മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. പ്രവാചകത്വം കൽപ്പിക്കപ്പെടാത്ത മനുഷ്യരിൽ പ്രഥമസ്ഥാനം ആർക്കാണ് നൽകുക എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ തന്റെ ഉത്തരം ഗാന്ധിയായിരിക്കുമെന്നും ജലീൽ എം എൽ എ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. വാചകക്കസർത്തു നടത്തി കടന്നുപോയ ദിവ്യനല്ല ഗാന്ധിജിയെന്നുള്ള ജലീലിന്റെ ജലീലിന്റെ കുറിപ്പ് മോദിയെ കൂടി പരിഹസിച്ച് കൊണ്ടുള്ളതാണ്.
ALSO READ: ‘വിണൈതാണ്ടി വരുവായ’, പോലെ പലതും എന്റെ കവിതകളുടെ പേരാണ്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല’, ഇളയരാജക്കെതിരെ വൈരമുത്തു
പറഞ്ഞതെന്തോ അതെല്ലാം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായ മഹാമനീഷി ആയ ഗാന്ധി ഏതൊരു മതപുരോഹിതനെക്കാളും സാമൂഹ്യ പരിഷ്കർത്താവിനെക്കാളും രാഷ്ട്രീയനേതാവിനെക്കാളും സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ച നിഷ്കപടനായ സന്യാസിഎന്നും ജലീൽ പറഞ്ഞു.മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ് എന്നും ജലീൽ എം എൽ എ വ്യക്തമാക്കി.
ALSO READ: നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
സ്വർഗ്ഗസ്ഥനായ മഹാത്മാഗാന്ധി!!
പ്രവാചകത്വം കൽപ്പിക്കപ്പെടാത്ത മനുഷ്യരിൽ പ്രഥമസ്ഥാനം ആർക്കാണ് നൽകുക എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ എൻ്റെ ഉത്തരം ഒന്ന് മാത്രമായിരിക്കും; “മഹാത്മാഗാന്ധി”. വാചകക്കസർത്തു നടത്തി കടന്നുപോയ ദിവ്യനല്ല ഗാന്ധിജി. പറഞ്ഞതെന്തോ അതെല്ലാം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായ മഹാമനീഷി. എല്ലാ മതങ്ങളും അനുശാസിക്കുന്ന ലാളിത്യം, ആർദ്രത, കരുണ, വിനയം, സഹജീവി സനേഹം, വിമോചന സങ്കൽപം, സ്വാതന്ത്ര്യദാഹം, ത്യാഗബുദ്ധി, പോരാട്ടം, സമരം, ജീവിത വിശുദ്ധി, ധാർമ്മികത ഇവയെല്ലാം ഏതൊരു മതപുരോഹിതനെക്കാളും സാമൂഹ്യ പരിഷ്കർത്താവിനെക്കാളും രാഷ്ട്രീയനേതാവിനെക്കാളും സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ച നിഷ്കപടനായ സന്യാസി. സ്വർഗ്ഗലബ്ധി ഉറപ്പായ മനുഷ്യരിൽ ഒരാൾ. അദ്ദേഹം ഇന്ത്യക്കാരനായി എന്നുള്ളത് ഓരോ ഇന്ത്യക്കാരൻ്റെയും സൗഭാഗ്യം, അഭിമാനം. ഇന്ത്യയുടെ പര്യായപദമായി ഗാന്ധിജി എന്ന മനുഷ്യനെ ഓരോ വിദേശിയും കാണുന്നു. “മജ്ജയും മാംസവുമുള്ള ഇങ്ങിനെ ഒരാൾ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ പുതിയ തലമുറ വിശ്വസിക്കില്ലെന്ന” ആൽബർട്ട് ഐൻസ്റ്റിൻ്റെ നിരീക്ഷണം എത്ര ശരിയാണ്! എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് സധൈര്യം പറയാൻ ചങ്കൂറ്റം കാണിച്ച ഒരു മഹാൻ, രാഷ്ട്രീയ-സാമൂഹ്യ-മത രംഗത്ത് പിന്നിട്ട ആയിരം വർഷത്തിനിടയിൽ ജീവിച്ചിരുന്നോ എന്ന് സംശയമാണ്. അത്രമാത്രം താൻ പറയുന്ന വാക്കുകളോട് മഹാത്മജി നീതി പുലർത്തി.
