നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

കെ ടി ജലീൽ മന്ത്രിയായിരുന്ന സമയത്ത് തന്റെ കൂടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസറായ അനിലിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിന്റെ കൂടെ മന്ത്രിയായിരുന്ന സമയത്ത് ഉണ്ടായിരുന്ന ആദ്യ ദിവസം മുതൽ അവസാന ദിവസം വരെയുള്ള അഞ്ചുവർഷ കാലത്തെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്.

Also read:ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലേക്ക്! സത്യപ്രതിജ്ഞ നാളെ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

എൻ്റെ കൂടെ നിഴൽ പോലെ അഞ്ചുവർഷം ഉണ്ടായിരുന്ന വ്യക്തിയാണ് അനിൽ. പത്തനംതിട്ട സ്വദേശി. കേരള പോലീസ് സേനയിൽ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ. പാർട്ടി എന്നെ മന്ത്രിയായി തീരുമാനിച്ച് അൽപം കഴിഞ്ഞപ്പോഴാണ് അനിൽ, എം.എൽ.എ ക്വോർട്ടേഴ്സിലെ എൻ്റെ ഫ്ലാറ്റിൽ എത്തിയത്. “ഞാൻ അനിൽ. സാറിൻ്റെ സെക്യൂരിറ്റി ഓഫീസറാണ്” അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞക്ക് പോയപ്പോൾ നാട്ടിൽ നിന്ന് വന്ന വണ്ടിയിൽ എന്നോടൊപ്പം അനിലും കയറി. അന്നാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. എന്നെക്കാൾ ഒരു വയസ്സ് കുറവ്. എനിക്കായി വേദിക്ക് മുന്നിൽ സജ്ജീകരിച്ച കസേരയിൽ എന്നെ കൊണ്ടുപോയി ഇരുത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് ഇറങ്ങുമ്പോൾ എൻ്റെ തൊട്ടുപിന്നിൽ അനിലുണ്ട്. ആളുകൾ തിങ്ങി നിറഞ്ഞ പന്തലിൽ നിന്ന് എനിക്ക് വലയം തീർത്ത് നിരനിരയായി നിർത്തിയ ചുവന്ന നമ്പർ ബോർഡുള്ള വെള്ളക്കാറുകളിൽ ഒന്നിൻ്റെ അടുത്തേക്ക് അദ്ദേഹം എന്നെ നയിച്ചു. ഇരുപതാം നമ്പർ വണ്ടിയുടെ ഡോർ തുറന്ന് പിടിച്ച് കയറാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു. ഞാൻ കാറിൽ കയറി. സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞു. നേരത്തെ സീറ്റ് ബെൽറ്റ് ഇട്ട് ശീലിച്ചത് കൊണ്ട് പ്രയാസ രഹിതമായി ബെൽറ്റ് മുറുക്കി. ഉടനെ ഡോർ അടച്ചു. നേരെ രാജ്ഭവനിലേക്ക് കാറ് വിടാൻ അനിൽ ഡ്രൈവർക്ക് നിർദ്ദേശം നൽകി. ഗവർണ്ണറുടെ ചായ സൽക്കാരം കഴിഞ്ഞ് എനിക്ക് അനുവദിച്ച “ഗംഗ”യെ ലക്ഷ്യമാക്കി വണ്ടി വേഗത്തിൽ നീങ്ങി. സമയാസമയങ്ങളിൽ എനിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അനിൽ കൂടെത്തന്നെ നിന്നു. ഇരിപ്പിലും നടപ്പിലും പെരുമാറ്റത്തിലും ഒരു ഇരുത്തംവന്ന പോലീസുകാരൻ. പോലീസുകാരെ കുറിച്ചുള്ള പരമ്പരാഗത ധാരണ അനിലിലൂടെയാണ് മാറിത്തുടങ്ങിയത്. പിന്നെ അഞ്ചുവർഷം യാത്രയിലും അല്ലാത്തപ്പോഴും അനിലും പ്രജീഷും മാറി മാറി എൻ്റെകൂടെ സഞ്ചരിച്ചു.
