‘അനർഹമായി ആരും ഒന്നും നേടിയിട്ടില്ല’ ; ജാതി, സമുദായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള രാധാകൃഷ്‌ണന്‍റെ മറുപടി ചൂണ്ടിക്കാട്ടി കെടി ജലീല്‍

ചരിത്രത്തിൽ ആദ്യമായി സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജാതി, സമുദായ പ്രാതിനിധ്യം തെളിയിക്കുന്ന കണക്കുകൾ നിരത്തി മുൻ മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ സംസാരിച്ചിരുന്നു. കെ രാധാകൃഷ്ണൻ നിരത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടി കെ ടി ജലീൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. 316 സർക്കാർ- അർധസർക്കാർ-എയ്ഡഡ്-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 5,45,423 ജീവനക്കാരുടെയും 238 ജാതികളിൽ പെടുന്ന ജീവനക്കാരുടെയും സമുദായവും ജാതിയും തിരിച്ചുള്ള വിശദ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടികാട്ടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ ഗവൺമെൻ്റ് സർവീസിൽ ജോലി ചെയ്യുന്നവരുടെ സമുദായ പ്രാതിനിധ്യം സർക്കാർ പുറത്തുവിടുന്നത്. ഓരോ സമുദായ-ജാതി വിഭാഗത്തിൻ്റെയും മൊത്തം ജനസംഖ്യയും അവരുടെ ഉദ്യോഗ പ്രാതിനിധ്യവുമാണ് ഇ.സി ഡസ്ക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. പി ഉബൈദുല്ല എം.എൽ.എയുടെ വിശദമായ ചോദ്യത്തിനുള്ള മറുപടിയായാണ് രണ്ടാം പിണറായി സർക്കാരിലെ മുൻമന്ത്രി കെ രാധാകൃഷ്ണൻ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്.

Also read:മമ്മൂട്ടിക്കമ്പനി ചിത്രത്തിന് താരസംവിധായകൻ..! മമ്മൂട്ടി – ഗൗതം മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവരുടേതടക്കമുള്ള മുഴുവൻ ജീവനക്കാരുടെയും ജാതിയും സമുദായവും തിരിച്ചാണ് സർക്കാർ ജീവനക്കാരുടെ പ്രാതിനിധ്യം ഔദ്യോഗികമായി രേഖാമൂലം വെളിപ്പെടുത്തിയിരിക്കുന്നത്. 316 സർക്കാർ- അർധസർക്കാർ-എയ്ഡഡ്-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 5,45,423 ജീവനക്കാരുടെയും 238 ജാതികളിൽ പെടുന്ന ജീവനക്കാരുടെയും സമുദായവും ജാതിയും തിരിച്ചുള്ള വിശദ വിവരങ്ങൾക്ക് സാമാന്യം സുദീർഘമായ മറുപടിയാണ് മന്ത്രി നൽകിയത്. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന ഒരുലക്ഷത്തിലധികം വരുന്ന അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. വിവിധ മത-സമുദായ-ജാതി വിഭാഗങ്ങൾക്കിടയിൽ അകൽച്ചയും വിദ്വേഷവും ഉണ്ടാക്കാനും ബി.ജെ.പിയിലേക്ക് കാര്യമറിയാത്ത നിഷ്കളങ്കരെ റിക്രൂട്ട് ചെയ്യാനും ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുമ്പോൾ സർക്കാർ പുറത്തുവിട്ട കണക്കുകൾ ഏറെ പ്രസക്തമാണ്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണ് തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകൾ പലരും നടത്താറ്. ചില സമുദായങ്ങൾ അനർഹമായത് നേടുന്നു എന്ന തരത്തിൽ നടത്തപ്പെടുന്ന കുപ്രചരണങ്ങളുടെ പൊള്ളത്തരം എത്രമാത്രമുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാർ ഔദ്യോഗികമായി നിയമസഭയിൽ നൽകിയ മറുപടി പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 26.56 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക്, 5,45,423 സർക്കാർ ഉദ്യോഗങ്ങളിൽ, 73,774 ഉദ്യോഗസ്ഥ പദവികളാണ് ഇതുവരെയായി ലഭിച്ചത് (13.51%). സംവരണ പട്ടിക അനുസരിച്ച് നിർബന്ധമായും അവർക്ക് കിട്ടേണ്ടത് 12 ശതമാനമാണ്. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്ന അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ പണിയെടുക്കുന്നവർ അടക്കമാണ് ഈ 13.5%.