മതവിശ്വാസത്തിൻ്റെ പ്രകടനപരതകളൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. മതത്തിൻ്റെ ബാഹ്യചിഹ്നങ്ങളോട് ജീവിതത്തിലുടനീളം ഗാന്ധിജി അകലം പാലിച്ചു. നെറ്റിയിൽ ഭസ്മക്കുറി ചാർത്തിയ ഗാന്ധിജിയെ നാം കണ്ടിട്ടില്ല. കാഷായ വേഷമോ രുദ്രാക്ഷമാലയോ ധരിച്ച് ഭക്തവൽസലനായി കൈകൂപ്പി നിൽക്കുന്ന ഗാന്ധിജി നമുക്ക് തീർത്തും അപരിചിതനാണ്. ഒരു സനാതന ഹിന്ദുവാകാൻ ഒരു ക്ഷേത്രത്തിലും പോയി പ്രാർത്ഥിക്കേണ്ടതില്ലെന്ന് ഗാന്ധിജി തൻ്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. ആൾദൈവങ്ങളുടെ അനുഗ്രഹം തേടി ഒരിടത്തും അദ്ദേഹം പോയില്ല. എല്ലാവിശുദ്ധ ഗ്രന്ഥ്രങ്ങളിലെ വചനങ്ങളും തൻ്റെ പ്രാർത്ഥനാ ഹാളിൽ മുഴങ്ങണമെന്ന് ഗാന്ധിജി നിർബന്ധം പിടിച്ചു. സർവമത സത്യവാദത്തെ അദ്ദേഹം പ്രോൽസാഹിപ്പിച്ചു. തൻ്റേതുമാത്രമാണ് ശരിയെന്ന സങ്കുചിത കാഴ്ചപ്പാടുകളെ മനസ്സിൻ്റെ വിശാലത കൊണ്ട് മറികടന്നു. ഒരാളുടെ ചേതനയറ്റ മൃതദേഹത്തിനരികെ ഇരുന്ന് ഗീതയും ബൈബിളും ഖുർആനും ഗുരുഗ്രന്ഥ് സാഹിബും ഒരുപോലെ പാരായണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് മഹാത്മാ ഗാന്ധിഗാന്ധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ മാത്രമാകും. അത്രമേൽ സഹോദര മതങ്ങളെ അദ്ദേഹം ബഹുമാനിച്ചു, ആദരിച്ചു.
ഇതര ആശയങ്ങളോടും തത്വചിന്തകളോടും ഗാന്ധിജി ഒരിക്കലും കലഹിച്ചില്ല. അവയോടെല്ലാം സഹിഷ്ണുതാപൂർവ്വം സംവദിച്ചു. ഒന്നിനെയും തള്ളിപ്പറഞ്ഞില്ല. എല്ലാറ്റിനെയും ചേർത്തുപിടിച്ചു. മൗലാനാ മുഹമ്മദലി ജൗഹറിൻ്റെ മാതാവ് ബീയുമ്മ ഗാന്ധിജിയെ കണ്ടത് സഹോദര തുല്യനായാണ്. അദ്ദേഹത്തെ തൊട്ടറിഞ്ഞ ഇന്ത്യയുടെ നോബൽസമ്മാന ജേതാവ് രബീന്ദ്രനാഥ് ടാഗോർ, ഗാന്ധിജിയെ വിശേഷിപ്പിച്ചത് “മഹാത്മ” എന്നാണ്. സിംഗപ്പൂർ റേഡിയോയിലൂടെ ലോകത്തോട് സംസാരിക്കവെ,1944 ജൂലൈ 6-ന് നേതാജി സുഭാഷ് ചന്ദ്രബോസ്, “രാഷ്ട്രപിതാവേ” എന്നു വിളിച്ചാണ് ഗാന്ധിജിയെ അഭിസംബോധന ചെയ്തത്. ഇതെല്ലാം സംഭവിച്ചത് ”ഗാന്ധി” റിലീസായ 1982-നും എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പാണ്.
