‘സുപ്രഭാതം’ വളർന്നാൽ ‘മാധ്യമം’ പൂട്ടേണ്ടിവരും എന്ന ഭയമാണ് ജമാഅത്തെ ഇസ്ലാമിക്ക്, സുന്നികളെ തകർക്കാനുള്ള മൗദൂദിസ്റ്റുകളുടെ കുതന്ത്രങ്ങൾ വെളിപ്പെടുത്തി കെടി ജലീൽ

സമസ്തക്കെതിരെ പ്രബോധനത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് കെ ടി ജലീൽ രംഗത്ത്. ‘സുപ്രഭാതം’ വളർന്നാൽ ‘മാധ്യമം’ പൂട്ടേണ്ടിവരും എന്ന ഭയമാണ് ജമാഅത്തെ ഇസ്ലാമിക്കെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ ടി ജലീൽ പറഞ്ഞു. പുതിയ സാഹചര്യത്തിൽ വെൽഫയർ പാർട്ടിക്ക് യുഡിഎഫിൽ ചേക്കാറാൻ വേണ്ടിയാണ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമാദരണീയനായ അദ്ധ്യക്ഷൻ സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മെക്കിട്ട് കയറാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹീനമായ നീക്കമെന്നും കുറിപ്പിൽ അദ്ദേഹം വ്യകത്മാക്കി.

കെ ടി ജലീലിന്റെ കുറിപ്പ്

ALSO READ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ 80.6 ലക്ഷം വാടക കിട്ടിയില്ല’, പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ

സമസ്തയിൽ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷൻ ജിഫ്രി തങ്ങൾ പ്രസിഡന്റായ ശേഷമാണ് ഉണ്ടായതെന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ “പ്രബോധന”ത്തിൻ്റെ നിരീക്ഷണം, സുന്നികളെ തകർക്കാനുള്ള മൗദൂദിസ്റ്റുകളുടെ കുതന്ത്രമാണ്. വെൽഫെയർ പാർട്ടി രൂപം കൊള്ളുന്നത് വരെ ഇടതുപക്ഷ മുന്നണിയെ ലോകസഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിരുന്നത് മൗദൂദിസ്റ്റുകളിൽ “കമ്മ്യൂണിസ്റ്റ് ഫ്രാക്ഷൻ” ഉണ്ടായിരുന്നത് കൊണ്ടാണോ എന്ന് “പ്രബോധനം” വ്യക്തമാക്കണം. ഇടതുമുന്നണിയിൽ കയറിപ്പറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുടെ “കമ്മ്യൂണിസ്റ്റ് വിരോധം” അണപൊട്ടി ഒഴുകാൻ തുടങ്ങിയത്.

പുതിയ സാഹചര്യത്തിൽ വെൽഫയർ പാർട്ടിക്ക് യുഡിഎഫിൽ ചേക്കാറാൻ വേണ്ടിയാണ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമാദരണീയനായ അദ്ധ്യക്ഷൻ സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മെക്കിട്ട് കയറാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഹീനമായ നീക്കം. എന്ന് മുതൽക്കാണ് ജമാഅത്തെ ഇസ്ലാമിയുടെ ”ശത്രു”പട്ടികയിൽ ജിഫ്രി തങ്ങളെ എഴുതിച്ചേർത്തത്?