ഈഴവർ ജനസംഖ്യയുടെ 22.05% വരും. അവർക്ക് 1,15,075 ഉദ്യോഗപദവികൾ ലഭിച്ചിട്ടുണ്ട്(21.09%). സംവരണ പട്ടികയിൽ നിർബന്ധമായും അവർക്ക് ലഭിക്കേണ്ടത് 14 ശതമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ 21.09 ശതമാനത്തിൽ അടങ്ങും.
മുന്നോക്ക ജാതിക്കാരായ നായർ-പിള്ള-തമ്പി-അനുബന്ധ വിഭാഗങ്ങൾ ജനസംഖ്യയുടെ 15.02 ശതമാനം വരും. അവരുടെ ഉദ്യോഗ പ്രാതിനിധ്യം 1,08012 ആണ് (19.8%). സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്ഥാപനങ്ങളിലുമായി ഇത്രയും ഉദ്യോഗ പദവികൾ ലഭിച്ചത്.

ബ്രാഹ്മണരും നമ്പൂതിരിമാരും ഉൾപ്പടെയുള്ളവർ മൊത്തം കേരളീയ ജനസംഖ്യയുടെ 2.01 ശതമാനം വരും. അവരുടെ സർക്കാർ സർവീസ് പ്രതിനിദ്ധ്യം 7112 (I.30%) ആണ്. സംവരണം ഇല്ലാത്തതിനാൽ യോഗ്യതാ ക്വോട്ടയിലും എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നതാണിത്. ജനസംഖ്യയുടെ 10.6 ശതമാനം വരുന്ന പട്ടികജാതി-പട്ടിക വർഗ്ഗക്കാരുടെ ഉദ്യോഗ പ്രാതിനിധ്യം 62,296 (11.41%)ആണ്. നിർബന്ധമായും ഇരുകൂട്ടർക്കുമായി സംവരണപ്രകാരം ലഭിക്കേണ്ടത് 10 ശതമാനമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ നാമമാത്രമായ പ്രാതിനിധ്യവും ഇതിൽ പെടുന്നു. ജനസംഖ്യയുടെ രണ്ട് ശതമാനം വരുന്ന ലത്തീൻ കത്തോലിക്കരുടെ ഉദ്യോഗ പ്രാതിനിധ്യം 22,542 (4.13%) ആണ്. സംവരണ നിയമ പ്രകാരം അവർക്കു ലഭിക്കേണ്ടത് 4% ആണ്.

ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ക്രൈസ്തവ (എസ്.ഐ.യു.സി) നാടാർ വിഭാഗത്തിൻ്റെ ഉദ്യോഗ പ്രാതിനിധ്യം 7589 (1.39 %) ആണ്. സംവരണ നിയമ പ്രകാരം അവർക്കു ലഭിക്കേണ്ടത് ഒരു ശതമാനവും. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന വിശ്വകർമ്മ വിഭാഗത്തിനുള്ള ഉദ്യോഗ പ്രാതിനിധ്യം 16,564 (3.03%) ആണ്. സംവരണ നിയമ പ്രകാരം അവർക്കു ലഭിക്കേണ്ടത് 3 ശതമാനമാണ്. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ധീവര വിഭാഗത്തിൻ്റെ ഉദ്യോഗ പ്രാതിനിധ്യം 6,818 (1.25 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവർക്കു കിട്ടേണ്ടത് ഒരു ശതമാനവും. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ഹിന്ദു നാടാർ വിഭാഗത്തിൻ്റെ ഉദ്യോഗ പ്രാതിനിധ്യം 5,089 (0.93 %) ആണ്. സംവരണ നിയമ പ്രകാരം നിശ്ചയമായും അവർക്കു ലഭിക്കേണ്ടത് ഒരു ശതമാനമത്രെ.