“മഹാത്മജിയെ ലോകമറിഞ്ഞത് റിച്ചാർഡ് ആറ്റൻബറോയുടെ “ഗാന്ധി” സിനിമ ഇറങ്ങിയതിന് ശേഷമാണെന്ന” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായപ്രകടനം വ്യാപകമായാണ് വിമർശിക്കപ്പെട്ടത്. മോദിയുടെ പ്രസ്താവനക്കെതിരെ സമൂഹത്തിൻ്റെ നാനാതുറയിലുള്ളവർ രംഗത്ത് വന്നു. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് എഴുത്തുകാരനും മലയാളത്തിൻ്റെ പ്രിയപെട്ട സംവിധായകനുമായ സത്യൻ അന്തിക്കാടിൻ്റെ കുറിപ്പാണ്. പുതിയ സാഹചര്യത്തിലാണോ അതദ്ദേഹം എഴുതിയതെന്നറിയില്ല. എന്നാൽ എക്കാലത്തേക്കും പ്രസക്തമാണ് ആ വരികൾ.
സത്യൻ അന്തിക്കാട് എഴുതുന്നു; “പിൻഗാമികളില്ലാത്ത ഒരാൾ
ഗാന്ധിജിയെപ്പറ്റി വായിച്ച ഒരു അനുഭവക്കുറിപ്പിന്റെ കഥ ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു. ഗാന്ധിജി സബർമതി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലം. ഒരു ധനിക കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടി ഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിൽ ചെന്നു. ആഡംബരജീവിതം മടുത്തുകഴിഞ്ഞ അവൾക്ക് ഗാന്ധിജിയോടൊപ്പം പ്രവർത്തിക്കണം. ലളിതജീവിതം നയിച്ച് ഒരു സാധാരണ ശിഷ്യയായി ആശ്രമത്തിൽ കൂടണം. അവിടത്തെ ഏതു ജോലിയും ചെയ്യാൻ തയ്യാർ. ഗാന്ധിജി അവളുമായി സംസാരിച്ചു. ഒരു കാപട്യവുമില്ലാത്ത കുട്ടി. അവളുടെ ആഗ്രഹം ആത്മാർത്ഥമാണെന്നു മനസിലാക്കിയ ഗാന്ധിജി അവളെ സ്വീകരിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന മാനേജരെ വിളിച്ച് ഇനിമുതൽ ഇവളും നമ്മളോടൊപ്പം ഉണ്ടാകുമെന്നും ആശ്രമത്തിലെ ഏതെങ്കിലും ജോലികൾ ഏല്പിക്കണമെന്നും പറഞ്ഞു.
അവൾക്ക് കിട്ടിയ ആദ്യത്തെ ജോലി എൺപതു വയസുകഴിഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വൃദ്ധന്റെ പരിചരണമായിരുന്നു. മാനസികനില തെറ്റിയ അയാളുടെ മുറി വൃത്തിയാക്കണം, കുളിപ്പിക്കണം, വസ്‌ത്രം ധരിപ്പിക്കണം, മുറിവുകളിൽ മരുന്നു വെച്ചുകെട്ടണം. അതിരാവിലെ ആ മുറിയിലേക്കു കടന്നുചെല്ലുന്ന അവളെ എതിരേൽക്കുക അസഹ്യമായ ദുർഗന്ധമാണ്. മലമൂത്രവിസർജ്ജനമൊക്കെ അയാൾ ആ മുറിയിൽ തന്നെയാണ് നിർവഹിച്ചിരുന്നത്. അതെല്ലാം കോരിക്കളഞ്ഞ് കഴുകി വൃത്തിയാക്കുമ്പോൾ സ്വബോധമില്ലാത്ത വൃദ്ധൻ അസഭ്യവാക്കുകൾ കൊണ്ട് ചീത്തവിളിക്കും. എല്ലാം സഹിച്ച് ഒരാഴ്ചയോളം ഈ ജോലിചെയ്തു കഴിഞ്ഞപ്പോഴേക്കും അവളാകെ വശംകെട്ടു. പക്ഷെ ഗാന്ധിജിയോടുള്ള ആദരവുമൂലം ആരോടും പരാതിപ്പെടാൻ തുനിഞ്ഞില്ല.