പൗരത്വ സമരത്തിൽ ജിഫ്രി തങ്ങൾ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിട്ടതിന് ശേഷം! ആ സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂരും പങ്കെടുത്തിരുന്നല്ലോ? എന്തേ അതിനെ ജമാഅത്ത് പ്രസിദ്ധീകരണം മുജാഹിദ് പ്രസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷനായി കണ്ടില്ല? കഴിഞ്ഞ 8 വർഷമായി സർക്കാരിൻ്റെ ഒരു പരിപാടിയിലേക്കും ജമാഅത്തെ ഇസ്ലാമി ക്ഷണിക്കപ്പെടാറില്ല. ജിഫ്രി തങ്ങൾ പങ്കെടുത്ത മലപ്പുറം സമ്മേളനത്തിലേക്കും ജമാഅത്ത് ഒഴികെ എല്ലാ മുസ്ലിം സംഘടനകളെയും ക്ഷണിച്ചിരുന്നു. എല്ലാവരും വന്നു. ഇന്ത്യയിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടിയുള്ള ഏക മതസംഘടനയാണ് ജമാഅത്തെ ഇസ്ലാമി. തല മതവും വാല് രാഷ്ട്രീയവുമായത് കൊണ്ടാണ് സർക്കാർ ചടങ്ങുകളിലേക്ക് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തത്. അതിൻ്റെ കലിപ്പ് പാവം സുന്നികളോട് കാണിക്കുന്നതെന്തിനാ?

സമസ്തയിൽ സിപിഐ എം ഫ്രാക്ഷൻ ഉണ്ടെങ്കിൽ ജമാത്തെ ഇസ്ലാമിയിൽ യുഡിഎഫ് ഫ്രാക്ഷനും ഉണ്ടായിരിക്കുമല്ലോ? ഇസ്ലാമിൻ്റെ പേരിൽ ഇത്രയധികം ധാർമിക രോഷം കൊള്ളുന്ന ജമാത്തെ ഇസ്ലാമി, സ്വന്തം പത്രസ്ഥാപനത്തിൽ എന്ത് തരം മതധാർമിതയാണ് പിന്തുടരുന്നത്? 24 പ്രൂഫ് റീഡർമാരെ പിരിച്ചുവിട്ടതും അതിനെതിരെ ശക്തമായ സമരം നടന്നപ്പോൾ തിരിച്ചെടുക്കേണ്ടി വന്നതും മാലോകർക്കെല്ലാം അറിവുള്ളതാണ്. അതിൻ്റെ പ്രതികാരമെന്നോണം ജേർണലിസ്റ്റ് യൂണിയൻ നേതാക്കൾക്കെതിരെ പ്രതികാര നടപടി കൈക്കൊണ്ടത് ഏത് പ്രവാചക ചര്യയുടെ അടിസ്ഥാനത്തിലാണ്?’സുപ്രഭാതം” വളർന്ന് പന്തലിച്ചാൽ “മാധ്യമം” വൈകാതെ പൂട്ടേണ്ടിവരും എന്ന ഭയം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. “ഗൾഫ് സുപ്രഭാത”ത്തിൻ്റെ പ്രസിദ്ധീകരണം “ഗൾഫ്മാധ്യമ”ത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ചിന്തയും മാധ്യമം മാനേജ്മെൻ്റിനെ വേട്ടയാടുന്നു. അതുകൊണ്ടാണ് “സുപ്രഭാത”ത്തിൻ്റെ നെടുംതൂണായ ജിഫ്രി തങ്ങളെ മൗദൂദികൾ “കമ്മ്യൂണിസ്റ്റ്” ആക്കി ചാപ്പ കുത്താൻ ശ്രമിക്കുന്നത്.

ALSO READ: ‘തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറുകൊണ്ട് ഓടുന്ന ബിജെപി സ്ഥാനാർത്ഥി’, സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം

