‘നമുക്ക് വേണ്ടത് ഡമോക്രസിയാണ്, ‘മോദിയോക്രസി’യല്ല’, പ്രധാനമന്ത്രി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു: കെ ടി ജലീൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം സമുദായത്തിന് സംവരണം നൽകില്ല എന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എം എൽ എ പ്രതികരിച്ചത്. ഇന്ത്യയുടെ നിർമ്മിതിയിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും സഹോദര സമുദായങ്ങളെപ്പോലെത്തന്നെ പങ്കുവഹിച്ചവരാണ് മുസ്ലിം സമൂഹമെന്നും, രാജ്യവിഭജനം ഹിന്ദുമഹാസഭയും മുസ്ലിംലീഗും ഒരുമിച്ച് ആവശ്യപ്പെട്ടതനുസരിച്ച് നടന്ന പാതകമാണെന്നും കെടി ജലീൽ കുറിച്ചു.

കെ ടി ജലീൽ എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവർ എം എൽ എ

മോദിയുടെ പ്രസംഗം: കോൺഗ്രസ്സിൻ്റെ അവഗണ.

മോദിയുടെ വർഗ്ഗീയ വിഷം ചീറ്റിയുള്ള പ്രസ്താവനകൾ തുടരുകയാണ്. ഇന്ത്യയുടെ നിർമ്മിതിയിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും സഹോദര സമുദായങ്ങളെപ്പോലെത്തന്നെ പങ്കുവഹിച്ചവരാണ് മുസ്ലിം സമൂഹം. രാജ്യവിഭജനം ഹിന്ദുമഹാസഭയും മുസ്ലിംലീഗും ഒരുമിച്ച് ആവശ്യപ്പെട്ടതനുസരിച്ച് നടന്ന പാതകമാണ്.”Hindus and Muslims are separate nations”(ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്ത രാഷ്ട്രങ്ങളാണ്) എന്ന ഹിന്ദുമഹാസഭയുടെ പ്രഖ്യാപനം സർവ്വേന്ത്യാ മുസ്ലിംലീഗും ഏറ്റെടുത്തതോടെ മതാടിസ്ഥാനത്തിലുള്ള വിഭജനം യാഥാർത്ഥ്യമായി. വിഭജനാനന്തരം പിളർപ്പിൻ്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടിവന്നത് ഇന്ത്യയിൽ അവശേഷിച്ച മുസ്ലിങ്ങളാണ്.

പോകാൻ ഒരു മതരാഷ്ട്രമുണ്ടായിട്ടും ഹിന്ദുഭൂരിപക്ഷമുള്ള മതേതര രാഷ്ട്രത്തിൽ നിൽക്കാൻ തീരുമാനിച്ച മുസ്ലിങ്ങളെയാണ് സംഘ്പരിവാറുകാർ ഏറ്റവുമധികം വേട്ടയാടിയത്. സത്യത്തിൽ അവർ സംരക്ഷിക്കപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. തോൽവി മുന്നിൽ കണ്ടാണോ എന്നറിയില്ല പ്രധാനമന്ത്രി നരേന്ദ്രമോദി, മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിച്ച് വോട്ടുതേടൽ തുടരുന്നത്. രാജ്യത്തിൻ്റെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതംവെച്ച് കൊടുക്കാനാണ് കോൺഗ്രസ്സിൻ്റെ നീക്കമെന്ന മട്ടിൽ മോദി നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിനും അവരുടെ മക്കൾക്കും കിട്ടേണ്ട സമ്പത്താണ് മുസ്ലിങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത് എന്ന പ്രതീതി സൃഷ്ടിച്ച് അന്ധമായ പകയും വിദ്വേഷവും മുസ്ലിങ്ങൾക്കെതിരെ സൃഷ്ടിച്ച് ലാഭം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമം. “നുഴഞ്ഞുകയറ്റക്കാരായ” മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് തുരത്തണമെന്ന വ്യംഗ്യാർത്ഥവും അതിലുണ്ട്. അംബാനിയും അദാനിയും ടാറ്റയും ബിർളയും ഗോയങ്കെയും ഉൾപ്പടെയുള്ള വൻകോർപ്പറേറ്റുകളാണ് നമ്മുടെ സമ്പത്തിൻ്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത്.
ഭൂപരിഷ്കരണ നിയമം പോലെ ഭൂമിയേതര സമ്പത്തിൻ്റെ വീതംവെപ്പ് ലക്ഷ്യം വെച്ചുള്ള പരിഷ്കരണ നിയമം കൊണ്ടുവന്ന് രാജ്യത്തെ പാവപ്പെട്ട ഹിന്ദുക്കളുൾപ്പടെയുള്ള കോടാനുകോടി മനുഷ്യർക്ക് ഭാഗിച്ച് നൽകാനാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടത്. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിൻ്റെ അവസരങ്ങളും സമ്പത്തും കയ്യടക്കി വെച്ചിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള ഭരണകർത്താക്കളുടെ പ്രഖ്യാപനങ്ങൾ അണയാത്ത അകൽച്ചയുടെ കനലാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ കോരിയിടുക. ഭൂരിപക്ഷ സമുദായത്തിലെ സംവരണത്തിന് അർഹതയില്ലാതിരുന്ന മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ഉന്നതവിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കൊണ്ടുവന്നതോടെ ബന്ധപ്പെട്ട ജനവിഭാഗങ്ങളിലെ ഏതാണ്ടെല്ലാവരും സംവരണത്തിൻ്റെ പരിധിയിൽ വന്നിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഒരിക്കലും ഒരു രാഷ്ട്ര നേതാവിൻ്റെ നാവിൽ നിന്ന് വരാൻ പാടില്ലാത്ത വാക്കുകൾ നരേന്ദ്രമോദിയുടെ നാക്കിൽ നിന്ന് തീക്കാറ്റുപോലെ അടിച്ചുവീശിയിരിക്കുന്നത്.

