വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നത്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് മനസ്സിലാക്കാതെയുള്ള ഒരു വിധിന്യായമായിട്ടാണ് നിയമവിദഗ്ദ്ധര്‍ അടക്കം ഈ സംഭവത്തെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഭരിക്കുന്ന ഭരണകൂടത്തിന് രാഹുല്‍ ഒരു തലവേദനയാണെന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്. ഇന്ത്യാരാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ആര്‍എസ്എസിനോടും ഫാസിസത്തോടും പടവെട്ടാനുള്ള കഴിവും പ്രാപ്തിയും കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു..’നിശ്ചയമായും, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപം പകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നത്’ സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു അനിവാര്യമായ നേതാവാണെന്ന് എതിര്‍ക്കുന്നവര്‍ പോലും ഉള്‍ക്കൊള്ളുന്നു. നേരത്തെ പിന്തുണയ്ക്കാത്തവര്‍പോലും ഇപ്പോള്‍ പിന്തുണച്ചു. ഇതൊരു തിരുത്തലിന്റെ തുടക്കമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ കെഎസ്യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ മൂന്ന് പ്രവർത്തകരുടെ തലയ്ക്ക് പരുക്കേറ്റു . കോഴിക്കോടും കോൺഗ്രസ് മാർച്ചിൽ സംഘർഷം ഉണ്ടായി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ റെയിൽവേ സ്റ്റേഷന് അകത്തേക്ക് തള്ളിക്കയറിയതാണ് സംഘർഷത്തിന് കാരണം. കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാത തടഞ്ഞായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ബൈപ്പാസ് ഉപരോധിച്ചു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് ഷെഫീക്കിന്‍റെ നേതൃത്വത്തിൽ കൊമ്മാടിയിലായിരുന്നു ഉപരോധം. ബൈപ്പാസിൽ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here