ഒരു ദിവസം ഗാന്ധിജി അതുവഴി വന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ആ മുറി വൃത്തിയാക്കുന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഗാന്ധിജി ശ്രദ്ധിച്ചു. മാനേജരെ വിളിച്ച് അവൾക്ക് മറ്റെന്തെങ്കിലും ചുമതല നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. തോട്ടത്തിലെ ചെടികൾ നനയ്ക്കുകയോ പച്ചക്കറികൾക്ക് വളമിടുകയൊ ചെയ്യുന്ന ജോലികൾ. ആശ്രമത്തിലെ പുതിയ ചുമതല അവൾക്ക് വലിയ ആശ്വാസമായി.
പൂർണ തൃപ്തിയോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ദിവസം അവൾക്ക് താൻ ചെയ്തുകൊണ്ടിരുന്ന ജോലി ഇപ്പോൾ ആരായിരിക്കും ചെയ്യുന്നതെന്നറിയാൻ ജിജ്ഞാസ തോന്നി. വെറുതെ ഒരു കൗതുകം. പിറ്റേന്ന് അതിരാവിലെ അവളാ വൃദ്ധന്റെ മുറിക്കടുത്തു ചെന്നു നോക്കുമ്പോൾ കണ്ടത് ഗാന്ധിജി തന്നെ ആ ജോലികൾ ചെയ്യുന്നതാണ്. അവൾ അമ്പരന്നുപോയി. ആ പെൺകുട്ടിയുടെ ഈ അനുഭവക്കുറിപ്പ് വായിച്ച് ഗാന്ധിജിയുടെ നിത്യവിമർശകനായിരുന്ന വിപിൻചന്ദ്ര അദ്ദേഹത്തിന്റെ ആരാധകനായി മാറി എന്നാണ് ബാലചന്ദ്രൻ പറഞ്ഞത്.
മഹാത്മാഗാന്ധിയെപ്പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ഈ സംഭവമാണ്. പ്രഖ്യാപനങ്ങൾ നടത്തുകയും അണികളോട് ആഹ്വാനം ചെയ്യുകയൊന്നുമല്ല ഗാന്ധിജിയുടെ രീതി. തനിക്ക് ശരി എന്നു തോന്നുന്നത് ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സ്വയം ചെയ്യും. മറ്റുള്ളവർക്ക് അത് മാതൃകയായി മാറുന്നത് പിന്നീടാണ്.
ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ” ആദ്യമായി വായിക്കുന്നത്. അന്ന് അതിന്റെ ആഴമൊന്നും മനസിലായിട്ടില്ല. ഗാന്ധിജിയുടെ ആത്മകഥ ഞാനും വായിച്ചിട്ടുണ്ടെന്ന് മേനിപറയാൻ ഉപകരിച്ചു എന്നു മാത്രം. മനസ്സിരുത്തി വായിക്കുന്നത് മുതിർന്നതിനുശേഷമാണ്. അപ്പോഴേക്കും ഗാന്ധിജിയുടെ ജീവിത വീക്ഷണങ്ങൾ അറിയാതെ തന്നെ സ്വാധീനിച്ചുതുടങ്ങിയിരുന്നു.