സംവരണം ആരുടെയും ഔദാര്യമല്ല. എല്ലാ മതസമുദായങ്ങളിൽ പെട്ട പിന്നോക്കക്കാരൻ്റെയും അവകാശമാണ്. സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാൽ പിൻതള്ളപ്പെട്ടുപോയ ജനതതികളെ മുന്നോട്ടു കൊണ്ടുവന്ന് സാമ്പത്തിക-സാമൂഹ്യ-അവസര സമത്വം ഉറപ്പാക്കാനുള്ള പ്രായോഗിക മാർഗ്ഗമാണ് സംവരണം. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെടുന്നവരും ഈഴവരുൾപ്പടെയുള്ള ഹൈന്ദവ പിന്നോക്ക വിഭാഗങ്ങളും ഇന്ന് കാണുന്ന അഭിവൃദ്ധിയിൽ എത്തിയത് സംവരണത്തിൻ്റെ ഏണിപ്പടികൾ ചവിട്ടിയാണ്. കേരളത്തിൽ മുസ്ലിങ്ങൾക്കും അതിനുള്ള അവസരം ലഭിച്ചു. ഇന്ത്യാരാജ്യത്ത് ഒ.ബി.സി യിൽ ഉൾപ്പെട്ട നാമമാത്ര മുസ്ലിങ്ങൾക്കും സംവരണാനുകൂല്യം കിട്ടി. അതെല്ലാം എടുത്തുകളയുമെന്നാണോ പ്രധാനമന്ത്രി ഉദ്ദേശിച്ചത്?

ALSO READ: നിനക്കിതിന് മണിക്കൂറിനാണോ ദിവസത്തിനാണോ കൂലി? വീണ്ടും വ്യാജ പ്രചാരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വളച്ചൊടിക്കാൻ ശ്രമം

കാലാന്തരത്തിൽ ജനപ്രാതിനിധ്യ സഭകളിലും, പട്ടികജാതി-പട്ടികവർഗ്ഗത്തെ പോലെ മുസ്ലിങ്ങൾക്ക് സംവരണ മണ്ഡലങ്ങൾ ഉണ്ടാക്കേണ്ട അവസ്ഥയാണ് ഇന്ത്യയിൽ രൂപപ്പെട്ട് വരുന്നത്. ബി.ജെ.പിക്ക് ഒരൊറ്റ മുസ്ലിം എം.പി.യോ എം.എൽ.എയോ ഇല്ല. മതേതര പാർട്ടിയായ കോൺഗ്രസ്സും ആ വഴിക്കാണ് സഞ്ചരിക്കുന്നതെന്ന് ലോകസഭയിലേക്കുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ബോദ്ധ്യമാകും.

12.92% മുസ്ലിങ്ങളുള്ള തെലുങ്കാനയിലും, 11.54% മുസ്ലിങ്ങളുള്ള മഹാരാഷ്ട്രയിലും, 9.56% മുസ്ലിങ്ങളുള്ള ആന്ധ്രപ്രദേശിലും, 9.07% മുസ്ലിങ്ങളുള്ള രാജസ്ഥാനിലും, 9.1% മുസ്ലിങ്ങളുള്ള ഗുജറാത്തിലും, 6.57% മുസ്ലിങ്ങളുള്ള മധ്യപ്രദേശിലും 2.02% മുസ്ലിങ്ങളുള്ള ചത്തീസ്ഗഡിലും കോൺഗ്രസ്സ് ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയേയും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നില്ല. നിയമനിർമ്മാണ സഭകളിലും സർക്കാർ ഉദ്യോഗങ്ങളിലും രാജ്യത്തുള്ള എല്ലാ ജനവിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം ശരിയായ അർത്ഥത്തിൽ പുലരുക. നമുക്ക് വേണ്ടത് ഡമോക്രസിയാണ്, “മോദിയോക്രസി”യല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News