സമയനിഷ്ഠ പാലിക്കുന്നതിൽ കർക്കശക്കാരനാണ് അനിൽ. ക്യാബിനറ്റുള്ള ദിവസങ്ങളിൽ അരമണിക്കൂർ മുമ്പ് ഒരുങ്ങിയെത്തി എന്നെ സമയത്തെ കുറിച്ച് ഓർമ്മിപ്പിച്ചു. ഒരു ദിവസം പോലും ക്യാബിനറ്റിൽ വൈകിയെത്താതെ നോക്കിയത് ഗൺമാൻമാരാണ്. മറ്റുഗൺമാൻമാർക്ക് അറിയാത്തത് അനിൽ പറഞ്ഞ് കൊടുത്തു. അവർ അനിലിനെ കണ്ടത് ഒരു ജേഷ്ഠ സഹോദരൻ്റെ സ്ഥാനത്താണ്. അനിൽ ചില്ലറക്കാരനല്ല. കേരളം മനസ്സറിഞ്ഞ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രിമാരിൽ ഒരാളായ സാക്ഷാൽ സഖാവ് നായനാരുടെ സുരക്ഷാ ചുമതലക്കാരിൽ ഒരാൾ. ഗൺമാനായി ധാരാളം അനുഭവസമ്പത്ത് കൈമുതലുള്ള പോലീസ് സേനാംഗം. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന് സംരക്ഷണ കവചം തീർത്ത വ്യക്തി. പാലൊളി മുഹമ്മദ് കുട്ടി മന്ത്രിയായ വേളയിൽ അദ്ദേഹത്തിൻ്റെ കൂടെയും ഗൺമാനാകാൻ അവസരം കിട്ടിയ ഭാഗ്യവാൻ. അനിലിൻ്റെ ദീർഘകാല പരിചയം എനിക്ക് വളരെയേറെ ഗുണം ചെയ്തു. ഗൗരവം വിടാതെയുള്ള അദ്ദേഹത്തിൻ്റെ സ്നേഹമസൃണമായ പെരുമാറ്റം എല്ലാവരുടെയും അടുപ്പം പിടിച്ചുപറ്റാൻ ഹേതുവായി. എൻ്റെ ഫോൺ അധിക സമയത്തും ഗൺമാൻമാരുടെ കയ്യിലായിരുന്നു. ഫോൺ കോളുകൾ പരമാവധി അവർ അറ്റൻ്റ് ചെയ്തു. വിളിക്കുന്നവർക്ക് മുഷിപ്പിക്കാത്ത മറുപടി കൊടുത്തു. നിൽക്കാത്ത ഓട്ടത്തിനിടയിൽ ഒരു ചടങ്ങ് കഴിഞ്ഞ് മറ്റൊന്നിലേക്ക് മന്ത്രിയെ എത്തിക്കാൻ അനിലും പ്രജീഷും ശശിയും കാണിച്ച ശുഷ്കാന്തി എടുത്തുപറയേണ്ടതാണ്. അനിലിൻ്റെ സേവന നിരതമായ മുപ്പത്തിയൊന്നര വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരശ്ശീല വീണു.

Also read:കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

ഒരു മന്ത്രിയുടെ വീടുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നവരിൽ പ്രഥമ ഗണനീയർ ഗൺമാൻമാരാണ്. ഞാൻ കാവുംപുറത്ത് വീട്ടിലുള്ളപ്പോൾ വീടിനോട് ചേർന്ന് പുറത്ത് നിർമ്മിച്ച റൂമിലാണ് ഗൺമാനും ഡ്രൈവറും താമസിച്ചത്. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് അവരിങ്ങോട്ടും ഞങ്ങൾ അങ്ങോട്ടും പെരുമാറിയത്. എല്ലാവർക്കും ഒരുമിച്ചാണ് എൻ്റെ നല്ലപാതി ഭക്ഷണം വിളമ്പിയത്. രണ്ട് തീൻമേശമേൽ ഇരുന്ന് സ്വന്തം വീട്ടിലായാലും ഔദ്യോഗിക വസതിയിലാലായാലും ഞങ്ങൾ ഭക്ഷണം കഴിച്ചത് ഓർമ്മയില്ല. എൻ്റെ മക്കൾക്കും ബന്ധുമിത്രാദികൾക്കും അനിൽ, അനിലേട്ടനാണ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാൽ ആരെക്കൊണ്ടും പണം കൊടുപ്പിക്കരുതെന്ന് ഞാൻ കണിശമായി പറഞ്ഞത് അനിലും പ്രജീഷും അക്ഷരംപ്രതി അനുസരിച്ചു. ആഴ്ച തികയുമ്പോഴാണ് ഒരാഴ്ച ചെലവായ പണം അവർക്ക് നൽകുക. തിരുവനന്തപുരത്തെ “ഗംഗ” യിൽ എൻ്റെ കുടുംബം അഞ്ചുവർഷത്തിനിടയിൽ പത്ത് ദിവസത്തിൽ താഴെയേ താമസിച്ചിട്ടുണ്ടാകൂ. അവിടെ അഞ്ചുവർഷവും കൂടെ താമസിച്ചത് എൻ്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ട മുജീബും മൻസൂറും നൗഷാദും മുത്തലിബും ജയാനന്ദനും ജയപ്രകാശും മുനീറുമാണ്. കൂടാതെ ഗൺമാൻമാരായ അനിലും പ്രജീഷും സുബൈറും ശശിയും ബിജുവും പാചകക്കാരായ തങ്കയ്യയും അനീസും “ഗംഗ” യിൽ തന്നെ അന്തിയുറങ്ങി. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എല്ലാവർക്കും ഒരേ ഭക്ഷണം. മെസ്സ് നടത്തിപ്പിൻ്റെ ചുമതല നൗഷാദിനാണ് നൽകിയത്. അവൻ എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്തു. ഒരുദിവസം പോലും വിലകൂടിയ മൽസ്യമോ ആട്ടിറച്ചിയോ വാങ്ങാതെ ചെലവ് കുറക്കാൻ പരമാവധി ശ്രമിച്ചു. മത്തിയും അയലയും നെത്തോലിയും കൂന്തളും വെത്തളും ചിക്കണും ബീഫും വ്യത്യസ്ത ദിവസങ്ങളിൽ കറിയായും ഫ്രൈയ്യായും ഡൈനിംഗ് ടേബിളിൽ എത്തി. സത്യത്തിൽ പത്ത്പതിനഞ്ച് പേരുള്ള ഒരു കൂട്ടുകുടുംബം പോലെ മന്ത്രിമന്ദിരത്തിൽ ഞങ്ങൾ കഴിഞ്ഞുകൂടി. ഓരോരുത്തരും അവരവരുടെ വിഹിതം കൃത്യമായി നൗഷാദിനെ ഏൽപ്പിച്ചു.
പ്രളയ കാലത്ത് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചപ്പോഴെല്ലാം തൊട്ടടുത്ത് അനിൽ നിന്നു. ചില സ്ഥലങ്ങളിലെത്തുമ്പോൾ അപകട സാദ്ധ്യത മുന്നിൽ കണ്ട് ഞാൻ മുന്നോട്ട് നീങ്ങുന്നത് അദ്ദേഹം തടഞ്ഞു. കോവിഡ് കാലത്തും അനിലും പ്രജീഷുമാണ് ജില്ലയിലെ കോവിഡ് ഹോസ്പിറ്റലുകൾ സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്നത്. ഞാൻ കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ നാളുകളിലും അനിലും ബിജുവും വിളിച്ചാൽ കേൾക്കുന്നിടത്ത് നിലയുറപ്പിച്ചു. കാവുംപുറത്ത് വീട്ടിലായിരുന്നപ്പോൾ ഒരു ദിവസം രാത്രി എനിക്ക് അസ്വസ്ഥത തോന്നിയ സമയത്ത് അനിലിനെയാണ് ഭാര്യ ഫാത്തിമക്കുട്ടി വിളിച്ചത്. ഞൊടിയിടയിൽ ഓടിയെത്തി എന്നെ ആശുപത്രിയിൽ എത്തിച്ചു. കെട്ടിച്ചമച്ച വിവാദങ്ങൾ കൊടുമ്പിരി കൊണ്ട കാലത്തെല്ലാം അനിലും പ്രജീഷും യഥാർത്ഥ പോലീസുകാരുടെ ജാഗ്രത പാലിച്ച് എനിക്കൊരു പോറൽ പോലുമേൽക്കാതെ ചീറിയടുത്തവരിൽ നിന്ന് സംരക്ഷണം നൽകി. എൺപത്തിനാല് പിന്നിട്ട എൻ്റെ പിതാവ് വിവരങ്ങളറിയാൻ അനിലിനെയും പ്രജീഷിനെയും ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അവർ പറഞ്ഞത് ഞാനോർക്കുന്നു. അനിലും ഉപ്പയും തമ്മിലുള്ള രസതന്ത്രം പറഞ്ഞറിയിക്കാൻ പറ്റില്ല. ഉപ്പക്ക് 88 വയസ്സ് കഴിഞ്ഞു. പറയത്തക്ക അസുഖങ്ങളൊന്നുമില്ല. നടന്നാണ് അങ്ങാടിയിൽ പോകാറ്. അദ്ദേഹത്തെ നേരിൽകണ്ട് യാത്ര ചോദിക്കാൻ അനിൽ തറവാട്ടു വീട്ടിൽ പോയിരുന്നത്രെ. മടങ്ങിപ്പോരുമ്പോൾ ഉപ്പ അനിലിനെ കെട്ടിപ്പിടിച്ച് വിതുമ്പിയതായി കൂടെപ്പോയ റാഫി