ജനസംഖ്യയുടെ രണ്ടു ശതമാനം വരുന്ന പരിവർത്തിത ക്രൈസ്തവരുടെ ഉദ്യോഗ പ്രാതിനിധ്യം 2399 (0.43 %) ആണ്. സംവരണ നിയമ പ്രകാരം അവർക്കു നിർബന്ധമായും ലഭിക്കേണ്ടത് ഒരു ശതമാനമാണ്. 9.84 ശതമാനം വരുന്ന മുന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ഉദ്യോഗ പ്രാതിനിധ്യം 73,713(13.51%) ആണ്. സംവരണാനുകൂല്യം ലഭിക്കാത്ത ഇവർക്ക് ജനറൽ മെറിറ്റിലും എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങളും ഉൾപ്പെടെയാണ് 13.51%. കേരളത്തിൻ്റെ മത-സാമുദായിക അന്തരീക്ഷം കലുഷിതമാക്കാൻ കുറച്ചുനാളായി വലിയ ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ വിശ്വാസധാരകളിലെ തീവ്ര മനസ്സുള്ള സംഘികളാണ് ഇതിനു പിന്നിൽ. കേരളത്തിൻ്റെ മതേതര ബോധത്തിൽ വർഗ്ഗീയ വിഷം കലർത്താൻ ശ്രമിക്കുന്നവരിൽ ഉത്തരവാദപ്പെട്ടവർ പോലും ഉണ്ടെന്നത് അത്യന്തം ഖേദകരമാണ്.

കേരളത്തിൽ ഒരു സമുദായവും അവിഹിതമായി ഒന്നും നേടിയിട്ടില്ല. അവരവരുടെ യോഗ്യതക്ക് അനുസൃതമായേ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും ജോലികൾ കരസ്ഥമാക്കിയിട്ടുള്ളൂ. മുന്നോക്ക സമുദായങ്ങൾക്ക് താരതമ്യേന കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിന് അവർ കുറ്റക്കാരല്ല. വിദ്യാഭ്യാസം നേടേണ്ടതിൻ്റെ പ്രാധാന്യം പണ്ടേക്കുപണ്ടേ അവർ മനസ്സിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാൻ മുന്നോട്ടു വന്നു. പി.എസ്.സി പരീക്ഷകളിൽ സജീവമായി പങ്കെടുത്തു. സ്വന്തം കഴിവും പ്രാപ്തിയും കൊണ്ട് ജനറൽ മെറിറ്റ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. മുന്നോക്ക സമുദായക്കാരും പിന്നോക്ക സമുദായങ്ങളിലെ വിദ്യാസമ്പന്നരും അങ്ങിനെ നേടിയതാണ് സർക്കാർ ജോലികൾ. അല്ലാതെ ഓട് പൊളിച്ച് അകത്ത് കടന്ന് ജോലി കരസ്ഥമാക്കിയവരല്ല അവരാരും.

Also read:വര്‍ഗീയ വാദികളല്ല, വിശ്വാസികളാണ് ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്: എംവി. ഗോവിന്ദന്‍ മാസ്റ്റര്‍

ഓരോ മതജാതി സമൂഹങ്ങൾക്കും ഓരോ സാമൂഹ്യ-സാമ്പത്തിക പശ്ചാതലമുണ്ട്. ഹൈന്ദവ സമുദായത്തിലെ വിവിധ ജാതികൾക്ക് വിവിധങ്ങളായ ജോലികളാണ് പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ടിരുന്നത്. പൊതുവെ അധ്വാനവും കായബലവും ആവശ്യമായി വരുന്ന ജോലികൾ താഴ്ന്ന ജാതിയിൽ പെടുന്നവർക്കായി നീക്കിവെക്കപ്പെട്ടു. ജാതിശ്രേണിയിൽ മുകളിലേക്ക് പോകുന്തോറും ജോലിയുടെ ഭാരം കുറഞ്ഞുവന്നു. അങ്ങിനെയാണ് ഭരണ നിർവ്വഹണ ജോലികളും ഓഫീസ് ജോലികളും മേൽജാതിക്കാരുടേതായി മാറിയത്. ഉയർന്ന ജോലികൾ കിട്ടാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമായിരുന്നു. കായികശേഷി വേണ്ട ജോലികൾ ചെയ്യാൻ വിജ്ഞാനത്തിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഹൈന്ദവ സമൂഹത്തിലെ മേൽജാതിക്കാരും മറ്റു മത വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നിൽ നിന്നവരും ഉന്നത വിദ്യാഭ്യാസം നേടാൻ ഉൽസാഹം കാണിച്ചു. താഴ്ന്ന ജാതിയിൽ പെട്ടവരും ഇതര മതസമുദായങ്ങളിലെ ശേഷി കുറഞ്ഞവരും സ്കൂളിലും കോളേജിലും പോകാൻ മടിച്ചു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ഡോ: പൽപ്പുവും നവോത്ഥാനത്തിൻ്റെ കൈത്തിരി അവരവരുടെ സമുദായങ്ങളിൽ കത്തിച്ചു വെച്ചതോടെ പതുക്കെപ്പതുക്കെ ബന്ധപ്പെട്ട ജനവിഭാഗങ്ങളിൽ നിന്ന് ഇരുട്ട് അകലാൻ തുടങ്ങി. ഈഴവരും പട്ടികജാതിക്കാരും അറിവിൻ്റെ കവാടങ്ങൾ തേടി സഞ്ചാരം തുടങ്ങി.

