‘മരണത്തിന് പുല്ല് വില കൽപ്പിക്കുന്ന ഒരു ജനതയെ ലോകത്ത് ഒരു ശക്തിക്കും തോൽപ്പിക്കാനാവില്ല’

ഗാസയിലെ പൊരുതുന്ന ജനതക്ക് അഭിവാദ്യങ്ങളുമായി കെ ടി ജലീൽ എം എൽ എ. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ‘അവസാനം നെതന്യാഹു തല കുനിച്ചു’വെന്നാണ് കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. അവസാനത്തെ ഹമാസുകാരനെയും തുടച്ചു നീക്കി ഗാസയെ ശുദ്ധീകരിക്കുമെന്ന് വീമ്പിളക്കിയവർ എവിടെ? എന്നും ജലീൽ പോസ്റ്റിൽ ചോദിച്ചു.

ലോകം ഞങ്ങളുടെ കാൽച്ചുവട്ടിലാണെന്ന് അഹങ്കരിച്ച ഇസ്രായേലിൻ്റെ തല കുനിഞ്ഞത് എന്തുകൊണ്ടാണ്? മരണത്തിന് പുല്ല് വില കൽപ്പിക്കുന്ന ഒരു ജനതയെ ലോകത്ത് ഒരു ശക്തിക്കും തോൽപ്പിക്കാനാവില്ല. വിയറ്റ്നാമിൽ തോറ്റവർ, ക്യൂബയോട് അടിയറവു പറഞ്ഞവർ, ഇറാൻ്റെ മുമ്പിൽ പതറിപ്പോയവർ, ഇറാഖിൽ നിന്ന് വാലും ചുരുട്ടി ഓടിയവർ, അഫ്ഗാൻ താലിബാന് വിട്ടുകൊടുത്തവർ, ലിബിയയോട് സലാം പറഞ്ഞവർ, ഗത്യന്തരമില്ലാതെ ഹമാസുമായി സന്ധിക്ക് തയ്യാറായി വെടി നിർത്തൽ പ്രഖ്യാപിച്ചത് വിപ്ലവ പാതയിലെ പുതുചരിതമാണ് എന്നും പോസ്റ്റിൽ കുറിക്കുന്നു

ഒരു അറബ് രാജ്യം പോലും ഇസ്രായേലിനെതിരെ പരസ്യ പിന്തുണക്ക് തയ്യാറാവാതിരുന്നപ്പോൾ ചുവപ്പൻ ചൈന മാത്രമാണ് ഗാസയിലെ പോരാളികളോട് ഐക്യപ്പെട്ടത് എന്നും ജലീൽ കുറിച്ചു. സോവിയറ്റ് റഷ്യയുടെ പതനത്തിന് ശേഷം അനാഥമായ സാമ്രാജ്യത്വ വിരുദ്ധ യോദ്ധാക്കൾക്ക് ചൈനയുടെ ഭാഗത്തു നിന്നുണ്ടായ അനുകൂല പ്രതികരണം സൃഷ്ടിച്ച ആവേശം അളവറ്റതാണ് എന്നും ജലീൽ വ്യക്തമാക്കി. സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസ്റ്റ് ചേരിയേയും ഇല്ലാതാക്കാൻ മുതലാളിത്വ രാജ്യങ്ങൾ പെടാപ്പാടുപെട്ടത് എന്തിനാണെന്ന് വൈകിയെങ്കിലും കിഴക്കൻ ലോകത്തിന് മനസ്സിലാകാൻ പുതിയ സംഭവവികാസങ്ങൾ നിമിത്തമായത് ഏറെ ആശാവഹമാണ് എന്നും അതൊരു പുതിയ സഖ്യത്തിൻ്റെ യുഗപ്പിറവിയായി പരിണമിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീൽ കുറിച്ചു.

കെ ടി ജലീലിന്റെ പോസ്റ്റ്

അവസാനം നെതന്യാഹു തല കുനിച്ചു.

“O”വട്ടത്തിലുള്ള ഗസ്സക്ക് മുകളിൽ മാസങ്ങളോളം ഇസ്രായേൽ വർഷിച്ച തീമഴയിൽ കത്തിച്ചാമ്പലായത് അരക്കോടി സ്വപ്നങ്ങളാണ്. അൻപതിനായിരത്തോളം മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. എത്രയോ പതിറ്റാണ്ടുകളുടെ അദ്ധ്വാനത്തിൽ പടുത്തുയർത്തിയ നഗരം ഏതാണ്ട് മുഴുവൻ തകർന്ന് നിലംപരിശായി. അവസാനത്തെ ഹമാസുകാരനെയും തുടച്ചു നീക്കി ഗസ്സയെ ശുദ്ധീകരിക്കുമെന്ന് വീമ്പിളക്കിയവർ എവിടെ? അത്യന്താധുനിക യുദ്ധമുറകളും സാങ്കേതിക വിദ്യയും പടക്കോപ്പുകളും മുഴുവൻ ഗസ്സയുടെ തലക്കുമേൽ ചൊരിഞ്ഞ് ആഹ്ളാദിച്ചവരോട് കാലം കണക്കു ചോദിച്ചിരിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊല്ലാകൊല ചെയ്ത് അടിപ്പെടുത്താമെന്ന് കരുതിയർക്ക് തെറ്റി. നിരവധി പേരെ ബന്ധികളാക്കിയുള്ള വിലപേശലും ഫലം കണ്ടില്ല. വിപ്ലവ നേതാക്കളെ പലരാജ്യങ്ങളിൽ വെച്ച് വകവരുത്തിയത് വെറുതെയായി. അവസാനത്തെ ഫലസ്തീനിയേയും ഗസ്സയിൽ നിന്ന് ആട്ടിയോടിച്ച് സിറിയൻ മലഞ്ചരിവുകളിൽ കൊണ്ടുപോയി തള്ളുമെന്ന് വാചകമടിച്ചവർക്ക് വാക്കു പാലിക്കാനായില്ല. ഗസ്സ കഴിഞ്ഞാൽ വെസ്റ്റ്ബാങ്കും അഗ്നിനാളങ്ങൾക്ക് നക്കിത്തുടക്കാൻ അവസരമൊരുക്കുമെന്ന് ദിവാസ്വപ്നം കണ്ടവരെ ചോരപ്പുഴയിൽ സധൈര്യം അലിഞ്ഞു ചേർന്ന് അമ്പരപ്പിച്ച മണ്ണിൻ്റെ പേരാണ് ഫലസ്തീൻ.

