സമാനതകളില്ലാത്ത ഒരു മഹാ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്; അനുശോചിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി കെ എൻ ബാലഗോപാൽ. മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി വിടവാങ്ങി. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ചൈതന്യമായിരുന്നു എം ടി. ഏഴു പതിറ്റാണ്ടിലധികം നീളുന്ന അദ്ദേഹത്തിന്റെ എഴുത്തു ജീവിതം തലമുറകൾക്ക് പാഠപുസ്തകമാണ്. എഴുത്തുകാരൻ, പത്രാധിപർ എന്നീ നിലകളിൽ എത്രയോ പേർക്ക് അദ്ദേഹം പ്രചോദനവും പ്രേരണയുമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ കേരളീയ സാമൂഹ്യ ജീവിതത്തിന്റെ കുഴമറിച്ചിലുകളും പരിണാമങ്ങളും എം ടി യുടെ നോവലുകളിലും കഥകളിലും ഉൾച്ചേർന്നിട്ടുണ്ട്. അധികാര ബന്ധങ്ങളിലും കുടുംബ വ്യവസ്ഥയിലും സാമൂഹിക ശ്രേണികളിലും രാഷ്ട്രീയ മേഖലകളിലുമെല്ലാമുണ്ടായ മാറ്റങ്ങൾ എം ടിയുടെ കൃതികളിലൂടെ വായിച്ചെടുക്കാം. ഒരു മനുഷ്യൻ എന്ന നിലയിലെ മലയാളിയുടെ വികാസ പരിണാമങ്ങളെ ഇത്രമേൽ സൂക്ഷ്മമായി അവതരിപ്പിച്ച മറ്റൊരാളുണ്ടോ എന്ന് സംശയമാണ്.

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. എക്കാലത്തെയും മികച്ച എത്രയോ സിനിമകൾക്ക് അദ്ദേഹം തിരക്കഥയെഴുതി. ഏറ്റവും മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളിയുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന നൂറുകണക്കിന് കഥാപാത്രങ്ങളെ സൃഷ്ടിച്ചു.

പൊതുവേ മിതഭാഷിയായ എം ടി വാസുദേവൻ നായർ മതേതരത്വത്തിനും മാനവികതയ്ക്കും വേണ്ടി ഉറക്കെ സംസാരിക്കാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല. എന്നും മനുഷ്യത്വത്തിന്റെയും മതേതരത്വത്തിന്റെയും മഹാ പക്ഷത്ത് അദ്ദേഹം നിലയുറപ്പിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിശക്തമായി എതിർത്തു.

അറിവിന്റെ മഹാസാഗരമായിരുന്നു എം. ടി. വാർദ്ധക്യത്തിന്റെ അവശതകളുള്ള കാലത്ത് പോലും ഗഹനമായ വായന അദ്ദേഹം മുടക്കിയിരുന്നില്ല. ലോകമെമ്പാടുമുള്ള സാഹിത്യ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരം വരെ അദ്ദേഹം മനസ്സിലാക്കുമായിരുന്നു.

also read: മലയാളത്തിന്‍റെ സ്വന്തം എംടി; കാലമേ വിട….

സമാനതകളില്ലാത്ത ഒരു മഹാ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. എം. ടി. വാസുദേവൻ നായരുടെ വിയോഗം നമ്മുടെ നാടിനും ഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയപ്പെട്ടവരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മന്ത്രി അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration