ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങള്‍ നീക്കിയതിനെതിരെ കെ ടി ജലീല്‍. ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാനാണ് മുഗള്‍ കാലമുള്‍പ്പടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയതെന്നും. ലോകം ഇന്ത്യയെ പരിഹസിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും. ഇത് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നതെന്നും കെ ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
‘ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട. സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കുന്ന പ്രശ്‌നമില്ല. ലോകം മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ അതിവേഗം പിന്നോട്ടാണ് കുതിക്കുന്നത്. 800 വര്‍ഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാന്‍ മുഗള്‍ കാലമുള്‍പ്പെടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മുഖ്യധാരാ മതേതര പാര്‍ട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നത്. രാഹുല്‍ ഗാന്ധിക്കായി പന്തം കൊളുത്തുകയും രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്ത മുസ്ലിംലീഗും അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ മൗനത്തിലാണ്.
ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയില്‍ നിന്നാണ് സുപ്രധാന വിവരങ്ങളും അദ്ധ്യായങ്ങളും എന്‍.സി.ഇ.ആര്‍.ടി വെട്ടിമാറ്റിയിരിക്കുന്നത്. മുഗള്‍ ചരിത്രത്തോടൊപ്പം ജനാധിപത്യത്തെയും ബഹുസ്വരതയെയും സമന്വയാത്മക സംസ്‌കാരത്തെയും പ്രതിപാദിക്കുന്ന പാഠ ഭാഗങ്ങള്‍ ഇനി മേലില്‍ കുട്ടികള്‍ക്ക് പഠിപ്പിക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.
ജനകീയ സമരങ്ങളെയും ജനകീയ പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന അദ്ധ്യായങ്ങളും മേലില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടി വരില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം, ഗുജറാത്ത് വംശഹത്യ, ദളിതര്‍ നേരിടുന്ന പീഡനവും വിവേചനവുമെല്ലാം ഒഴിവാക്കപ്പെട്ട ഭാഗങ്ങളില്‍ ഉള്‍പ്പെടും.
ഈ കത്രിക വെക്കലിന് പിന്നാലെയാണ് ചരിത്ര സ്മാരകങ്ങളായ താജ്മഹലും കൂതുബ്മിനാറും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരിക്കുന്നത്. അവിടങ്ങളില്‍ ക്ഷേത്രം പണിയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകം ഇന്ത്യയെ പരിഹസിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. പത്ര-ദൃശ്യ മാധ്യമങ്ങളുടെ മേല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ കാരണം രാജ്യത്ത് നടക്കുന്ന അരുതായ്മകള്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയോ തമസ്‌കരിക്കപ്പെടുകയോ ചെയ്യുകയാണ്.
ഇന്ത്യയില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന തോന്നിവാസങ്ങള്‍ വിളിച്ചു പറയുന്നവരെ ബി.ജെ.പി നേതാക്കള്‍ ‘ഭീകരവാദി’ മുദ്ര കുത്തുമെന്ന് ഭയന്ന് ലീഗുള്‍പ്പടെയുള്ള സംഘടനകളും പ്രത്യേക ജാഗ്രതയിലാണ്. മടിയില്‍ അവിഹിത സമ്പാദ്യത്തിന്റെ കനമുള്ളവരെല്ലാം മൗനത്തില്‍ അഭയം തേടിയ കാഴ്ച ദയനീയം തന്നെ. കത്വ, ഉന്നാവോ പെണ്‍കുട്ടികള്‍ക്കായി നടത്തിയ പിരിവിലെ തട്ടിപ്പുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത് കൊണ്ടാകാം നാഴികക്ക് നാല്‍പത് വട്ടം പത്രസമ്മേളനം വിളിക്കുന്ന യുവ സിങ്കങ്ങളും കാണാമറയത്താണ്.
ഇ.ഡിയെ ഭയമില്ലാത്തവര്‍ക്കും ‘ഭീകരവാദി പട്ടത്തെ’ പേടിയില്ലാത്തവര്‍ക്കും മാത്രമേ നാട്ടില്‍ നടക്കുന്ന താന്തോന്നിത്തങ്ങളെ വിമര്‍ശിക്കാനും ജന മദ്ധ്യത്തില്‍ തുറന്നു കാട്ടാനും സാധിക്കൂ. ആ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരും അവരുടെ പ്രസിദ്ധീകരണങ്ങളും മുന്നിലുണ്ട്. ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെ ലേഖനമുള്‍പ്പടെ മൂന്ന് വാര്‍ത്തകളാണ് സംഘപരിവാര്‍ ഒളി അജണ്ടകളെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദേശാഭിമാനിയുടെ കട്ടിംഗുകളാണ് ഇമേജില്‍.
ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണം. പാര്‍ലമെന്റിനകത്തും പുറത്തും ജനാധിപത്യ വിരുദ്ധതക്കെതിരെ മതേതര ചേരിയിലെ എം.പിമാര്‍ ശബ്ദിക്കണം. സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചരിത്ര തമസ്‌കരണത്തിനെതിരെ രംഗത്ത് വരണം. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരണം. മതേതര ഇന്ത്യയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here