വയനാട്- ചൂരൽമല ദുരന്തം: കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

WAYANAD

വയനാട്- ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന്   മന്ത്രി കെ രാജൻ.109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും പ്രത്യാശ നൽകാനും ഏതെങ്കിലും വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഈ വിഷയത്തില്‍ കേരളത്തിനോട് പറയുന്നത് എന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

മന്ത്രി കെ രാജൻ പുറപ്പെടുവിച്ച പ്രസ്താവന:

ചൂരല്‍മലയിലെ ദുരന്തം നടന്നിട്ട് 109 ദിവസം പിന്നിടുകയാണ്. സമീപ ഭൂതകാലം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലേത് എന്ന കാര്യം വിശദീകരിക്കേണ്ടതില്ല. 254 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു ദുരന്തം. 47 പേരെ ഡിഎൻഎ പരിശോധന ഫലത്തിലൂട മരണപ്പെട്ടവരുടെ കൂട്ടത്തിലോ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലോ എന്ന് നാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു സമയം.

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത് എന്ന് എല്ലാ വിഭാഗം ആളുകളും പ്രഖ്യാപിക്കപ്പെട്ട അനുഭവമാണ് ഉണ്ടായത്. എന്നാല്‍ 109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും പ്രത്യാശ നൽകാനും ഏതെങ്കിലും വിധത്തിലുള്ള ഒരു നടപടിക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്ന വസ്തുത, ഏറ്റവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണ്.

ALSO READ; എംസി റോഡ് ആറ് വരിപ്പാതയാക്കുന്നു; ഭരണാനുമതി ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ദുരന്തമുണ്ടായ ഉടനെ തന്നെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി തന്നെ ഓഗസ്റ്റ് 10ന് നേരിട്ടെത്തി ചൂരല്‍മലയിലും ബെയ്‌ലി പാലത്തും വെള്ളാര്‍മല സ്‌കൂളിലും മേപ്പാടി ആശുപത്രിയിലുമെല്ലാം സന്ദര്‍ശിച്ചു. കല്പറ്റയിലെ കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ മുതല്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥന്മാരുമായും ആശയവിനിമയം നടത്തി. കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഉണ്ടായത്. 1979ല്‍ ഗുജറാത്തിലുണ്ടായ ഒരു മഹാദുരന്തവുമായി താന്‍ ചൂരല്‍മല ദുരന്തത്തെ താരതമ്യപ്പെടുത്തുകയാണെന്നും ആ ദുരന്തഭൂമിയില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ച ഓര്‍മ്മയാണ് മനസില്‍ നിറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞതോടെ ആ പ്രതീക്ഷ വര്‍ധിച്ചു. കേരളത്തിലെ എല്ലാവിധത്തിലുള്ള സഹായങ്ങളും ലഭ്യമാക്കും എന്നുകൂടി പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്.

കേരളത്തിലെ ദുരന്തത്തെ കുറിച്ച് പഠിക്കാന്‍ ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) എത്തിച്ചേര്‍ന്ന് ചൂരല്‍മലയിലെ നഷ്ടത്തിന്റെ പ്രാഥമികമായ കണക്കെടുക്കുകയും വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് മെമ്മോറാണ്ടത്തിന്റെ കരട് ഐഎംസിടിയുടെ മുന്നില്‍ അവതരിപ്പിക്കുകയും അവരുടെ വിശദമായ പരിശോധനകള്‍ക്കുശേഷം ഓഗസ്റ്റ് 17ന് 1202 കോടി രൂപയുടെ നഷ്ടത്തെ സംബന്ധിച്ച വിശദാംശങ്ങളോടെ വിശദമായ നിവേദനം കേന്ദ്രത്തിന് സമര്‍പ്പിച്ചു.

കേന്ദ്രത്തില്‍ നിന്നുള്ള അനുകൂല നടപടി വൈകിയതോടെ കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിച്ചു. എല്ലാവിധത്തിലുള്ള സഹായങ്ങളും അന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായ കെ വി തോമസ് കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം വീണ്ടും സമര്‍പ്പിച്ചിരുന്നു.

നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുക മാത്രമല്ല കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മൂന്ന് പ്രധാനമായ ആവശ്യങ്ങള്‍ ആദ്യ നിവേദനം മുതല്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ ആദ്യത്തേത്, മേപ്പാട്-ചൂരല്‍മല ഒരുള്‍ പൊട്ടല്‍ ദേശീയ ദുരന്ത പ്രതികരണ നിധി(എന്‍ഡിആര്‍എഫ്)യുടെ മാനദണ്ഡം അനുസരിച്ച് ഡിസാസ്റ്റര്‍ ഓഫ് സീവിയര്‍ നേച്വര്‍ ആയി പ്രഖ്യാപിക്കണം എന്നതാണ്.

എന്‍ഡിആര്‍എഫ് മാനദണ്ഡം അനുസരിച്ച് നാല് വിധത്തിലാണ് ദുരന്തങ്ങളെ പ്രഖ്യാപിക്കുക. സാധാരണ നിലയില്‍ വലിയ പ്രയാസങ്ങളില്ലാത്ത ദുരന്തങ്ങളെ എല്‍-സീറോയില്‍ പെടുത്തും. ജില്ലകള്‍ക്കകത്തു തന്നെ പരിഹരിക്കപ്പെടാവുന്ന ദുരന്തങ്ങളെ എല്‍-വണ്‍ വിഭാഗത്തില്‍ പ്രഖ്യാപിക്കും. സംസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന വിധത്തിലുള്ള നിവാരണ പ്രവര്‍ത്തനങ്ങളേ ഉള്ളൂവെങ്കില്‍ എല്‍-2 ല്‍ പെടുത്തും. എല്‍-3 എന്നാല്‍ ഡിസാസ്റ്റര്‍ ഓഫ് സീവിയര്‍ നേച്വറാണ്. അത് സംസ്ഥാനത്തിന് മാത്രം നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ദുരന്തങ്ങളാണ്.