സൂചിപ്പിച്ചു. ഒരിക്കൽ പത്തനംതിട്ട ഭാഗത്ത് പരിപാടിക്ക് പോയപ്പോൾ അനിലിൻ്റെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. പച്ചക്കറി കഴിച്ച് തൃപ്തിപ്പെടേണ്ടി വരും എന്ന് വിചാരിച്ചാണ് “ശുദ്ധനായരുടെ” തീൻമേശക്ക് അരികെയെത്തിയത്. മാംസമോ മൽസ്യമോ എൻ്റെ ഭക്ഷണത്തിൻ്റെ ഭാഗമാണെന്നറിയാവുന്ന അനിൽ, നല്ല ബീഫ് തയ്യാറാക്കി വെച്ചത് എന്നിൽ അൽഭുതം ജനിപ്പിച്ചു. നന്നേ ചെറുതാക്കി മുറിച്ച കൊപ്ര കഷ്ണം ചേർത്ത് പൊരിച്ച ബീഫിന് ഒരൊന്നൊന്നര സ്വാദായിരുന്നു. അനിലിനെ പോലെത്തന്നെ കുടുംബവും കോഴിയും ബീഫുമൊക്കെ സാധാരണ കഴിക്കാറുണ്ടെന്ന് അദ്ദേഹത്തിൻ്റെ സഹധർമ്മിണി പറഞ്ഞു.
വളാഞ്ചേരിയിലെ ഞങ്ങളുടെ വീടിൻ്റെ പേര് “ഗസൽ” എന്നാണ്. അതേപേരിൽ എൻ്റെ അടുത്ത സുഹൃത്തുക്കളും ചില സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഒരു “ഗസൽ വാട്സ് അപ്പ്” കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. രൂപീകരണ ശേഷം ഒരുപാട് നാൾ കഴിഞ്ഞാണ് ഞാനീവിവരം അറിഞ്ഞത്. സക്കീറും ഹാറൂനുമാണ് അഡ്മിൻമാർ. അൽപസ്വൽപം ചാരിറ്റിയും ഒക്കെയായി ആ ഗ്രൂപ്പ് ഇപ്പോഴും തുടരുന്നു. ‘ഗസലി’ൻ്റെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അനിലിന് ഒരു യാത്രയയപ്പ് നൽകുന്നുണ്ടെന്ന വിവരം ചെറാല ഗഫൂറാണ് അറിയിച്ചത്. എടപ്പാളിലെ ആയുർഗ്രീൻ മിനി കോൺഫറൻസ് ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിദേശത്തുള്ള അംഗങ്ങളല്ലാത്ത ഏതാണ്ടെല്ലാ മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു. സ്നേഹോപഹാരവും ഒരു പവൻ സ്വർണ്ണ കോയിനും ‘ഗസൽ’ കൂട്ടായ്മ അനിലിന് സമ്മാനിച്ചു. അനിൽ പിരിയുന്നതിന് തൊട്ടുമുമ്പ് രണ്ടര വർഷം മന്ത്രി അഹമദ് ദേവർകോവിലിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. അദ്ദേഹത്തെ ശുപാർശ ചെയ്തത് ഞാനാണ്. അനിൽ നല്ല ചോയ്സായി എന്ന് ദേവർകോവിൽ ഒന്നുരണ്ടു തവണ പങ്കുവെച്ചത് ഓർക്കുന്നു. അത് കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി.
ഫൈസൽ തങ്ങളാണ് സ്നേഹസംഗമത്തിന് സ്വാഗതം പറഞ്ഞത്. ശിവദാസ് എന്ന ബാബു അദ്ധ്യക്ഷത വഹിച്ചു. ഷരീഫ് ആമുഖ ഭാഷണം നടത്തി. ഫാത്തിമക്കുട്ടി ടീച്ചർ ഉപഹാരം കൈമാറി. ജ്യോതികൃഷ്ണൻ മാസ്റ്റർ, മുജീബ്, ബിജോയ്, ജയാനന്ദൻ, രജ്ഞിത് എന്നിവർ സംസാരിച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ച് രാത്രി ഒൻപത് മണിയോടെയാണ് പ്രോഗ്രാം അവസാനിച്ചത്. ഇടതുചേരിയെ ദുർബലമാക്കാൻ വർഗ്ഗീയശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന വർത്തമാന കാലത്ത്, വിശ്രമരഹിതമായ ഒരു രാഷ്ട്രീയ-പൊതുജീവിതം അനിലിന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News