“ഒരു ഇന്ത്യൻ പ്രണയകഥ” എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് അയ്‌മനം സിദ്ധാർത്ഥന് ഐറിൻ എന്ന കഥാനായിക ഗാന്ധിജിയുടെ പുസ്തകം നൽകുന്നുണ്ട്. ”നിങ്ങളൊക്കെ മറന്നുതുടങ്ങിയ ഒരു മനുഷ്യന്റെ കഥയാണ്, വായിക്കണം” എന്നുപറഞ്ഞുകൊണ്ട്. നമ്മുടെ ജനസേവകർ ഇപ്പോഴും ഗാന്ധിജിയെ മനസിലാക്കിയിട്ടില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്. രാഷ്ട്രീയം തൊഴിലാക്കിയവർക്ക് ആ അജ്ഞത ഒരു അനുഗ്രഹം തന്നെയാണ്. തന്നേക്കാൾ ചെറിയവനായി ആരുമില്ല എന്നു വിശ്വസിച്ചു ജീവിച്ച ആ മനുഷ്യനെ അവർക്കൊന്നും മാതൃകയാക്കാനാവില്ലല്ലോ. സമരങ്ങൾ അക്രമാസക്തമാകുമ്പോൾ ആദ്യം കല്ലേറുകൊള്ളുന്നത് ഗാന്ധിജിക്കാണ്. ‘അഹിംസ”യല്ല രക്തസാക്ഷികളെ സൃഷ്ടിക്കുന്നതാണ് അധികാരത്തിലേക്കുള്ള എളുപ്പവഴി എന്നു വിശ്വസിക്കുന്നവർക്ക് ഗാന്ധിജി കാലഹരണപ്പെട്ട ഒരു ആശയമാണ്. അവർ ഗാന്ധിപ്രതിമകൾ തകർക്കും. ശിരസറ്റ ഗാന്ധിജിയുടെ രൂപം ടിവിയിലും പത്രങ്ങളിലും കാണുമ്പോൾ അറിയാതെ നെഞ്ചിനുള്ളിൽ ഒരു വിങ്ങലുണ്ടാകാറുണ്ട്.
വിദേശികൾക്ക് ഇപ്പോഴും ഇന്ത്യ ഗാന്ധിജിയുടെ നാടാണ്.
വർഷങ്ങൾക്ക് മുമ്പ്, സിനിമകൾ സംവിധാനം ചെയ്തു തുടങ്ങിയ ആദ്യകാലത്ത് ലണ്ടനിൽ വച്ച് ഒരു സിനിമ ചിത്രീകരിക്കാനുള്ള അവസരമുണ്ടായി. എൺപതുകളുടെ തുടക്കത്തിലാണ്. ‘മണ്ടന്മാർ ലണ്ടനിൽ” എന്ന ചിത്രം. “ഗാന്ധി” എന്ന സിനിമ ലോകം മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ലണ്ടനിലെ ഔട്ട്ഡോർ ഷൂട്ടിംഗ് സമയത്ത് ചിത്രീകരണത്തിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ ബ്രിട്ടീഷുകാരായ നാട്ടുകാർ മുന്നോട്ടുവന്നത് ഞങ്ങളെ അൽഭുതപ്പെടുത്തി. ഷൂട്ടിംഗിനുള്ള അനുവാദം വാങ്ങാനും ഇടയ്ക്ക് ഭക്ഷണമെത്തിക്കാനുമെല്ലാം അവർ തയ്യാറായി. ”ഗാന്ധിയുടെ നാട്ടുകാരല്ലേ, നിങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല” അതായിരുന്നു പരിഗണനക്കുള്ള കാരണം.
‘ഗാന്ധി”യുടെ സംവിധായകൻ റിച്ചാർഡ് അറ്റൻബറോയും ഗാന്ധിയായി അഭിനയിച്ച ബെൻകിംഗ്‌സ്‌ലിയുമൊക്കെ ആ സമയത്ത് ലണ്ടനിലുണ്ട്. ”പോകുന്നതിനു മുമ്പ് നമുക്ക് അവരെയൊന്ന് നേരിട്ടു കാണാൻ പറ്റുമോ”എന്ന് നടൻ സുകുമാരന് ഒരാഗ്രഹം.
ബഹദൂറും ശങ്കരാടിയും നെടുമുടി വേണുവുമൊക്കെ ഉള്ളപ്പോഴാണ് സുകുമാരന്റെ ചോദ്യം.
ബഹദൂർക്ക പറഞ്ഞു;
”നമുക്കൊന്നു ശ്രമിച്ചുനോക്കാം”.