“ഹിറ” സെൻ്റെറിൽ പ്രോഗ്രാം തയ്യാറാക്കി ചില “മേഡേണിസ്റ്റ് ഹുദവികളു”ടെ കാർമ്മികത്വത്തിൽ കോഴിക്കോട്ട് നടന്ന മലബാർ ലിറ്റററി ഫെസ്റ്റ് (MLT) സുന്നിസത്തിൽ മൗദൂദിസം കലർത്താനുള്ള ശ്രമമായിരുന്നെന്ന് ആർക്കാണറിയാത്തത്? ശാന്തപുരത്തും ചേന്ദമംഗല്ലൂരിലും തിരൂർക്കാട്ടും പണ്ടത്തെപ്പോലെ മിടുക്കരായ കുട്ടികൾ വരാത്തതിൻ്റെ കുറവ് “സി.ഐ.സി”യെ ഉപയോഗിച്ച് സാദ്ധ്യമാക്കാൻ സാധിക്കുമോ എന്ന് പരീക്ഷിക്കാനാണ് ഔദ്യോഗിക സമസ്തക്കെതിരെ ജമാഅത്തെ ഇസ്ലാമി വാളെടുത്ത് ഇറങ്ങിയിരിക്കുന്നത്! ഇടതുപക്ഷത്തിനെതിരെ കേരളീയ മുസ്ലിം സമൂഹത്തെ മുഴുവൻ അണിനിരത്തി യു.ഡി.എഫിൻ്റെ പ്രീതി നേടാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കം യഥാർത്ഥ സുന്നികൾ തിരിച്ചറിയുക തന്നെ ചെയ്യും.

ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കാരുടെ എഫ്.ബി പേജുകളിലും വോളുകളിലുമെല്ലാം നിറയുന്നത് “ബഹാവുദ്ദീൻ മാലയാണ്”. അദ്ദേഹം ഉത്തരേന്ത്യയിൽ ചെയ്യുന്ന സേവന പ്രവർത്തനങ്ങളുടെ പ്രകീർത്തനങ്ങളാണ്. കേരളത്തിന് പുറത്തുള്ള മുസ്ലിങ്ങൾക്ക് വേണ്ടി ഏറ്റവും വലിയ സേവനം ചെയ്യുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരാണ്. എ.പി ഉസ്താദിൻ്റെ സേവനങ്ങളെ പറ്റി ഒരക്ഷരം ഉരിയാടാത്ത മൗദൂദിക്കുട്ടികൾ “മോഡേണിസ്റ്റ് ഹുദവി “കളെ കുറിച്ച് സങ്കീർത്തനം ചൊല്ലുന്നത് കേൾക്കാൻ നല്ല രസമുണ്ട്. ഇടതുപക്ഷ ചേരിയോട് ആഭിമുഖ്യമുള്ള അവസാനത്തെ മുസ്ലിമിനെയും വലതുപക്ഷത്ത് എത്തിക്കാൻ കരാറെടുത്ത് കേരളത്തെ ഉത്തരേന്ത്യയാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പല്ലുംനഖവും ഉപയോഗിച്ച് ചെറുക്കണം.

മതേതര പക്ഷത്തുള്ള മുസ്ലിങ്ങളിൽ പോലും വർഗീയവിഷം കുത്തിവെക്കുന്ന മൗദൂദികൾ രാജ്യത്തെ മതാടിസ്ഥാനത്തിൽ വീണ്ടും പിളർത്താൻ ബൗദ്ധികാടിത്തറ ഒരുക്കുകയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ അന്തർദേശീയ തലത്തിൽ നടത്തിയ “ഫലസ്തീൻ ഐക്യദാർഡ്യം” ലോക മുസ്ലിങ്ങൾ കണ്ടതാണ്. ‘സ്വതന്ത്രപലസ്തീൻ’ എന്ന ആശയത്തെ സർവ്വാത്മനാ അംഗീകരിച്ചവരുടെ കൂട്ടത്തിൽ ചൈന ഉൾപ്പടെ നിലവിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും റഷ്യയടക്കമുള്ള പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഉണ്ടെന്നത് മതഭ്രാന്തിൻ്റെ ആശയാടിത്തറ പാകാൻ കിണഞ്ഞ് ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ മനസ്സിലാക്കണം.