ജാതിയുടെ പാരമ്പര്യജോലി വൃത്തങ്ങൾ തകർത്ത് പിന്നോക്ക ജാതിയിൽ പെടുന്ന മിടുക്കർ മുന്നേറി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാരായണഗുരുവിൻ്റെ സന്ദേശങ്ങൾ ഏറ്റെടുത്ത്, തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി സാമൂഹ്യമായും സാമ്പത്തികമായും പിറകിൽ നിന്നവരെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടർച്ച നൽകി. പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാരിന് സഖാവ് ഇ.എം.എസ് നേതൃത്വം നൽകിയ 1958-ൽ, സമൂഹത്തിൻ്റെ എല്ല തലത്തിലുമുള്ള മത-സമുദായ വിഭാഗങ്ങൾക്കും സർക്കാർ ജോലികളിൽ പ്രാതിനിദ്ധ്യം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം കൊണ്ടുവന്ന് പാസ്സാക്കി. അതോടെ അറിവിൻ്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പുറപ്പെട്ട പിന്നോക്ക വിഭാഗങ്ങളിൽ പെടുന്ന വിദ്യാസമ്പന്നർക്ക് സംവരണാനുകൂല്യത്തിൻ്റെ പിൻബലത്തിൽ സർക്കാർ ജോലികൾ ലഭിച്ചു. കാലചക്രം പിന്നിട്ടപ്പോൾ ജനറൽ മെറിറ്റിലും അവർ സ്ഥാനം പിടിച്ചു തുടങ്ങി.

പടിക്കു പുറത്ത് നിർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങൾ അതോടെ അധികാരികളായി മാറി. ഐത്തം കൽപ്പിച്ച് മാറ്റിനിർത്തപ്പെട്ടവർ മറ്റുള്ളവരുടെ തോളോടു ചേർന്ന് സർക്കാർ ഓഫീസുകളിൽ പണിയെടുക്കാൻ കളമൊരുങ്ങി. കേരളം ജാതീയതയുടെ ദുർഭൂതങ്ങളെ പടിയടച്ച് പിണ്ഠം വെച്ചു. കാലത്തിൻ്റെ കൂലംകുത്തിയൊഴുക്കിൽ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളും പരമ്പരാഗത ധാരണകളും കീഴ്മേൽ മറിഞ്ഞു. കുലത്തൊഴിലുകളുടെ വളയം ഭേദിച്ച് മുന്നോട്ട് നടക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അവർക്ക് കരുത്ത് പകർന്നു. കേരളത്തിൻ്റെ സാമൂഹ്യ ചരിത്രത്തിൽ ഇടം നേടിയ രാഷ്ട്രീയ പാർട്ടി എന്ന സ്ഥാനം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഹൈന്ദവ സമുദായത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെയും മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞവരുടെയും മുസ്ലിങ്ങളാതി പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങളുടെയും പുരോഗതിയുടെ വഴികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്ര നാൾവഴികൾ കൂടിയാണ്. പിന്നോക്ക അധ:സ്ഥിത സമൂഹങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് സർവീസ് & സബോഡിനേറ്റ് റൂൾസ് അഥവാ കെ.എസ്.എസ്.ആർ (KSSR), സർക്കാർ ഉദ്യോഗ മേഖലയിൽ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റാണ് നടപ്പിലാക്കിയത്. അതോടെയാണ് ഹൈന്ദവ സമുദായത്തിലെ പട്ടികകജാതി-പട്ടികവർഗ്ഗ-ഈഴവ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന പിന്നോക്കക്കാരും, ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യശ്രേണിയിൽ പിന്നിലായ മുസ്ലിങ്ങളും, ക്രൈസ്തവ സമൂഹത്തിൽ പിന്നിലേക്ക് തള്ളപ്പെട്ടവരും ഭരണനിർവ്വഹണത്തിൽ പങ്കാളികളായിത്തുടങ്ങിയത്. അങ്ങിനെയാണ് സർക്കാർ ജോലികളിൽ നിന്ന് തീണ്ടാപ്പാടകലെ അകറ്റി നിർത്തപ്പെട്ട ജനതതികൾ സാർക്കാർ സംവിധാനത്തിൻ്റെ ഭാഗമായി മാറിയത്.
