സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണം: ആവശ്യവുമായി കെ എന്‍ ബാലഗോപാല്‍

കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നല്‍കിയ 5580 കോടി രൂപ സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാ പരിധിയില്‍നിന്ന് കുറച്ച തീരുമാനം പിന്‍വലിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനെ നേരില്‍ കണ്ടാണ് അദ്ദേഹം ആവശ്യം മുന്നോട്ടുവച്ചത്.

ദേശീയപാത വികസനത്തിന് 6769 കോടി രൂപ സംസ്ഥാന വിഹിതമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കിഫ്ബിവഴി പണം സമാഹരിച്ച് നല്‍കിയത്. ഈ തുക സംസ്ഥാനത്തിന്റെ വായ്പാ പരിധയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പാനുവാദം വെട്ടിക്കുറച്ചത് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന് നല്‍കിയ നിവേദനത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ മൂലധന നിക്ഷേപ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിഗണിച്ച്, കേരളം ദേശീയപാതാ വികസനത്തിനായി ചെലവിട്ട തുക സംസ്ഥാന വായ്പായായി പരിഗണിക്കുന്നതില്‍നിന്ന് ഇളവ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

Also Read : പലസ്‌തീനെ കൈവിട്ട് കേന്ദ്ര സര്‍ക്കാര്‍; ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി

കിഫ്ബിയും സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കമ്പനിയും 2021–22 വര്‍ഷം സമാഹരിച്ച തുകകള്‍ മുന്‍കാലപ്രാബല്യത്തോടെ സംസ്ഥാന വായ്പയായി പരിഗണിച്ച് ഈവര്‍ഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തുന്ന തീരുമാനം പുനപരിശോധിക്കണമെന്നും നിവേദനത്തില്‍ പറഞ്ഞു. കിഫ്ബിയുടെ വായ്പയും പെന്‍ഷന്‍ കമ്പനിയുടെ താല്‍കാലിക കടവും ബജറ്റിനുപുറത്തുള്ള വായ്പയായി പരിഗണിച്ചാണ് കഴിഞ്ഞവര്‍ഷം മുതല്‍ വായ്പാ പരിധയില്‍നിന്ന് 3140.7 കോടി രുപവീതം കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം സംസ്ഥാനത്തിന് ഇരുട്ടടിയായി.

കേന്ദ്ര നടപടികള്‍മുലം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണലഭ്യത ഉറപ്പാക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നു. ഈവര്‍ഷം വാര്‍ഷിക കടമെടുപ്പ് പരിധിയില്‍ 8000 കോടി രൂപ വെട്ടിക്കുറച്ചു. റവന്യു കമ്മി ഗ്രാന്റില്‍ 8400 കോടി കുറയുന്നു. നികുതി വിഹിതം 3.875 ശതമാനത്തില്‍നിന്ന് 1.92 ശതമാനമായി വെട്ടിക്കുറച്ചതിലൂടെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. ഇതുമൂലമുള്ള വലിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലാണ് വായ്പ എടുക്കാവുന്ന തുകയും കുത്തനെ കുറയ്ക്കുന്നത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും വിരുദ്ധമായി, കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളം തനത് വരുമാനസ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്.

Also Read : കേരളത്തിലെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് മാത്യു ടി.തോമസ്

2021–22ല്‍ തനത് നികുതി വരുമാനം 22.4 ശതമനാമായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 23.4 ശതമാനമായി വീണ്ടും ഉയര്‍ത്തി. റവന്യുകമ്മി 0.9 ശതമാനത്തിലെത്തിച്ചു. ഇതെല്ലാം ധന കമീഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തിന് മതിയായ ധനവിഭവം ഉറപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണം. വായ്പാനുമതിയിയിലെ വെട്ടികുറയ്ക്കല്‍ ഒഴിവാക്കുന്നതിനൊപ്പം, ഒരു ശതമാനം അധിക കടമെടുപ്പിന് താല്‍കാലിക അനുമതി ഉറപ്പാക്കണമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News