പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒഡെപെക്കിനെ ചുമതലപ്പെടുത്തി: മന്ത്രി കെ രാധാകൃഷ്ണൻ

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. 2024 മുതലുള്ള വിദേശ പഠന അപേക്ഷകളിലെ ഏകോപനമാണ് ഒഡെപെക് നടത്തുന്നതെന്ന് പ്രമോദ് നാരായണൻ എം എൽ എയുടെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി പറഞ്ഞു.

ALSO READ: ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക്‌തല ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ വിതരണം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി യഥാസമയം അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ വിതരണം നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരുന്നുവെന്നും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക്‌തല ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ ആദ്യ പാദത്തിലേത് വിതരണം നടത്തി വരുന്നുവെന്നും വ്യക്തമാക്കി.

മന്ത്രി പറഞ്ഞത്

പട്ടികവർഗ വിദ്യാര്‍ഥികളുടെ പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 25:75സംസ്ഥാന-കേന്ദ്ര അനുപാതത്തില്‍ നല്‍കിവരുന്നു. പട്ടികജാതി വിദ്യാര്‍ഥികളുടെ പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2021-22 അധ്യയന വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശപ്രകാരം 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിലും വാര്‍ഷിക വരുമാനം 2.5 ലക്ഷംവരെ എന്ന നിബന്ധനയിലും വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേയ്ക്കാണ് വിതരണം ചെയ്യുന്നത്. 2.5ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനപരിധിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കാത്ത സാഹചര്യത്തില്‍ വരുമാനപരിധി ബാധകമാക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് തുക പൂർണ്ണമായും അനുവദിച്ചുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ്‌ തുക കേന്ദ്രം നിശ്ചയിച്ചിട്ടുള്ള നിരക്കിനെക്കാള്‍ വര്‍ധിച്ച നിരക്കിലും വരുമാന പരിധി പരിഗണിക്കാതെയും സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുത്തത്. പോസ്റ്റ്മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ സംബന്ധിച്ച വ്യവസ്ഥകളും നിരക്കുകളും കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ആയത് പ്രകാരം സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ വരുമാന പരിധിയുടെ കടമ്പയില്ലാതെ തന്നെ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പടെയുള്ള എല്ലാ അംഗീകൃത കോഴ്സുകള്‍ക്കും സ്കോളര്‍ഷിപ്പ്‌ ലഭ്യമാക്കുന്നതിന്‌ കഴിഞ്ഞിട്ടുണ്ട്‌.

കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് 2022-23 അധ്യയന വര്‍ഷം മുതല്‍ PFMS (പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്റ്റം) പോര്‍ട്ടല്‍ മുഖേന മാത്രമേ അനുവദിച്ചു നല്‍കാന്‍ പാടുളളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. ഇതിന്റെ സാങ്കേതികത്വം മൂലം സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ പ്രതിബന്ധങ്ങള്‍ നേരിടുകയും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതില്‍ കാലതാമസം വരികയും ചെയ്തിരുന്നു. 2021 മാര്‍ച്ച് 31വരെയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് ഇനത്തിലെ കുടിശ്ശികയടക്കം 339.22 കോടി രൂപയും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 21.57 കോടി രൂപയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊടുത്തു തീര്‍ത്തു. 2021 ഏപ്രില്‍ മുതല്‍ 2023മാര്‍ച്ചുവരെ പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 368 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന56.23 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ 106.45 കോടി രൂപ നല്‍കിയിട്ടുള്ളതും ഈയിനത്തില്‍ കുടിശ്ശികയില്ലാത്തതുമാണ്.

