കെ സുധാകരന് മൂക്കുകയറിട്ട് ഹൈക്കമാന്‍ഡ്, ഏകപക്ഷീയ തീരുമാനങ്ങള്‍ പരിശോധിക്കും

ഏഴ് എംപിമാര്‍ ഉന്നയിച്ച പരാതിയില്‍ സുധാകരനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ്. ഏകപക്ഷീയമായ നീക്കങ്ങളുമായി മുന്നോട്ടുപോകരുതെന്ന സന്ദേശം ഹൈക്കമാന്‍ഡ് സുധാകരന് നല്‍കിയിട്ടുണ്ട്. പുനഃസംഘടനയില്‍ അന്തിമ തീരുമാനത്തിന് പുതിയ സമിതി രൂപീകരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ഇന്നലെ കെസി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുധാകരന്‍ തീര്‍ത്തും ഒറ്റപ്പെട്ട് പോയിരുന്നു. കെ മുരളീധരനും എംകെ രാഘവനും കെപിസിസി അച്ചടക്ക നോട്ടീസ് അയച്ചതിലും സുധാകരനെതിരായ പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള നേതാക്കളാരും സുധാകരനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. കെ മുരളീധരനും എംകെ രാഘവനും പുറത്ത് ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്നെ ഇന്നലത്തെ യോഗത്തിലും അവര്‍ത്തിച്ചു. സുധാകരന്റെ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന ശക്തമായ വിമര്‍ശനം കൂടി ഇരുവരും യോഗത്തില്‍ ഉന്നയിച്ചു.

എംപിമാര്‍ അച്ചടക്കം ലംഘിക്കാന്‍ ശ്രമിച്ചെന്ന വാദം സാധൂകരിക്കാന്‍ യോഗത്തില്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സംഘടനാ പുന:സംഘടനയില്‍ ഏകപക്ഷീയ സമീപനം ഉണ്ടായി എന്ന കേരളത്തില്‍ നിന്നുയര്‍ന്ന പരാതികളും യോഗത്തില്‍ ഉയര്‍ന്നു. പുന:സംഘടന സംബന്ധിച്ച പരാതികള്‍ പരിഹരിച്ച് പോകണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് കെ.സുധാകരന് നല്‍കിയത്. എംപിമാരുടെയും കേരളത്തില്‍ നിന്നുള്ള പ്രമുഖനേതാക്കളുടെയും പരാതി മുഖവിലക്കെടുക്കുന്നു എന്ന സന്ദേശവും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. പുനഃസംഘടനയില്‍ അന്തിമ തീരുമാനത്തിന് പുതിയ സമിതി രൂപീകരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എംപിമാരെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരക്കുക എന്ന തീരുമാനവും സുധാകരന് തിരിച്ചടിയാണ്. പുന:സംഘടനയില്‍ അടക്കം കെപിസിസി നേതൃത്വത്തിനെതിരെ പരാതിപറഞ്ഞ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയതും ഇനി ഏകപക്ഷീയമായി പോകാന്‍ കഴിയില്ലെന്ന കെ സുധാകരനുള്ള ഹൈക്കമാന്‍ഡിന്റെ സന്ദേശമാണ്.

നേരത്തെ കെസി വേണുഗോപാലിന്റെ അനുഗ്രഹാശിസ്സുകള്‍ കെ സുധാകരനുണ്ടായിരുന്നു. എന്നാല്‍ കെപിസിസി പുന:സംഘടനയില്‍ അടക്കം കെ സുധാകരന്‍ സ്വന്തം ഇഷ്ടക്കാരെ തിരുകികയറ്റിയെന്ന വികാരം കെസി വേണുഗോപാലിനും കേരളത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ വിഡി സതീശനുമുണ്ട്.

നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ സുധാകരനും വിഡി സതീശനും എതിരെ സംയുക്ത നീക്കം നടത്തിയിരുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായും രഹസ്യമായും ഇത്തരം നീക്കങ്ങളെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ സുധാകരന്റെ സമീപനങ്ങളോട് വിഡി സതീശനും വിയോജിപ്പ് വന്നതോടെയാണ് ഗ്രൂപ്പുകള്‍ സുധാകരനെ കൂടുതല്‍ ഉന്നമിട്ട് തുടങ്ങിയത്. പുന:സംഘടനയിലെ അതൃപ്തിയാണ് സുധാകരനെതിരെ നീങ്ങാന്‍ ഗ്രൂപ്പ് നേതാക്കളെയും എംപിമാരെയും പ്രേരിപ്പിച്ചത്.

സുധാകരനെ ലക്ഷ്യമിട്ടായിരുന്നു കെ മുരളീധരനും എംകെ രാഘവനും പരസ്യമായി രംഗത്ത് വന്നത്. രമേശ് ചെന്നിത്തലയും എംഎം ഹസനുമെല്ലാം സുധാകരന്റെ നിലപാടുകള്‍ ഏകപക്ഷീയമാണെന്ന് പറയാതെ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് എംപിമാര്‍ കേരളത്തിലെ നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡിനെ സഹായിച്ചത്. ഈ വിഷയത്തില്‍ സുധാകരന് അനുകൂലമായോ പ്രതികൂലമായോ വിഡി സതീശന്‍ രംഗത്ത് വന്നില്ലായെന്നതും ശ്രദ്ധേയമാണ്. വിഡി സതീശന്റെ മൗനം അതിനാല്‍ തന്നെ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാണ്. കെസി വേണുഗോപാല്‍ തിടുക്കപ്പെട്ട് കേരളത്തിലെ വിഷയത്തില്‍ ഇടപെട്ടതും ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News