കെസി ജോസഫിനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം ആയുധമാക്കാന്‍ എ ഗ്രൂപ്പ്. പരസ്യ പ്രസ്താവന വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെയാണ് കെസി ജോസഫിനെപ്പോലൊരു മുതിര്‍ന്ന നേതാവിനെ അപമാനിക്കുന്ന പരസ്യപ്രസ്താവന നടത്തിയതെന്ന പരാതിയും ഉയരുന്നുണ്ട്്. ബിജെപിക്ക് പിന്നാലെ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിക്കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നീക്കത്തെ തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെ സുധാകരന്‍ നടത്തിയ പ്രസ്താവനയാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് കെസി ജോസഫിനെ പരിഹസിക്കുന്ന നിലയിലായിരുന്നു കെ സുധാകരന്റെ മാധ്യമങ്ങളോടുള്ള പരസ്യ പ്രതികരണം. കെസി ജോസഫ് കത്ത് നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അപക്വമായി പോയി’ എന്ന് പ്രതികരിച്ച സുധാകരന്‍ ‘പാര്‍ട്ടികകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെ’ന്നും വ്യക്തമാക്കിയിരുന്നു. ഈ പ്രതികരണം കെസി ജോസഫിനെ അപമാനിക്കുന്നതാണെന്നാണ് എ ഗ്രൂപ്പിന്റെ പരാതി.
നേരത്തെ ബിജെപി നേതാക്കള്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവായ കെസി ജോസഫ് കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ബിജെപി നീക്കവും അതിനോടുള്ള ബിഷപ്പുമാരുടെ സമീപനവും ഗൗരവത്തോടെ കാണണമെന്നായിരുന്നു കത്തില്‍ കെസി ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കണമെന്നും കെസി ജോസഫ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കെസി ജോസഫ് കത്ത് നല്‍കിയതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടക്കാനുള്ള നീക്കം കെ സുധാകരന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായും താമരശ്ശേരി ബിഷപ്പുമായും കെ സുധാകരന്‍ അടുത്തആഴ്ച കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു.
കെസി ജോസഫ് കത്ത് നല്‍കിയതിന് പിന്നാലെ മതമേലധ്യക്ഷന്മാരെ കാണാന്‍ തീരുമാനിച്ച സുധാകരന്‍ എന്തുകൊണ്ടാണ് കെസി ജോസഫിനെ പരസ്യമായി അപമാനിച്ചത് എന്ന ചോദ്യമാണ് എ ഗ്രൂപ്പ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. സുധാകരന്റെ പരാമര്‍ത്തെക്കുറിച്ച് കെസി ജോസഫും പ്രതികരിച്ചിട്ടുണ്ട്. ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ള മുന്നറിയിപ്പാണെന്ന് കെസി ജോസഫ് ഓര്‍മ്മപ്പെടുത്തി. ബിജെപി സൃഷ്ടിച്ചിരിക്കുന്ന അതീവഗൗരവമുള്ള സാഹചര്യം കണക്കിലെടുക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. നേരത്തെ രമേശ് ചെന്നിത്തലും കെ മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതും കെസി ജോസഫ് ഓര്‍മ്മിപ്പിച്ചു. ഇത്തരം വിഷയങ്ങള്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ലെന്നും കെസി ജോസഫ് വ്യക്തമാക്കി.
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനിറങ്ങിയ കേരളത്തിലെ കോണ്‍ഗ്രസില്‍ അതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here