ക്രൈസ്തവ സമൂഹം ബ്രിട്ടീഷുകാരുടെ കാലംതൊട്ടേ വിദ്യാഭ്യാസം ആർജ്ജിക്കുന്ന കാര്യത്തിലും ജോലി കരസ്ഥമാക്കുന്നതിലും മുന്നിൽ നിന്നവരാണ്. വ്യത്യസ്ത മിഷനറിമാർ തിരുകൊച്ചിയിൽ മഹാരാജാക്കൻമാരുടെ പിന്തുണയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പണിതു. താന്താങ്ങളുടെ ഭരണ പ്രദേശങ്ങളിൽ പ്രജകൾക്ക് വിജ്ഞാനം നൽകാൻ മഹാരാജാക്കൻമാരും ശ്രദ്ധ ചെലുത്തി. ക്രൈസ്തവ സമുദായത്തിൽ നന്നായി പഠിച്ചവർ ഭരണസിരാകേന്ദ്രങ്ങളിൽ എത്തിപ്പെട്ടു. കാലത്തിൻ്റെ മാറ്റം ഉൾക്കൊണ്ട് ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും മറ്റു തൊഴിൽ രംഗങ്ങളിലും ശോഭിക്കാൻ ഉതകുന്ന വിജ്ഞാന ശാഖകളിലേക്ക് യുവതലമുറയെ പറഞ്ഞയക്കാൻ ക്രൈസ്തവ സഭകളും പുരോഹിതരും പ്രകടിപ്പിച്ച താൽപര്യം കൃസ്ത്യൻ സമൂഹത്തിൻ്റെ കുതിപ്പിന് ആക്കംകൂട്ടി. ലോകത്തിൻ്റെ നാനാഭാഗത്തേക്കും നഴ്സുമാരെ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്ക് എക്കാലവും അഭിമാനിക്കാം. കാലത്തിനുമുന്നേ സഞ്ചരിക്കാൻ ഓരോ സഭയും അതിൻ്റെ അനുയായികളെ പഠിപ്പിച്ചു.
മുസ്ലിങ്ങളാകട്ടെ സാമ്രാജ്യത്വ വിരോധത്താൽ ഇംഗ്ലീഷുകാരുടെ ഭാഷയോടും അവർ നടപ്പിലാക്കിയ വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞ് നിന്നു. പെൺകുട്ടികളെ സ്കൂളുകളിലയക്കാൻ മലബാറിലെ ഭൂരിഭാഗം മുസ്ലിം കുടുംബങ്ങളും വിമുഖത കാണിച്ചു. പഠനത്തെക്കാൾ കച്ചവടത്തിലായിരുന്നു പരമ്പരാഗതമായി അവർക്ക് താൽപര്യം. പോർച്ചുഗീസുകാരോടും ബ്രിട്ടീഷുകാരോടും ഇഞ്ചോടിഞ്ച് പൊരുതി നിന്നത് മുസ്ലിങ്ങളുടെ സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. മഹാഭൂരിഭാഗം മാപ്പിളമാരും കുടിയാൻമാരോ കർഷക തൊഴിലാളികളോ ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് അരുചേർന്നു നിന്ന കുബേര മുസ്ലിങ്ങളായ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഭൂജന്മിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചത്. 1921-ലെ മലബാർ കലാപം മാപ്പിളമാരുടെ സ്ഥിതി കൂടുതൽ ദയനീയമാക്കി. നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകളെ അന്തമാനിലേക്ക് നാടുകടത്തി. അനവധി പേർ ബെല്ലാരിയിലും കോയമ്പത്തൂരിലുമെല്ലാമുള്ള ജയിലുകളിൽ അടക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനെ കുറിച്ച് സാമ്പത്തിക ശേഷിയുള്ള മുസ്ലിം സമുദായത്തിലെ പ്രമാണിമാർ പോലും വേണ്ടത്ര ആലോചിച്ചില്ല. സ്വാതന്ത്ര്യാനന്തരം മുസ്ലിങ്ങളുടെ പരിതാപകരമായ സാമൂഹ്യാവസ്ഥ ഒച്ചിൻ്റെ വേഗതയിൽ മാറിത്തുടങ്ങി. നവോത്ഥാനത്തിൻ്റെ വെളിച്ചം സഹോദര സമുദായങ്ങളെ അപേക്ഷിച്ച് വൈകിയാണ് മുസ്ലിങ്ങളിൽ എത്തിയത്. മതനേതാക്കളും സംഘടനകളുമാണ് അതിന് ചുക്കാൺ പിടിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാർമ്മികത്വത്തിൽ നിലവിൽ വന്ന കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഭൂപരിഷ്കരണ നിയമവും മലബാറിലെ മാപ്പിളമാരെ ഭൂമിയുടെ കൈവശാവകാശികളാക്കി. പ്രാരാപ്തവും കഷ്ടപ്പാടുകളും എൺപതുകൾക്ക് ശേഷം അവരെ ഗൾഫ് കുടിയേറ്റത്തിന് പ്രേരിപ്പിച്ചു. അതോടെ മലബാറിലെ മുസ്ലിം ജനവിഭാഗത്തിൻ്റെ തലവര മാറ്റിയെഴുതപ്പെട്ടു.

