ലോകത്തിന്‍റെ നെറുകയില്‍ പുതിയൊരു കേരള മാതൃക കൂടി; സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം – മന്ത്രി കെ രാജൻ

min k rajan
കേരളം ഇന്ന് ഒരു പുതിയ ചരിത്രം കൂടി രചിക്കുന്നു. ഭൂമി സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്ലാത്ത നാടായി മലയാളക്കരയെ മാറ്റുന്നതിന് റവന്യു വകുപ്പ് ജനകീയമായ ഒരു ചുവടുവയ്പ്പിലാണ്. കേരളത്തിന്‍റെ ഭൂ ഭരണത്തില്‍ പുത്തനധ്യായം രചിച്ച് റവന്യു-സര്‍വെ-രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ഡിജിറ്റല്‍ റീ സര്‍വെയിലൂടെ കേരളത്തില്‍ ഭൂമിയുടെ കൈവശം കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂവുടമകളുടെ പങ്കാളിത്തത്തോടെ അവയെല്ലാം തര്‍ക്കമില്ലാത്ത സുരക്ഷിത ഡിജിറ്റല്‍ രേഖയാകും. വില്ലേജുകള്‍ വഴി ഭൂമി സംബന്ധമായ നിരവധി സേവനങ്ങള്‍ നിലവില്‍ റവന്യൂ വകുപ്പിന്‍റെ ‘റെലിസ്’ എന്ന പോര്‍ട്ടലിലൂടെയാണ് നല്‍കി വരുന്നത്. റവന്യു വകുപ്പിന്‍റെ ‘റെലിസ്’,  ഭൂമി കൈമാറ്റങ്ങള്‍ക്ക് സഹായകരമായി രജിസ്ട്രേഷന്‍ വകുപ്പിന്‍റെ ‘പേള്‍’, ഡിജിറ്റല്‍ റീസര്‍വെ ഭൂവിവരങ്ങള്‍ അടങ്ങിയ സര്‍വെ വിഭാഗത്തിന്‍റെ ‘ഇ-മാപ്പ്‌സ്’ എന്നീ മൂന്ന് പോര്‍ട്ടലുകളും സംയോജിപ്പിച്ച് കൊണ്ട് ‘എന്‍റെ ഭൂമി’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരികയാണ്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ലോക രാജ്യങ്ങളില്‍ വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം നിലവിലുള്ളൂ. എസ്തോണിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഭൂരേഖകളുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുകെ, ഓസ്ത്രേലിയ, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഭാഗികമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇവരോടെല്ലാം കിടപിടിക്കും വിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതിലൂടെ ഒരു പുതിയ കേരള മോഡല്‍ കൂടി യാഥാര്‍ത്ഥ്യമാകുകയാണ്. ഇത് വഴി ഈ രംഗത്ത് കേരളം ലോകനിലവാരത്തിലേക്ക് ഉയരുകയാണ്. സംയോജിത ഡിജിറ്റല്‍ പോര്‍ട്ടലിനെ കേവലം ഒരു ഓണ്‍ലൈന്‍ സംവിധാനം മാത്രമായി കാണാനാവില്ല. ലോകത്തിന് ആകെ മാതൃകയായി കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ തുടര്‍ച്ചയും അഭിലഷണീയ കൂട്ടിചേര്‍ക്കലുമാണ് ‘ഡിജിറ്റല്‍ റീ സര്‍വെയും’ ‘എന്‍റെ ഭൂമി’ എന്ന സംയോജിത പോര്‍ട്ടലും.
1970 ജനുവരി ഒന്നിന് കേരളത്തില്‍ നിലവില്‍ വന്ന സമഗ്ര ഭൂപരിഷ്‌കരണ നിയമം പോലെ കേരളത്തിന്‍റെ മറ്റൊരു ചരിത്രമാണ് 2023 ല്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ. ഇതൊരു രണ്ടാം ഭൂപരിഷ്‌കരണമാണ്. എല്ലാവര്‍ക്കും ഭൂമി ഉണ്ടാവണമെന്നും അവയ്ക്ക് കൃത്യമായ രേഖകള്‍ ഉണ്ടാകണമെന്നുമുള്ള ഇടതുജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി പദ്ധതികള്‍ തയ്യാറാക്കിയാണ് ഈ മുന്നേറ്റം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഏറ്റവും ശക്തമായ തീരുമാനമാണ് ഡിജിറ്റല്‍ റീ സര്‍വെ.  1966 ലാണ് കേരളത്തില്‍ റീ സര്‍വെ നടപടികള്‍ ആരംഭിക്കുന്നത്. 55 വര്‍ഷം പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ആകെയുള്ള 1666 വില്ലേജുകളില്‍ 921 എണ്ണത്തില്‍ മാത്രമാണ് റീ സര്‍വെ പൂര്‍ത്തിയാക്കിയത്. ചങ്ങല ഉള്‍പ്പെടെയുള്ള പരമ്പരാഗത സര്‍വെ ഉപകരണങ്ങള്‍ മാത്രമാണ് നമുക്ക് ലഭ്യമായിരുന്നത് എന്നതാണ് ഇത്തരത്തില്‍ കാലതാമസം ഉണ്ടാകാന്‍ കാരണം. 