കേരളത്തില്‍ കെ റെയില്‍ വിഭാവനം ചെയ്ത സംവിധാനത്തോടുകൂടി കാലിഫോര്‍ണിയയില്‍ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാവുകയാണെന്നും നമുക്ക് നെടുവീര്‍പ്പിടാമെന്നും കെ റെയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീവണ്ടികള്‍ ഓടുന്ന പാത കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ അഥോറിറ്റി നിര്‍മിക്കുകയാണെന്നും പദ്ധതിക്ക് ആവശ്യമായ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 202 മില്യണ്‍ ഡോളര്‍ കൂടി യുഎസ് ഗതാഗത വകുപ്പ് അനുവദിച്ചിരിക്കുകയാണെന്നും കെ റെയില്‍ കുറിച്ചു. ‘നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാം’ എന്നെഴുതിയ പോസ്റ്ററോടു കൂടിയാണ് കെ റെയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
കാലിഫോര്‍ണിയയിലെ അതിവേഗ റെയില്‍ പദ്ധതിയില്‍ സമ്പൂര്‍ണമായും സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 355 കിലോമീറ്റര്‍ വരെ വേഗത്തില്‍ തീവണ്ടികള്‍ ഓടുന്ന പാതയാണ് കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ അഥോറിറ്റി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 202 മില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചിരിക്കുകയാണ് യു.എസ്. ഗതാഗത വകുപ്പ്.
2021 ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ജോബ്‌സ് ആക്ട് പ്രാബല്യത്തില്‍ വന്ന ശേഷം ഹൈ സ്പീഡ് റെയില്‍ അഥോറിറ്റിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ധനസഹായമാണ് ഇത്. 445 ഏക്കറിലാണ് ഈ പദ്ധതിയ്ക്കായി സോളാര്‍ പാടം നിര്‍മ്മിക്കുന്നത്.
കാലിഫോര്‍ണിയ ഹൈ സ്പീഡ് റെയില്‍ വഴി സാന്‍ ഫ്രാന്‍സിസ്‌കോ മുതല്‍ ലോസ് ഏഞ്ചല്‍സ് വരെ മൂന്നു മണിക്കൂറില്‍ എത്തിച്ചേരാം. നിലവില്‍ എട്ട് മണിക്കൂര്‍ ഇതിനായിവേണ്ടിവരുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ സാക്രമെന്റോ, സാന്റിയാഗോ എന്നിവിടങ്ങളിലേക്ക് റെയില്‍വേ പാത വ്യാപിപ്പിച്ചു 24 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന 800 മൈല്‍ റെയില്‍വേ സംവിധാനത്തിലേക്ക് പദ്ധതി അപ്‌ഗ്രേഡ് ചെയ്യും. നിലവില്‍ സെന്‍ട്രല്‍ വാലിയില്‍ 119 മൈല്‍ ട്രാക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
സാമ്പത്തികമേഖലയില്‍മുന്നേറാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കാലിഫോര്‍ണിയ, അതിവേഗ റെയില്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പരിസ്ഥിതി, കൃഷി, സംരക്ഷിത മേഖലകള്‍ എന്നിവയെ കൂടുതല്‍ സുരക്ഷിതമാക്കാം. റോഡ് റെയില്‍വേ ഇന്റര്‍സെക്ഷന്‍ മോഡല്‍ നിര്‍മാണ ശൈലിയിലൂടെ റോഡ്-റെയില്‍ യാത്രാ സുരക്ഷ, സുഗമമായ ഗതാഗത സംവിധാനം എന്നിവയ്ക്കും മുന്‍ഗണന നല്‍കുന്നു.
2033 ല്‍ ആദ്യ ഘട്ടത്തിന്റെ ഭാഗമായ ഇലക്ട്രിക് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങും. ആറ് സെറ്റ് ട്രെയിനുകളില്‍ ആദ്യ രണ്ടെണ്ണത്തിന്റെ ട്രയല്‍ റണ്‍ 2028 മുതല്‍ തുടങ്ങും.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയില്‍ വിഭാവനം ചെയ്ത സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയിലും സൗരോര്‍ജ വൈദ്യുതി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കെ എസ് ഇ ബി വഴി സൗരോര്‍ജ വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കാനും വന്‍ സൗരോര്‍ജ്ജ പദ്ധതികളുടെ ചുമതലയുള്ള സോളാര്‍ എനര്‍ജി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഇതര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ടായിരുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് സൗരോർജം ലഭ്യമാക്കാനുള്ള ചർച്ചകളും നടത്തിയിട്ടുണ്ട്.
ALSO READ: 10 ലക്ഷത്തിന്‍റെ പുത്തന്‍ ബസ് സ്റ്റോപ് മോഷണം പോയി, അന്തംവിട്ട് ബംഗളൂരു പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here