കെ സുധാകരനും സിപിഐ എം നേതാക്കളെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്ക്

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ സിപിഐ എം നേതാക്കളെ എന്നിവരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1995 ഏപ്രില്‍ 12ന് ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്രയില്‍വച്ച് ഇ പി ജയരാജനുനേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമ്പോഴാണ് ഗൂഢാലോചനയിലെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ എസ് യു നാസര്‍ ഹൈക്കോടതിയെ അറിയിച്ചത്. 1995ല്‍ സുധാകരന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി 2016 ആഗസ്ത് 10ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിന്റെ പകര്‍പ്പും ഹാജരാക്കി.

ഉന്നത സിപിഐ എം നേതാക്കളോട് കെ സുധാകരനുണ്ടായിരുന്ന രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചത്. ഒന്നും മൂന്നും പ്രതികളായ സുധാകരനും രാജീവനും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ്, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളില്‍ താമസിച്ച് മറ്റൊരു പ്രതി എം വി രാഘവനുമായി ടെലിഫോണിലൂടെ ഗൂഢാലോചന നടത്തി. സംസ്ഥാനത്തിന് പുറത്തുവച്ച് മൂന്നു നേതാക്കളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടു. 1995ല്‍ പഞ്ചാബില്‍ നടന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതി. ജയരാജന്‍ യാത്ര ചെയ്ത രാജധാനി എക്സ്പ്രസില്‍ കണ്ണൂര്‍ സ്വദേശികളായ നാലാം പ്രതി ശശിയും അഞ്ചാം പ്രതി പി കെ ദിനേശനും കയറി. ട്രെയിന്‍ ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷനു സമീപമെത്തിയപ്പോള്‍ ജയരാജനുനേരെ ദിനേശന്‍ രണ്ട് റൗണ്ട് വെടിവച്ചു. കഴുത്തില്‍ വെടിയേറ്റു.

Also Read: ശാർക്കര ദേവീക്ഷേത്രത്തിലെ ആർഎസ്‌എസ്‌ ആയുധപരിശീലനം: ഹൈക്കോടതി വിശദീകരണം തേടി

ചിരാല പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് ഇ പി ജയരാജന്‍ തിരുവനന്തപുരം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് കേസെടുത്തു. സുധാകരന്‍, രാജീവന്‍, വിക്രംചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരടക്കം അഞ്ചുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ രണ്ടാംപ്രതി എം വി രാഘവന്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷവും നാലാംപ്രതി ശശി അന്വേഷണ കാലയളവിലും മരിച്ചു.

സുധാകരനും മൂന്നാം പ്രതി രാജീവനുമെതിരായ വിചാരണ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുമ്പോള്‍ 2016ലാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ച് അന്തിമവാദത്തിനായി 27 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News