നിര്‍ബന്ധമായും കേന്ദ്ര സഹായത്താലും കൂടി പരിഹരിക്കേണ്ട വിധത്തിലുള്ളവയാകും. ഈ വിഭാഗത്തില്‍പ്പെടുത്തിയാല്‍ പുനരധിവാസത്തിന് കൂടുതല്‍ തുക വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. ഇതിനുപുറമെ, ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് കൂടുതല്‍ സഹായം നല്‍കേണ്ടതായും വരും.
രണ്ടാമത്തെ ആവശ്യം, ദുരന്ത നിവാരണ നിയമത്തിന്റെ സെക്ഷന്‍ 13 പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്ത ബാധിതരുടെ എല്ലാ ലോണുകളും എഴുതി തള്ളണം എന്നതായിരുന്നു. ഉരുള്‍ പൊട്ടല്‍ ബാധിത മേഖലയ്ക്കായി ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര അധിക സഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തെ ആവശ്യം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന് നല്‍കിയ മറുപടിയില്‍ ഈ മൂന്ന് കാര്യത്തെക്കുറിച്ചും ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. അദ്ദേഹം കത്തില്‍ വിവരിക്കുന്നത് എന്‍ഡിആര്‍എഫിന്റെയും എസ്്ഡിആര്‍എഫിന്റെയും നിലവിലെ മാനദണ്ഡപ്രകാരം ഒരു ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നാണ്. ഈ നിയമം കേരളത്തിനും കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് ഡിസാസ്റ്റര്‍ ഓഫ് സീവിയര്‍ നാച്വര്‍ വിഭാഗത്തില്‍ ചൂരല്‍മല ദുരന്തത്തെ പെടുത്തണം എന്നാണ് നിവേദനങ്ങളിലൂടെ ആവശ്യപ്പെട്ടത്.
എന്നാല്‍ തെറ്റായ കണക്കുകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഈ വിഷയത്തില്‍ കേരളത്തിനോട് പറയുന്നത്. കേരളത്തിനുള്ള എസ്ഡിആര്‍എഫിന്റെ ഈ വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ വിഹിതം കേന്ദ്രം നല്‍കിയിട്ടുണ്ട് എന്നാണ് കത്തിൽ പറയുന്നത്. അതിൽ പ്രത്യേകത ഒന്നുമില്ല. ഒരു സാധാരണ പ്രക്രിയ മാത്രം. 2024-25 വര്‍ഷത്തില്‍ എസ്ഡിആര്‍എഫിന്റെ കേരളവിഹിതം പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം 291.20 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി കേന്ദ്രം നല്‍കിയിട്ടുണ്ട്. പക്ഷെ ആ പണം ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അധിക സഹായമല്ല. ചൂരൽമലയുടെ പുനരധിവാസത്തിന് കേരളം ആവശ്യപ്പെടുന്നത് എസ്ഡിആർഎഫിൻ്റെ മാനദണ്ഡത്തിനപ്പുറമുള്ള അധിക സഹായമാണ്. എസ്ഡിആര്‍എഫ് എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകമായി ദുരന്തങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും സാധാരണ നിലയില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കേരളത്തില്‍ 394 കോടി രൂപ ബാക്കിയുണ്ടെന്ന് കേന്ദ്ര മന്ത്രി പറയുന്നുണ്ട്.
എസ്ഡിആർഎഫിലെ തുക ഒരിക്കലും ലാപ്‌സായി പോകുന്ന ഒന്നല്ല. അത് തുടര്‍ച്ചയായി അക്കൗണ്ടില്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ആ അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് കേരളത്തില്‍ ഉണ്ടാവുന്ന ചെറുതും വലുതുമായ എല്ലാ ദുരന്തങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം സഹായങ്ങള്‍ ലഭ്യമാക്കുന്നത്. ഫ്ളഡ് റോഡുകൾ ഇതുവരെ അനുവദിക്കപ്പെട്ടതെല്ലാം ഈ മാനദണ്ഡത്തിലാണ്.
തിരുവനന്തപുരത്തെ മഴക്കെടുതി മുതല്‍ കാസര്‍ക്കോട്ടെ നീലേശ്വരം വെടിക്കപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ സഹായം ഉള്‍പ്പടെ നല്‍കുന്നത്. അതിന് പ്രത്യേകമായി ഒരു അഭ്യര്‍ത്ഥനയോ നിര്‍ദേശമോ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഓരോ ഘട്ടത്തിലും വയ്‌ക്കേണ്ടതില്ല. മരണമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ കൊടുക്കാന്‍ കഴിയുന്ന സംഖ്യ നാല് ലക്ഷം രൂപയാണ്. അംഗവൈകല്യമുള്‍പ്പടെ ഓരോ സംഭവങ്ങള്‍ക്കും കൊടുക്കാനാവുന്ന തുകയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഫ്‌ളഡ് റോഡിന് ഏറ്റവും കൂടിയാല്‍ ഒരു കിലോമീറ്ററിന് 75,000 രൂപയാണ്. ഒരു വീടാണ് തകര്‍ന്നതെങ്കില്‍ 1.30 ലക്ഷം രൂപ വരെയാണ് കൊടുക്കാനാവുക. എസ്ഡിആര്‍എഫിന്റെ തുക ഉപയോഗിച്ച് നികത്താനാവുന്ന ഒരു ദുരന്തമേ അല്ല മേപ്പാടി-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍.
എസ്ഡിആര്‍എഫിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നിരവധി തവണ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. റവന്യു വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാന്‍ തന്നെ നേരിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പലതവണ കണ്ട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ തന്നെ കേരളം ആവശ്യപ്പെട്ട പ്രശ്‌നങ്ങളോട് കൃത്യമായ മറുപടി നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ ഭരണഘടനയുടെ വിവിധങ്ങളായ വകുപ്പുകളെ ഉദ്ദരിച്ചുകൊണ്ടാണ് നിര്‍ബന്ധമായും കേരളത്തിലുള്ള സഹായം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. സെക്ഷന്‍ 13 പ്രകാരം കടങ്ങള്‍ എഴുതി തള്ളണമെന്നും സിക്കിം, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതുപോലെ ആവശ്യമായ സഹായം അടിയന്തരമായി കേരളത്തിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അടുത്ത ഹിയറിങ്ങില്‍ വിവരം നല്‍കാം എന്ന് പറഞ്ഞ് ഓരോ തവണയും കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുന്നതല്ലാതെ ഒരുവിധത്തിലും ഉചിതമായ മറുപടി നല്‍കിയില്ല എന്നതാണ് വസ്തുത. ഇന്നലെയും നവംബർ 15 നും കോടതിയിൽ കേന്ദ്ര അഭിഭാഷകൻ ഇതുതന്നെ ആവർത്തിച്ചു.