ALSO READ: ഒറ്റപ്പാലത്ത് കേരള എക്സ്പ്രസ്സിന് നേരെ കല്ലേറ്

വര്‍ഷങ്ങള്‍ക്കുശേഷം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെഷ്യല്‍ ഇന്‍സന്റീവ് വര്‍ധിപ്പിച്ചു. ഓരോ കോഴ്സുകള്‍ക്കും മുഴുവന്‍ മാര്‍ക്കോ ആദ്യ മൂന്ന് സ്ഥാനങ്ങളോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് ഇന്‍സന്റീവും നല്‍കും. 8 മുതൽ 12-ാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം നൽകി വന്നിരുന്ന പഠനമുറി പദ്ധതിയില്‍ 5 മുതൽ 7-ാംക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളേയും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളേയും കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചു. എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ലഭിക്കുന്ന സ്കോളര്‍ഷിപ്പ് അപേക്ഷിക്കുന്നതിനുളള പ്രായപരിധി 33 വയസ്സില്‍ നിന്നും 40 വയസ്സായും, സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുളള ഉയര്‍ന്ന പ്രായപരിധി 40-ല്‍നിന്നും 45 വയസ്സായും ഉയര്‍ത്തി. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് മെസ്സ് ഫീ 2850 രൂപയില്‍ നിന്നും 3150 രൂപയായും പോസ്റ്റ് മെട്രിക് മെസ്സ് ഫീ 3500 രൂപയില്‍ നിന്നും 3850 രൂപയായും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

മുൻകൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാർഡുകള്‍, ഏര്‍പ്പെടുത്തി. കൂടാതെ, വിദൂര ഓൺലൈൻ/പാർട് ടൈം/ഈവനിങ് കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ട്യൂഷൻ-പരീക്ഷാ-സ്പെഷ്യൽ ഫീസ്, പി.എച്ച്.ഡി, എം.ഫിൽ, എം.ടെക്, എം.ലിറ്റ് കോഴ്സുകളിൽ യുജിസി-ഗേറ്റ് സ്കോളര്‍ഷിപ്പ് ലഭിക്കാത്തവര്‍ക്ക് ഫെലോഷിപ്പിന്റെ 75% തുക സ്കോളര്‍ഷിപ്പ്, കണ്ടിജന്റ് ഗ്രാന്റ്, ആധാർ അധിഷ്ഠിത അറ്റൻഡൻസ് സ്കോളർഷിപ്പ് പോർട്ടലുമായി ലിങ്ക് ചെയ്യല്‍ തുടങ്ങിയ സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്കായി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് ചേരുന്ന ഒരു പട്ടികജാതി വിദ്യാര്‍ത്ഥിക്ക് മാത്രം നല്‍കി വന്നിരുന്ന സ്കോളര്‍ഷിപ്പ്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിംഗ്സ് എന്ന പദ്ധതിയാവിഷ്കരിച്ച് 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്കുകൂടി സ്കോളര്‍ഷിപ്പ് നല്‍കുന്നവിധം പരിഷ്കരിച്ചു.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസിലേയ്ക്കു് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിച്ച് നടപ്പാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടിയാരംഭിച്ചു. ഈ പദ്ധതിക്ക് കീഴില്‍ നിലവില്‍ 30പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും 30പട്ടികജാതി വിദ്യാര്‍ത്ഥികളും പഠനം നടത്തിവരുന്നു. സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മെയിന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള എല്ലാ ചെലവുകളും പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ വഹിക്കും.

ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ അവസരങ്ങളും പട്ടികവിഭാഗ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിനായി വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പി.ജി. പഠനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപവരെ സ്കോളര്‍ഷിപ്പ് നൽകുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2023 മാര്‍ച്ച് 31വരെ 344 പട്ടികജാതി വിദ്യാർത്ഥികളും 24 പട്ടികവർഗ്ഗ വിദ്യാർത്ഥികളും 57 പിന്നാക്ക വിഭാഗക്കാരുമുൾപ്പെടെ 425 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ലഭ്യമാക്കി. വിദേശ പഠന സൗകര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി, പ്രവേശന നടപടികളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഒഡപെകിനേയും ചുമതലപ്പെടുത്തി. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ മാറ്റിവെച്ചു.

എം.ആര്‍.എസ്.-കളിലേയും പൊതുവിദ്യാലയങ്ങളിലേയും 7, 10 എന്നീ ക്ലാസ്സുകളില്‍ നിന്നും വിജയം നേടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അഭിരുചി നേരത്തെ കണ്ടെത്തി ‘Catch the Young’ എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള ഉന്നത പഠനം ലഭ്യമാക്കുന്നതിനാവശ്യമായ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത് പരിശോധിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News