച് ഒന്നായി കൈകോര്‍ത്തുപിടിച്ച് നമ്മുടെ സഹോദരങ്ങളെ നമുക്ക് ചേര്‍ത്ത് പിടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News