ഓര്‍മ്മയുണ്ടോ ആ മിടുക്കനെ? വൈറലായി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മിടുക്കനായ വിദ്യാര്‍ത്ഥിയുടെ ഭാവി ചട്ടങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി തകര്‍ന്ന് പോകാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് താന്‍ നടത്തിയ പോരാട്ടത്തെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിച്ച് കെ. ടി ജലീല്‍

ഓര്‍മ്മയുണ്ടോ ആ മിടുക്കനെ?

സാങ്കേതിക സര്‍വ്വകലാശാലയില്‍ മാര്‍ക്ക്ദാനം നല്‍കി ഞാന്‍ വിജയിപ്പിച്ചു എന്ന് യു.ഡി.എഫും ബി.ജെ.പിയും മാധ്യമങ്ങളും അപവാദവും പച്ചക്കള്ളവും പ്രചരിപ്പിച്ച കേമന്‍ ബി.ടെക് കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വീസില്‍ പി.എസ്.എസി പരീക്ഷയിലൂടെ എഞ്ചിനീയറായി നിയമനം നേടി. ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിലെ ഒരു പാവം ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരന്റെ മകന്‍ സ്വപ്നങ്ങളുടെ ചിറകിലേറി പറന്ന് തുടങ്ങിയിരിക്കുന്നു.
എന്‍ട്രന്‍സ് പരീക്ഷക്കുള്ള പരിശീലനത്തിന് പോലും പണമില്ലാത്ത നാളുകളില്‍ ക്ലാസ്സില്‍ പഠിച്ചത് മാത്രം കൈമുതലാക്കി അവന്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതി. മികച്ച റാങ്കോടെ കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടി. പ്ലസ്ടു 96% മാര്‍ക്കോടെ പാസ്സായ കുട്ടി എഞ്ചിനീയറിംഗ് ഡിഗ്രിക്ക് എല്ലാ പേപ്പറുകളിലും 90%-ല്‍ അധികം മാര്‍ക്ക് വാങ്ങി വിജയിച്ചു. ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയം നടത്തിയ അദ്ധ്യാപകരുടെ നോട്ടപ്പിശകില്‍ കരിഞ്ഞ് തീരുമായിരുന്ന അവന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൈത്താങ്ങാകാനായതില്‍ എനിക്കുള്ള ആത്മസംതൃപ്തി കുന്നോളം വരും.

ചട്ടങ്ങളുടെ നൂലാമാലയില്‍ കുരുങ്ങി തകര്‍ന്ന് പോകുമായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ കൈപ്പിടിച്ച് ഉയര്‍ത്തിയതിന്റെ പേരില്‍ എന്നെ കൊല്ലാക്കൊല ചെയ്തവരുണ്ട്. വഴിതടഞ്ഞവരുണ്ട്. തൂക്കിക്കൊല്ലാന്‍ ആക്രോശിച്ചവരുണ്ട്. അവരോടെനിക്ക് സഹതാപമേ ഉള്ളൂ. അന്ന് അങ്ങിനെ ഒരു തീരുമാനം ഞാന്‍ എടുത്തില്ലായിരുന്നെങ്കില്‍ തൊട്ടുടനെ നടന്ന പി.എസ്.സി പരീക്ഷ എഴുതാന്‍ ആ മിടുക്കന് കഴിയുമായിരുന്നില്ല. ഇനിയും ഉയര്‍ന്ന് പറക്കാന്‍ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കെങ്കേമന് അര്‍ഹതപ്പെട്ടത് വാങ്ങിക്കൊടുക്കാനായതില്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷത്തിന് അതിരുകളില്ല.

അവന്റെ മൂത്ത സഹോദരിയും പി.എസ്.സി പരീക്ഷ എഴുതി മെയ്ന്‍ ലിസ്റ്റില്‍ ഇടം നേടി സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപികയായി ചേര്‍ന്നത് ഈ അടുത്താണ്.

മക്കള്‍ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ട അച്ഛനും അമ്മക്കും തണല്‍ വിരിച്ച മകനെയും മകളെയും ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. സാങ്കേതികത്വം പറഞ്ഞ് അന്ന് ഞാന്‍ അവനെ മടക്കി അയച്ചിരുന്നെങ്കില്‍ ഒരു മിടുമിടുക്കനെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു.
ചട്ടങ്ങളും വകുപ്പുകളും ജനങ്ങളെ ദ്രോഹിക്കാന്‍ ഉപയോഗിക്കുന്നവര്‍ക്ക് മനുഷ്യത്വത്തിന്റെ പേരിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അത് നീരസമുണ്ടാക്കുക സ്വാഭാവികം. നീതി അര്‍ഹിക്കുന്ന ഒരാള്‍ക്ക് തല പോയാലും അത് ഉറപ്പ് വരുത്താന്‍ കഴിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നത്.

Also Read: കനിമൊ‍ഴിയെ ബസില്‍ കയറ്റി ജോലി പോയ സംഭവം, ശർമ്മിളക്ക് വമ്പന്‍ സമ്മാനവുമായി ‘ഉലകനായകന്‍’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News