ലോകം ഞങ്ങളുടെ കാൽച്ചുവട്ടിലാണെന്ന് അഹങ്കരിച്ച ഇസ്രായേലിൻ്റെ തല കുനിഞ്ഞത് എന്തുകൊണ്ടാണ്?

മരണത്തിന് പുല്ല് വില കൽപ്പിക്കുന്ന ഒരു ജനതയെ ലോകത്ത് ഒരു ശക്തിക്കും തോൽപ്പിക്കാനാവില്ല. വിയറ്റ്നാമിൽ തോറ്റവർ, ക്യൂബയോട് അടിയറവു പറഞ്ഞവർ, ഇറാൻ്റെ മുമ്പിൽ പതറിപ്പോയവർ, ഇറാഖിൽ നിന്ന് വാലും ചുരുട്ടി ഓടിയവർ, അഫ്ഗാൻ താലിബാന് വിട്ടുകൊടുത്തവർ, ലിബിയയോട് സലാം പറഞ്ഞവർ, ഗത്യന്തരമില്ലാതെ ഹമാസുമായി സന്ധിക്ക് തയ്യാറായി വെടി നിർത്തൽ പ്രഖ്യാപിച്ചത് വിപ്ലവ പാതയിലെ പുതുചരിതമാണ്. ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമെൻ ബെൻഗ്വിർ രാജിവെച്ചു. നെതന്യാഹു സർക്കാരിന് നൽകിയിരുന്ന പിന്തുണ സഖ്യകക്ഷി പിൻവലിച്ചു. ഇസ്രായേലിൽ അടിപടലം ആശയക്കുഴപ്പം പടർന്നു പിടിച്ചിരിക്കുന്നു. മാസങ്ങളോളം തീഗോളങ്ങൾ പേമാരിയായി പെയ്യിച്ചിട്ടും ഹമാസിൻ്റെ കഥകഴിക്കാൻ ഇസ്രായേലിന് കഴിഞ്ഞില്ല.

ഫലസ്തീനിൽ ചേരിതിരിഞ്ഞ് നിന്നിരുന്ന ഹമാസുൾപ്പടെയുള്ള 14 സംഘടനകളുടെ പ്രതിനിധികളെ ബീജിംഗിലേക്ക് ക്ഷണിച്ചു വരുത്തി ഒരു മേശക്ക് ചുറ്റുമിരുത്തി കമ്മ്യൂണിസ്റ്റ് ചൈനയുടെ വിദേശകാര്യമന്ത്രി നടത്തിയ തന്ത്രപരമായ നീക്കത്തിൻ്റെ വിജയവും കൂടിയാണ് ഗസ്സയിലെ വെടിനിർത്തൽ. ഒരു അറബ് രാജ്യം പോലും ഇസ്രായേലിനെതിരെ പരസ്യ പിന്തുണക്ക് തയ്യാറാവാതിരുന്നപ്പോൾ ചുവപ്പൻ ചൈന മാത്രമാണ് ഗസ്സയിലെ പോരാളികളോട് ഐക്യപ്പെട്ടത്. ഓരോ ഫലസ്തീനിയും നന്ദിയോടെ മാത്രമേ ആ കൈത്താങ്ങ് ഓർക്കൂ. സോവിയറ്റ് റഷ്യയുടെ പതനത്തിന് ശേഷം അനാഥമായ സാമ്രാജ്യത്വ വിരുദ്ധ യോദ്ധാക്കൾക്ക് ചൈനയുടെ ഭാഗത്തു നിന്നുണ്ടായ അനുകൂല പ്രതികരണം സൃഷ്ടിച്ച ആവേശം അളവറ്റതാണ്.

സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസ്റ്റ് ചേരിയേയും ഇല്ലാതാക്കാൻ മുതലാളിത്വ രാജ്യങ്ങൾ പെടാപ്പാടുപെട്ടത് എന്തിനാണെന്ന് വൈകിയെങ്കിലും കിഴക്കൻ ലോകത്തിന് മനസ്സിലാകാൻ പുതിയ സംഭവവികാസങ്ങൾ നിമിത്തമായത് ഏറെ ആശാവഹമാണ്. അതൊരു പുതിയ സഖ്യത്തിൻ്റെ യുഗപ്പിറവിയായി പരിണമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഗസ്സയിലെ പൊരുതുന്ന ജനതക്ക് നൂറുചുവപ്പൻ അഭിവാദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News