കോൺഗ്രസ് പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെ.പി.സി.സി
പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് കെ.സുധാകരൻ. വയനാട് സുൽത്താൻബത്തേരിയിലെ ലീഡേഴ്സ് മീറ്റിലാണ് സുധാകരൻറെ പ്രതികരണം. പാർട്ടിയിൽ ഗ്രൂപ്പിന്റെ അതിപ്രസരമാണ്. പോഷകസംഘടനാ ഭാരവാഹികളെ നിശ്ചയിക്കുന്നത് താൻ അറിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് രണ്ടുവർഷം പൂർത്തിയാവുന്നു. പ്രതീക്ഷിച്ച രീതിയിൽ കോൺഗ്രസിനെ മുന്നോട്ട് കൊണ്ടുപോവാൻ കഴിഞ്ഞില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളുണ്ടായി. പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്നത്തെ മുഖമായിരുന്നില്ല കോൺഗ്രസിന് ഉണ്ടാവുക. പുനഃസംഘടന മെയ് മാസത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ താൻ തന്റെ വഴിക്കുപോകുമെന്ന് സുധാകരൻ തുറന്നടിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതാവ് ആരാണെന്ന് വേദിയിൽ വെച്ച് ടി.എൻ പ്രതാപനോട് കെ. സുധാകരൻ ചോദിച്ചു.
ഇതൊന്നും തൻ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയില്ലാത്ത സംവിധാനമായി കോൺഗ്രസ് മാറിയെന്ന ഉദ്ഘാടന ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിന് പിന്നാലെയാണ് സംഘടനാ രേഖ അവതരിപ്പിച്ച് സുധാകരൻ പൊട്ടിത്തെറിച്ചത്.
കെ മുരളീധരൻ, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊഴികെ പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം രണ്ടുദിവസത്തെ ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്. സംഘടനാ പ്രവർത്തന പദ്ധതി രൂപീകരിക്കാനും വരുന്ന ലോക്സഭാതെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആലോചിക്കാനുമാണ് ദ്വിദിന നേതൃസംഗമം കെപിസിസി സംഘടിപ്പിച്ചതെങ്കിലും ആഭ്യന്തര പരസ്പര ആരോപണങ്ങളുമായിരുന്നു ആദ്യ ദിനം യോഗത്തിലുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here