ഐഎംസിടിയുടെ സന്ദര്‍ശനം തന്നെ ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാവുന്ന എല്‍-3 വിഭാഗത്തിലുള്ള ഒന്നാണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. ഐഎംസിടിയുടെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ മാത്രമേ തിട്ടപ്പെടുത്താനുള്ളു. ഒന്ന് ഇതിനെ ഡിസാസ്റ്റര്‍ സീവിയര്‍ നാച്വര്‍ വിഭാഗത്തില്‍ പെടുത്താമോ എന്ന കാര്യം. രണ്ട് അങ്ങനെയാണെങ്കില്‍ എന്താണ് കേരളത്തിന് അധിക സഹായം എന്ന് നിശ്ചയിക്കല്‍. ഈ രണ്ട് കാര്യങ്ങളും 109 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല എന്നുള്ളത് ഏറ്റവും സങ്കടകരവും ആശങ്കാജനകവുമാണ്.

നിത്യാനന്ദ റായിയുടെ കത്ത് വെളിപ്പെടുത്തുന്നത്, കേന്ദ്ര മന്ത്രിയും ബിജെപിയും പറയുന്നതുപോലെ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള കുറവുകള്‍ ഉണ്ടായതുകൊണ്ടോ, ഏതെങ്കിലും രേഖകള്‍ കൊടുക്കാഞ്ഞിട്ടോ അല്ല കേന്ദ്ര സഹായം നൽകാത്തത്. ആണെങ്കിൽ കത്തിൽ അത് പറയുമായിരുന്നുവല്ലോ?
കേന്ദ്ര സര്‍ക്കാരിന്റെ സമീപനം കേരളത്തോടുള്ള നിഷേധ നിലപാടിന്റെ ഭാഗമെന്നാണ് മനസിലാക്കേണ്ടത്.
ഓഖിയിലും, 2018ലെ പ്രളയത്തിലും എല്‍-3 പട്ടികയില്‍പ്പെടുന്ന ദുരന്തമായാണ് പ്രഖ്യാപിച്ചത്. ചൂരല്‍മല ദുരത്തെ ഈ ഘട്ടത്തില്‍ അങ്ങനെ കാണുന്നില്ല എന്ന കേന്ദ്ര നിലപാട് വളരെ ഖേദകരമാണ്. എതിര്‍ രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതിന്റെ തെളിവാണ്, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദുരന്ത നിവാരണ സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രത്തിനെതിരെ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്.
കേരളത്തിന് ആവശ്യം എസ്ഡിആര്‍എഫ് മാത്രമല്ല. അതിലെ തുക കൊണ്ട് മറികടക്കാവുന്ന ഒരു ദുരന്തമല്ല ചൂരല്‍മലയിലേത്. എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ നിലവിളികള്‍ തുടരുന്ന അതിഭീകരമായ അവസ്ഥയാണിപ്പോഴും അവിടെ.

ALSO READ; കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാർ: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോഡി കയ്യില്‍ എടുത്ത് ഓമനിച്ചുകൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട രണ്ടര വയസുകാരി നൈസ ഇപ്പോഴും വാടക വീട്ടിലാണ് താമസിക്കുന്നത് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അറിയുന്നുണ്ടാവില്ല. നൈസയെ പോലെ നൂറുകണക്കിന് കുട്ടികളും നിരാലംബരായ മനുഷ്യരും ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ഒരു നാടാണ് ചൂരല്‍മല. അവിടത്തെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഒരു കാരണവശാലും ഒറ്റപ്പെടുത്തില്ല. ഇപ്പോള്‍ തന്നെ എസ്ഡിആര്‍എഫിനു പുറമെ ധാരാളമായ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അംഗവൈകല്യം വന്നവര്‍ക്കും ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കും എസ്ഡിആര്‍എഫിനു പുറമെയുള്ള അധിക സഹായം, വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവര്‍ക്കു നല്‍കുന്ന വീട്ടുവാടക, അടിയന്തര സഹായങ്ങള്‍ തുടങ്ങി കോടിക്കണക്കിന് രൂപയുടെ സഹായങ്ങളാണ് നല്‍കിവരുന്നത്.