1996 കാലഘട്ടത്തില്‍ ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ എന്ന പുതിയ സാങ്കേതിക വിദ്യ നിലവില്‍ വന്നെങ്കിലും ഉദ്ദേശിച്ച വേഗത കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 16 വര്‍ഷംകൊണ്ട് ആകെ 92000 ഹെക്ടര്‍ ഭൂമി മാത്രമാണ് ഇതിലൂടെ അളന്ന് തിട്ടപ്പെടുത്താനായത്. ഇതിനിടെ ഭൂമി സംബന്ധമായ തര്‍ക്കങ്ങളുടെ എണ്ണം വര്‍ധിച്ചു. അതിനുസൃതമായി സര്‍വെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് കേരളത്തെ സമഗ്രവും സുതാര്യവുമായി വേഗത്തില്‍ അളന്ന് തിട്ടപ്പെടുത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വെ എന്ന ആശയത്തിലേക്ക് നാം പോയത്. ഇന്ത്യയിലെ ആധുനിക സാങ്കേതങ്ങളായ കോര്‍സിന്റെ 28 സ്റ്റേഷനുകളുടെ ജിയോ നെറ്റ് വര്‍ക്കും, നാവികേറ്റര്‍ സാറ്റലൈറ്റ് സിഗ്‌നലിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ടികെ ഉപകരണങ്ങളുടെയും റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകളുടെയും സഹായത്തോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വെ മുന്നേറുകയാണ്. ഇതിനകം തന്നെ തമിഴ് നാട്, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഡിജിറ്റല്‍ സര്‍വ്വെയുടെ കേരള മാതൃക അതത് ഇടങ്ങളില്‍ അവലംബിക്കുന്നതിന് മുന്നോടിയായി കേരളത്തിലെത്തി പഠനങ്ങള്‍ നടത്തിയിരുന്നു. എന്‍റെ ഭൂമി എന്ന പോര്‍ട്ടലിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയുടെയും ഡിജിറ്റല്‍ രേഖ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 നവംബര്‍ ഒന്നിന് ആരംഭിച്ചെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ നിയമനം എന്നിവ സാധ്യമാക്കുന്നതിനെടുത്ത കാലതാമസം തുടക്കത്തില്‍ തടസ്സങ്ങളുണ്ടാക്കിയിരുന്നു. 2023 ല്‍ ആണ് എല്ലാ സംവിധാനങ്ങളോടെയുമുള്ള സര്‍വെ ആരംഭിച്ചത്. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാന്‍ഡ് പാര്‍സലുകളിലായി 4.87 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വെ ഡിജിറ്റലായി ഇതിനകം പൂര്‍ത്തിയാക്കി, 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.
റീസര്‍വെ നടക്കുന്ന വില്ലേജുകളിലെ എല്ലാ വാര്‍ഡുകളിലും ഗ്രാമസഭയുടെ മാതൃകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍വെ സഭകള്‍ സംഘടിപ്പിച്ച് കൊണ്ടും ഡിജിറ്റല്‍ സര്‍വെയെ സഹായിക്കാനും നിരീക്ഷിക്കാനുമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികളും രൂപീകരിച്ച് കൊണ്ടും ഭൂ ഉടമകളുടെ സാന്നിധ്യത്തിലാണ് സര്‍വെ നടപടികള്‍ നടന്നു വരുന്നത്. സര്‍വെ നടപടികളിലെ ജനകീയതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. സര്‍വെ പൂര്‍ത്തീകരിച്ച് കരട് പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ എന്റെ ഭൂമി പോര്‍ട്ടലില്‍ അത് അപ് ലോഡ് ചെയ്യപ്പെടും. ഇതില്‍ ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം തല്‍സമയം ടി പോര്‍ട്ടലില്‍ തന്നെ ലഭ്യമാണ്.  ഇത് മൂലം തുടര്‍ പരാതികളുടേയും ഭൂമി തര്‍ക്ക കേസുകളുടെയും എണ്ണം കുറയ്ക്കാന്‍ കഴിയും എന്നതാണ് പ്രധാന നേട്ടം. ചുരുങ്ങിയ സമയത്ത് തന്നെ കേരളത്തില്‍ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വ്വെ പൂര്‍ത്തീകരിക്കുന്ന വില്ലേജുകളില്‍ എന്‍റെ ഭൂമി എന്ന സംയോജിത പോര്‍ട്ടല്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ഭൂമി കൈമാറ്റ പ്രക്രിയയില്‍ അഭിമാനകരമായ നേടം കൈവരിക്കാനാകും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിര്‍ണയം തുടങ്ങിയ നിരവധി സേവനങ്ങള്‍ എല്ലാം ഒറ്റ പോര്‍ട്ടലിലൂടെ ലഭ്യമാകുന്ന ഒരു സംസ്ഥാനമായി കേരളം മാറുകയാണ്. വില്ലേജ് ഓഫീസ്, സര്‍വേ ഓഫീസ്, രജിസ്ട്രേഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളാണ് ഈ വിധം വിരല്‍ തുമ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. റവന്യൂ, സര്‍വെ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കിയ  ‘എന്‍റെ ഭൂമി  സംയോജിത പോര്‍ട്ടലി’ലൂടെ കാര്യക്ഷമതയും വേഗത്തിലുള്ളതുമായ സേവനമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഒപ്പം സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News