കേരളത്തിലെ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ പരാതിക്കാരൻ്റെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ച് ഒരു എഫ്ഐആർ തയ്യാറാക്കിയാൽ അത് പിണറായി വിജയൻ്റെ അറിവോടെയാണ് ചെയ്യുന്നതെന്ന് കള്ളപ്രചരണം നടത്തുന്നവർ പൊറുക്കാനാവാത്ത പാതകമാണ് മുസ്ലിം സമൂഹത്തോട് ചെയ്യുന്നത്. പിണറായി വിജയൻ “ഇസ്ലാമോഫോബിക്കാ”ണെന്ന് മുദ്രയടിക്കുന്ന “പ്രബോധനം”, കേരള രാഷ്ട്രീയത്തിലെ ചാപ്പിള്ളയായ വെൽഫെയർ പാർട്ടിക്ക് ജീവൻ വെപ്പിക്കാൻ നടത്തുന്ന നെറികെട്ട പ്രവൃത്തിയെ മുസ്ലിം സമൂഹം തിരിച്ചറിയും.

പിണറായിയെ കുറിച്ച് കേരളത്തിലെ ഇരുവിഭാഗം സുന്നികൾക്കോ, മുജാഹിദുകൾക്കോ, തബ്ലീഗ് ജമാഅത്തിനോ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമക്കോ ഇല്ലാത്ത അഭിപ്രായം, ജമാഅത്തെ ഉസ്ലാമിക്ക് മാത്രം എങ്ങിനെയാണ് ഉണ്ടായത്? സിപിഐ എം മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന അഭിപ്രായം മൗദൂദിസ്റ്റുകൾക്കല്ലാതെ മറ്റേതെങ്കിലും മുസ്ലിം സംഘടനക്ക് ഉണ്ടോ? പിണറായി വിജയൻ “ഇസ്ലാമോഫോബി”ക്കും സിപിഐ എം മുസ്ലിം വിരുദ്ധ പാർട്ടിയുമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വാദമെങ്കിൽ, ഇന്ത്യയിൽ ആർ.എസ്.എസിനെക്കാൾ വലിയ വർഗ്ഗീയവാദികളും മതരാഷ്ട്ര വാദികളും മൗദൂദിസ്റ്റുകളാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ ജമാഅത്തെ ഇസ്ലാമി നീരസപ്പെട്ടിട്ട് കാര്യമില്ല. ഇങ്ങോട്ട് പറയുമ്പോൾ ഓർക്കണം അങ്ങോട്ടും അതേ നാണയത്തിൽ തിരിച്ച് കിട്ടുമെന്ന്.

ലോകായുക്ത സിറിയക് ജോസഫ് എന്ന കൃസംഘി നടത്തിയ അന്യായമായ വിധി പൊക്കി പിടിച്ച് സുന്നി വിഷയത്തിൽ എനിക്കെതിരെ പോരിനിറങ്ങിയ മൗദൂദിസ്റ്റുകളോട് ഒരു വാക്ക്: സിറിയക്ക് ജോസഫിൻ്റെ എന്നെ കുറ്റക്കാരനാക്കിയ വിധിക്കെതിരെയും, അയാൾ നീതിന്യായ നിർവ്വഹണത്തിൽ ചെയ്ത അഴിമതികൾക്കെതിരെയും, അദ്ദേഹത്തിൻ്റെ അവിഹിത സമ്പാദ്യങ്ങളെ കുറിച്ചും, അധികാര ദുർവിനിയോഗം നടത്തി അഭയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ നടത്തിയ ഗൂഢനീക്കങ്ങളെ സംബന്ധിച്ചും, പലതവണ പരസ്യമായി പറഞ്ഞിട്ടും എഴുതിയിട്ടും എനിക്കെതിരെ ഒരു നിയമ നടപടിക്ക് സിറിയക് ജോസഫ് തുനിയാത്തത് ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമായത് കൊണ്ട് തന്നെയാണ്. എല്ലാ തെളിവുകളും ജോമോൻ പുത്തൻപുരയ്ക്കലിൻ്റെയും എൻ്റെയും കയ്യിലുണ്ട്. ജോമോനും ഞാനും സിറിയക് ജോസഫിനെതിരെ പറഞ്ഞതിൽ എന്തെങ്കിലും വസ്തുതാവിരുദ്ധമായി ഉണ്ടായിരുന്നെങ്കിൽ എന്നേ ഞങ്ങൾക്കെതിരെ അദ്ദേഹം കേസ് കൊടുക്കുമായിരുന്നു. ഉപലോകായുക്തയെ കൊണ്ട് നിർബന്ധിച്ചാണ് എനിക്കെതിരെയുള്ള വിധിയിൽ സിറിയക്ക് ജോസഫ് ഓപ്പുവെപ്പിച്ചതെന്ന ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്.