Also read:വാഹനപ്രേമികളേ, ഇതാ നിങ്ങള്‍ക്കൊരു സ്വപ്നം; മഹീന്ദ്രയുടെ ഈ ഫാമിലി എസ്‌യുവി ഇനി നിരത്തുകള്‍ ഭരിക്കും

1967-ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ്-ലീഗ് മന്ത്രിസഭ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ സ്ഥായിയായ മാറ്റങ്ങൾക്ക് തുടക്കമിട്ടു. മലപ്പുറം ജില്ല വന്നതും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായതും ജില്ലയുടെ നാനാഭാഗങ്ങളിലും സർക്കാർ സ്കൂളുകൾ ആരംഭിച്ചതും മുസ്ലിങ്ങളുടെ വിദ്യാഭ്യാസ-സാമൂഹ്യ ഉന്നതിക്ക് ആക്കംകൂട്ടി. ഇ.എം.എസും സി.എച്ചും കൈകോർത്തതോടെ അസാദ്ധ്യമെന്ന് കരുതിയ പലതും സാദ്ധ്യമായി. മുസ്ലിം സംവരണ ക്വോട്ടയിൽ പോലും യോഗ്യരായ അപേക്ഷകർ ഇല്ലാത്തത് കാരണം സർക്കാർ ഉദ്യോഗത്തിൽ കയറിപ്പറ്റാൻ അറുപതുകളിലും എഴുപതുകളിലും അവർക്ക് സാധിച്ചില്ല. പേരിനെങ്കിലും കയറിയവരാകട്ടെ ഏറിയകൂറും തിരുകൊച്ചിയിലെ മുസ്ലിങ്ങളും കണ്ണൂർ-തലശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളുമായിരുന്നു. എയ്ഡഡ് സ്കൂളുകളും കോളേജുകളും സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ വെച്ചുകെട്ടി കൊടുത്തിട്ട് പോലും ഏറ്റെടുക്കാൻ തയ്യാറായത് വിരലിലെണ്ണാവുന്ന സംഘടനകളും വ്യക്തികളും മാത്രം. മുസ്ലിങ്ങൾക്ക് ഭൗതിക വിദ്യാഭ്യാസം നൽകുന്നതിൽ സംഘടന എന്ന നിലയിൽ മുന്നിട്ടു നിന്നത് എം.ഇ.എസ്സാണ്. ബാഫഖി തങ്ങളും, കെ.എം സീതിസാഹിബും സി.എച്ചും അബ്ദുസ്സലാം മൗലവിയും അബുസ്സബാഹ് മൗലവിയും ഡോ: ഗഫൂർ സാഹിബും തങ്ങൾകുഞ്ഞ് മുസ്ല്യാരും മുസ്ലിം സമുദായത്തിൻ്റെ വിദ്യാഭ്യാസ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചു. അതോടെ ചിത്രം മാറിത്തുടങ്ങി. പതിനെട്ട് വയസ്സായ മുസ്ലിം ചെറുപ്പക്കാർ ഗൾഫ് നാടുകൾ സ്വപ്നം കണ്ട് ജീവിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പ്രാതിനിധ്യക്കുറവിന് വഴിയൊരുക്കി. കടൽകടന്നുപോയ മാപ്പിളമാർ ലോകം കണ്ടതോടെ പുതുതലമുറയെ വിദ്യാഭ്യാസം ആർജ്ജിക്കാൻ പ്രേരിപ്പിച്ചു. വിവിധ മത സംഘടനകൾ മൽസരിച്ച് സ്ഥാപനങ്ങൾ തുടങ്ങി. മത-മതേതര വിദ്യാഭ്യാസം ഒരുമിച്ച് നൽകുന്ന വേറിട്ട ശൈലിയാണ് ഭൂരിഭാഗം മുസ്ലിം സംഘടനകളും അവലംബിച്ചത്. പെൺകുട്ടികൾ വീട്ടിലിരുന്ന കാലം പൊയ്മറഞ്ഞു. മുസ്ലിം പെൺകുട്ടികൾ മൽസരപ്പരീക്ഷകളിൽ തിളങ്ങി. ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്കും അവർ പറന്നു. ഒരിക്കലും എത്തില്ലെന്ന് കരുതിയ പദവികളിൽ അവരെത്തി. കേരളത്തിന് പുറത്തുള്ള എണ്ണംപറഞ്ഞ സർവകലാശാലകളിലടക്കം മലപ്പുറത്ത് നിന്നുള്ള പെൺകുട്ടികൾ സ്ഥാനം പിടിച്ചു. നിശ്ചയിക്കപ്പെട്ട സംവരണ ക്വോട്ട തികക്കാനായത് രണ്ടായിരത്തിന് ശേഷമുണ്ടായ വിദ്യാഭ്യാസക്കുതിപ്പിനെ തുടർന്നാണ്.
മുസ്ലിം സമുദായത്തിനുള്ള സംവരണമാണ് 12%. ജനറൽ മെറിറ്റിലുള്ള 50%-ത്തിലേക്ക് മുസ്ലിങ്ങൾക്ക് മൽസരപ്പരീക്ഷകളിൽ ഉയർന്ന റേങ്ക് നേടി ഉൾപ്പെടാനാകും. അതിനു നിൽക്കാതെ വിദേശത്ത് ഉയർന്ന ശമ്പളത്തിന് ജോലിക്ക് പോകാനാണ് വലിയൊരു ശതമാനം അഭ്യസ്തവിദ്യരായ മുസ്ലിങ്ങൾക്കും താൽപര്യം. സംവരണ ആനുകൂല്യമില്ലാത്ത ഉയർന്ന ശ്രേണിയിൽ പെടുന്നവർ, വിദേശത്ത് 2 ലക്ഷം ശമ്പളം കിട്ടുന്നതിനെക്കാൾ സ്വന്തം നാട്ടിൽ സർക്കാർ സർവീസിൽ 25000 രൂപ ശമ്പളം കിട്ടുന്ന ജോലിയിൽ ചേരാനാണ് മുൻഗണന നൽകുക. ഒരുപക്ഷെ കേരളത്തിൽ സർക്കാർ സർവീസിൽ ജോലി കിട്ടി ലീവെടുത്ത് വിദേശത്ത് പോകുന്നവരിൽ നല്ലൊരു ശതമാനവും മുസ്ലിം ജീവനക്കാരാണ്. ഇവർ ദീർഘലീവെടുത്ത് പോകുന്നത് കൊണ്ട് അവരുടെ തസ്തികയിൽ പി.എസ്.സിക്ക് സ്ഥിര നിയമനം നടത്താനും കഴിയില്ല. എന്തുകൊണ്ടെന്നാൽ ഏത് സമയത്ത് തിരിച്ചു വന്നാലും അവർക്ക് ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകണം. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ മുഖേനയുള്ള താൽക്കാലിക നിയമനമേ ദീർഘലീവെടുത്ത് പോകുന്നവരുടെ തസ്തികകളിൽ സാധാരണ നടക്കാറ്.