ആരുമത് കാര്യമായി എടുത്തില്ല. പക്ഷെ ബഹദൂർ വിദഗ്ദ്ധമായി അതിനുള്ള സാഹചര്യമൊരുക്കി. അന്നത്തെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ബഹദൂറിന്റെ അടുത്ത ബന്ധുവായ ഡോക്ടർ സെയ്‌ദു മുഹമ്മദായിരുന്നു. അദ്ദേഹത്തോട് പറഞ്ഞ് ഇന്ത്യാ ഹൗസിൽ ”ഗാന്ധി” യിലെ കലാകാരന്മാർക്കും ഇന്ത്യയിൽ നിന്നുള്ള സിനിമാസംഘത്തിനും ഒരുമിച്ചൊരു വിരുന്നുസൽക്കാരം ഏർപ്പാടാക്കി. കടം വാങ്ങിയ ഡിന്നർ സ്യൂട്ടൊക്കെയണിഞ്ഞ് ഞങ്ങൾ ഇന്ത്യാ ഹൗസിൽ ചെന്നു. നടി ജലജയും അമ്മയും മാത്രമാണ് ആകെയുള്ള സ്‌ത്രീസാന്നിദ്ധ്യം. അറ്റൻബറോയടക്കമുള്ളവരൊക്കെ നേരത്തെ എത്തിയെങ്കിലും ”നമ്മുടെ ഗാന്ധി”യെ മാത്രം കാണാനില്ല. ഡിന്നർ ആരംഭിച്ചപ്പോഴാണ് ബെൻകിംഗ്‌സ്‌ലി വലിയൊരു ക്ഷമാപണത്തോടെയാണ് ഓടിക്കിതച്ചെത്തിയത്. അദ്ദേഹം അന്ന് അവിടെ ഒരു നാടകത്തിൽ അഭിനയിക്കുകയായിരുന്നുവത്രെ. മേക്കപ്പ് പോലും മാറ്റാതെയാണ് അദ്ദേഹം പാർട്ടിക്കെത്തിയത്. ഞങ്ങൾ അക്ഷരാർത്ഥത്തിൽ അതിശയിച്ചുപോയി. “മഹാത്മാഗാന്ധി”യായി വേഷമിട്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയ നടൻ! ആ വർഷത്തെ ഓസ്‌ക്കാർ അവാർഡ് ജേതാവ്! ആ മനുഷ്യനാണ് നാടകത്തിൽ അഭിനയിക്കുന്നത്. അടുത്തു നിൽക്കുമ്പോൾ നമ്മുടെ സ്വന്തം ഒരാളെന്ന തോന്നലായിരുന്നു ഞങ്ങൾക്കെല്ലാം. ഒന്നുമല്ലെങ്കിലും നമ്മുടെ “ഗാന്ധി”ക്ക് ജീവൻ പകർന്നയാളല്ലേ! ഗാന്ധിജിയുടെ ഇരുണ്ട നിറം കിട്ടാൻ വേണ്ടി മാസങ്ങളോളം അറ്റൻബറോ തന്നെ വെയിലത്തു കിടത്തിയെന്ന് ബെൻകിംഗ്‌സ്‌ലി തമാശയായി പറഞ്ഞു. ഗാന്ധിജി തന്നെയാണ് തൊട്ടടുത്തു നിൽക്കുന്നതെന്ന് ഞങ്ങൾക്കു തോന്നി.
ഒരു വ്യക്തി എന്നതിനപ്പുറത്ത് ഒരു ആശയം തന്നെയാണ് മഹാത്മാഗാന്ധി. ഉയർച്ചകളിൽ അഹങ്കരിക്കാത്തവരെ കാണുമ്പോൾ നമ്മൾ ഗാന്ധിയെ ഓർക്കും. സമ്പന്നതക്കുള്ളിലും ലളിതജീവിതം നയിക്കുന്നവരെ കാണുമ്പോഴും, അലിവോടെ നിരാലംബരുടെ കണ്ണീരൊപ്പുന്നവർ കാഴ്ചവട്ടത്തെത്തുമ്പോഴും നമ്മളറിയാതെ ഗാന്ധിജി നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. ഭാരതീയൻ എന്ന് അഭിമാനം കൊള്ളാൻ എന്നും നമുക്ക് ഒരേ ഒരു ഗാന്ധിജി മാത്രം”.