കരുവാരകുണ്ടിലെ ഒരു എ.ഐ.പി എയ്ഡഡ് സ്കൂളിൽ നടന്നതായി ആക്ഷേപിക്കപ്പെടുന്ന ക്രമക്കേടിനെ കുറിച്ച് ഞാൻ പറയാത്തത് ലോകായുക്താ വിധിയും കാവൽമന്ത്രിസഭയിൽ നിന്നുള്ള എൻ്റെ രാജിയുമാണ് കാരണം എന്നാണ് മൗദൂദിക്കുട്ടികളുടെ കണ്ടെത്തൽ. പണ്ട് ജെ.ഡി.റ്റിയിലെ ഹസ്സനാജിയെ അപമാനിച്ച് ഒന്നുമല്ലാതാക്കിയ പോലെ, സുന്നി നേതാക്കളെ വഷളാക്കി നശിപ്പിക്കാനുള്ള ജമാഅത്തിൻ്റെ കുൽസിത ശ്രമത്തിന് കൂട്ടുനിൽക്കാൻ തൽക്കാലം ആളെക്കിട്ടില്ല. നാട്ടിൽ നടക്കുന്ന ഓരോ കാര്യത്തിലും ഞാൻ അഭിപ്രായം പറയാൻ തുടങ്ങിയാൽ സുന്നികളുടെ സ്ഥാപനത്തിലുണ്ടായ വിഷയം മാത്രമല്ല, ചേന്ദമംഗല്ലൂർ എയ്ഡഡ് ഹയർസെക്കൻ്ററി സ്കൂളിലെ ബന്ധു നിയമനങ്ങളെ കുറിച്ചും, മാധ്യമത്തിലെയും മീഡിയാ വണ്ണിലെയും ജമാഅത്ത് നേതാക്കളുടെ മക്കളെയും മരുമക്കളെയും കുഞ്ചികസ്ഥാനങ്ങളിൽ കുടിയിരുത്തി വൻ ശമ്പളം അടിച്ചെടുക്കുന്നതിനെക്കുറിച്ചും, എനിക്ക് പറയേണ്ടതായി വരില്ലേ?

പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് കെട്ടിപ്പടുത്ത നിരവധി മതഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ കുടുംബസ്വത്താക്കി മാറ്റിയതിനെ സംബന്ധിച്ചും എനിക്ക് വിശദീകരിക്കേണ്ടി വരില്ലേ? കരുവാരകുണ്ട് പ്രശ്നം ചർച്ചക്കെടുത്താൽ ജമാഅത്തെ ഇസ്ലാമി ‘ദീൻ’ (മതം) പറഞ്ഞ് ജനങ്ങളിൽ നിന്ന് പിരിച്ച് മുതൽ സംഖ്യയും ലാഭവുമില്ലാതെ ഒരുപാട് ആളുകളെ ചതിച്ച് കണ്ണീര് കുടിപ്പിച്ച ഷെയർ ബിസിനസുകളുടെ കഥകളും വിസ്തരിക്കേണ്ടി വരില്ലേ? ധൈര്യമുണ്ടെങ്കിൽ ദാവൂദും ഹുസൈനും ഹിലാലും അടങ്ങുന്ന ജമാഅത്തെ ഇസ്ലാമിയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇസ്ലാമിക രാഷ്ട്ര തീവ്രവാദികൾ സ്ഥലവും സമയവും തിയ്യതിയും നിശ്ചയിച്ചോളൂ. പരസ്യ സംവാദത്തിന് ഞാൻ തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News