ഓരോ ജനതയുടെയും വിധി നിർണ്ണയിക്കുന്നതിൽ ബന്ധപ്പെട്ട ജനവിഭാഗത്തിനും പങ്കുണ്ട്. ജനസംഖ്യാനുപാതിക സംവരണം SC-STക്ക് മാത്രമേ കേരളത്തിലുള്ളൂ. ഈഴവർ ഉൾപ്പടെ സംവരണ രേഖക്ക് അപ്പുറത്ത് സർക്കാർ സർവീസിൽ എത്തിയത് 50% പൊതു ക്വോട്ടയിലാണ്. മുന്നോക്ക സമുദായക്കാരും അവരുടെ ജനസംഖ്യാ അനുപാതത്തിന് അപ്പുറം കടന്നത് ഒരു സംവരണവും ഇല്ലാതെ യോഗ്യതാ പരീക്ഷയിൽ പൊതുവിഭാഗത്തിൽ ഉയർന്ന റേങ്ക് നേടിയാണ്. സർക്കാർ സർവീസിൽ നിയമനം കിട്ടിയ മുസ്ലിം സമുദായത്തിൽ പെടുന്നവർ ദീർഘലീവെടുത്ത് വിദേശത്ത് ഉയർന്ന ശമ്പളത്തിന് പണിയെടുക്കാൻ പോകുന്നത് അവസാനിപ്പിക്കുക. അതോടൊപ്പം മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പോലെ പി.എസ്.സി, യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുത്ത് സംവരണക്വോട്ടക്ക് അപ്പുറം ഉയർന്ന റേങ്ക് നേടി 50% വരുന്ന യോഗ്യതാ പട്ടികയിൽ ഇടം നേടാൻ പരിശ്രമിക്കുക. സമുദായ സംഘടനകളും നേതാക്കളും ഇക്കാര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് കിട്ടി, ഞങ്ങൾക്ക് കിട്ടിയില്ല എന്ന് പരിതപിച്ച് നെഞ്ചത്തടിച്ച്‌ കരയുകയല്ല ചെയ്യേണ്ടത്. ഒരു ജനതയുടെ പരിവർത്തനത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് എത്ര പ്രസക്തമാണ്: “ഒരു സമൂഹത്തെയും ദൈവം മാറ്റുകയില്ല. അവർ സ്വയം മാറാൻ സന്നദ്ധമാകുന്നതുവരെ”.
അനർഹമായി യാതൊന്നും മുസ്ലിങ്ങൾ നേടിയിട്ടില്ല. നേടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. അന്യരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നത് വിശ്വാസപരമായിത്തന്നെ നിഷിദ്ധമാണ്. അങ്ങിനെ വല്ലതും ചൂണ്ടിക്കാണിച്ചാൽ അർഹതപ്പെട്ടവർക്ക് അത് തിരിച്ചു നൽകാൻ അവർ സന്നദ്ധരാകും. നാട്ടിൽ കുഴപ്പമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ദയവായി ആരും കള്ളക്കഥകൾ മെനയരുത്. മദ്രസ്സാദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്നത് ഉൾപ്പടെ എന്തൊക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഒരു മദ്രസ്സാദ്ധ്യാപകനും ശമ്പളമോ പെൻഷനോ സർക്കാർ നൽകുന്നില്ല. അവരുടെ ക്ഷേമനിധിയിലേക്ക് അറുപത് വയസ്സുവരെ മാസാമാസം അവരും മദ്രസ്സാ മാനേജ്മെൻ്റും അടക്കുന്ന അംശാദായത്തിൽ നിന്ന് നൽകുന്ന സഹായം മാത്രമാണ് മദ്രസ്സാദ്ധ്യാപകർക്ക് തിരിച്ചു ലഭിക്കുന്നത്. അടച്ച സംഖ്യയുടെ തോതനുസരിച്ച് ലഭിക്കുന്ന സംഖ്യയിലും മാറ്റം കാണാനാകും. ക്ഷേത്രജീവനക്കാർക്കും സമാനമായ ക്ഷേമനിധിയുണ്ട്. അതും സർക്കാർ ഖജനാവിൽ നിന്ന് നൽകുന്നതല്ല. ജീവനക്കാരും വിവിധ ദേവസ്വം ബോർഡുകളും അടക്കുന്ന അംശാദായത്തിൽ നിന്നാണ് പ്രസ്തുത ആനുകൂല്യങ്ങൾ നൽകപ്പെടുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയിൽ നമുക്ക് സന്തോഷിക്കാം. അസൂയയോ പകയോ കൂടാതെ ചങ്ങാതിമാരായി ജീവിക്കാം. ആരും ആരുടെയും മുന്നോട്ടുള്ള വഴിയിൽ പ്രതിബന്ധങ്ങളല്ല. ഒരാൾ വിചാരിച്ചാലും മറ്റൊരാളുടെ പുരോഗതിയെ തടയാനാവില്ല. ഒരു കവാടം അടഞ്ഞാൽ വേറൊരു കവാടം നമുക്ക് മുന്നിൽ തുറക്കപ്പെടും. ഈ ഭൂമുഖത്ത് എത്രകോടി മനുഷ്യരുണ്ടോ അത്രയും അവസരങ്ങളുമുണ്ട്. അത് അന്വേഷിച്ച് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ജയ് ഹിന്ദ്. ജയ് കേരള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News