ഇവിടേയ്ക്ക് വിമാനങ്ങളും കേന്ദ്രസേനയുടെ സൗകര്യങ്ങളും അയച്ചതിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി കത്തില്‍ വിവരിക്കുന്നുണ്ട്. കേരളം ആവശ്യപ്പെടാതെ ചിലത് ചെയ്തു എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഇവിടെ നല്‍കിയ കേന്ദ്ര സേവനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനവും മന്ത്രിസഭയുമെല്ലാം ഏറ്റവും നന്ദിയോടെയാണ് സ്മരിച്ചത്. ഇവിടെ സേവനമനുഷ്ടിച്ച വിമാനങ്ങള്‍ക്കുള്ള വാടക എസ്ഡിആര്‍എഫില്‍ നിന്നുതന്നെ പണം കൊടുക്കേണ്ടി വരും എന്നത് 2018ലെ അനുഭവങ്ങള്‍ കൊണ്ട് കേരളത്തിന് ബോധ്യമുള്ള കാര്യമാണ്. എന്നാല്‍ കേന്ദ്ര സംഘം കേരളം ആവശ്യപ്പെടാതെ തന്നെ വന്നു എന്നതും പ്രധാനമന്ത്രി വന്നതും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വളരെ അഭിമാനത്തോടെ പരാമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. ഒരു ദുരന്തം നടന്നാല്‍ കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേ സംഘത്തെ അയയ്ക്കൂ എന്നതാണോ ജനാധിപത്യം?

ഇതൊരു ഭരണഘടനയെ ആസ്പദമാക്കിയെടുക്കുന്ന ഒരു രാജ്യമാണ്. അതൊരു ഫെഡറല്‍ തത്വത്തിനും അംഗീകാരം കൊടുക്കുന്നുണ്ട്. ദുരന്തമുണ്ടായാല്‍ ഒരു ഫെഡറല്‍ സംസ്ഥാനത്തെ കരകയറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.
ഇപ്പോഴും കേരളം പ്രതീക്ഷയിലാണ്. കോടതി ഇടപെടലുകള്‍ നടക്കുന്നുു. ഐഎംസിടിയുടെ പരിശോധനകള്‍ക്ക് ശേഷം സഹായം ചെയ്യാമെന്ന സൂചനകളുണ്ട്. പക്ഷെ ഇത്രയേറെ കാലതാമസം ഉണ്ടാകുന്നതിന് ഒരു ന്യായീകരണവുമില്ല.

ശ്രുതിയെ നമുക്കറിയാം. ശ്രുതി ഒറ്റപ്പെട്ടവരുടെ കൂട്ടത്തില്‍ കേരളം ഏറെ ദുഃഖത്തോടെ തേങ്ങിയ ഒരു പെണ്‍കുട്ടിയാണ്. ശ്രുതിക്ക് ജോലി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ, ശ്രുതിയെപ്പോലെ 10 സ്ത്രീകളും അഞ്ച് പുരുഷന്മാരും 18 വയസില്‍ താഴെയായ ആറ് കുട്ടികളും ഉള്‍പ്പടെയുള്ള 21 പേര്‍ക്ക് ഈ ഭൂമിയില്‍ സ്വന്തമെന്ന് പറയാന്‍ ആരും തന്നെ ബാക്കിയില്ല. മരണപ്പെട്ടുപോയ 57 പേര്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കാന്‍ രക്തബന്ധമുള്ള ഒരാളും ജീവിച്ചിരിപ്പില്ല.
ദുരന്ത ഭൂമിയിലും നമ്മളെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അപലനീയമാണ്. കേവല രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറത്ത് കേരളത്തിൻ്റെ അവകാശം സംരക്ഷിക്കാൻ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായ്മ അനിവാര്യമാണ്.
കേന്ദ്രത്തിലെ സഹായം ലഭ്യമാകുന്നില്ല എന്ന ഓരോ വാര്‍ത്തയും നിരാശരും നിലാരംബരുമായ ഓരോ ദുരന്തബാധിതരുടെയും മനസില്‍ കനത്ത അഗ്നിയാണ് കോരിയിടുന്നത്. ഒരു കാര്യം സംസ്ഥാന സര്‍ക്കാരിന് വേണ്ടി പറയുന്നു; എന്തെല്ലാം വിധത്തില്‍ സഹായങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ മുതിര്‍ന്നാലും കേരളം ലോകത്തുള്ള മുഴുവന്‍ മലയാളികളെയും കൂട്ടി അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിക്കും. അതിനുള്ള ആര്‍ജവം കേരളത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk