അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യം ഉയർത്തുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കെജ്രിവാളിനെ തിഹാർ ജയിലിൽ കിടത്താനാണ് മോദിയും അമിത്ഷായും ലക്ഷ്യമിട്ടത് എന്നും ജാമ്യം അനുവദിച്ചത് ആ പദ്ധതി പൊളിച്ചുവെന്നും ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് സന്തോഷമാണെന്നും ജലീൽ പറഞ്ഞു.എല്ലാറ്റിനെയും കാവിവൽക്കരിച്ച് ഹിന്ദുത്വരാഷ്ട്ര സ്ഥാപനത്തിന് തയ്യാറെടുക്കുന്ന സംഘ് പരിവാരങ്ങൾ, വിചാരിച്ചത് നടത്താൻ എന്ത് ക്രൂരതയും കാണിക്കുമെന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണ് കേട്ടുകേൾവിയുടെയും മാപ്പുസാക്ഷികളുടെ കേവല മൊഴികളുടെയും അടിസ്ഥാനത്തിൽ സംശുദ്ധ രാഷ്ട്രീയക്കാരനെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഒരു ഭരണകർത്താവിനെ കൽത്തുറുങ്കിൽ അടച്ചത് എന്നും ജലീൽ വ്യക്തമാക്കി.
ALSO READ: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രീംകോടതിയില്‍
കെജ്‌രിവാളിന് ജാമ്യം ലഭിച്ചതോടെ ഒരു കാര്യം ഉറപ്പിക്കാമെന്നും ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി നിലംതൊടില്ല എന്നും .അവിടെ മുഴുവൻ സീറ്റുകളും ഇൻഡ്യാമുന്നണി തൂത്തുവാരുമെന്നും പഞ്ചാബിലും ഹരിയാനയിലും സംഘ്കുടുംബം ദയനീയമായി തോൽക്കുമെന്നും ജലീൽ വ്യക്തമാക്കി .ഇടതുപക്ഷത്തിന് പാർലമെൻ്റിൽ 20 സീറ്റോളം കിട്ടാനുള്ള സാദ്ധ്യത ഏറെയാണ് എന്നും ജലീൽ പറഞ്ഞു.
ഇൻഡ്യാമുന്നണി സർക്കാരിനെ ശക്തമായ വ്യവസ്ഥകളോടെ ഇടതുപക്ഷം പിന്തുണക്കുന്ന സാഹചര്യമുണ്ടായാലേ കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വ നിലപാടിൽ മാറ്റം ഉണ്ടാക്കാനാകൂ. സോഷ്യലിസ്റ്റ് വിരുദ്ധ അൾട്രാ ലിബറൽ സാമ്പത്തിക കാഴ്ചപ്പാടുകൾക്ക് എങ്കിൽ മാത്രമേ കൂച്ചുവിലങ്ങിടാൻ കഴിയൂ എന്നും ജലീൽ പറഞ്ഞു.
ഉത്തരേന്ത്യയിൽ വർഗീയവിഷം ചീറ്റിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. രാഷ്ട്രത്തലവൻ മതചടങ്ങിന് നേതൃത്വം നൽകുന്ന പുരോഹിതനായി പ്രത്യക്ഷപ്പെടുന്നത് മതരാജ്യങ്ങളിൽ പോലും അചിന്തനീയമാണ് എന്നതും ജലീൽ ഓർമിപ്പിച്ചു. അപ്രഖ്യാപിത ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. മതരാഷ്ട്രമായി ഇന്ത്യയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവസാന മിനുക്കുപണികൾ പൂർത്തിയാക്കാനുള്ള തത്രപ്പാടിലാണ് സംഘ്പരിവാർ. ജൂൺ 4-ന് വരാനിരിക്കുന്നത് കേവലം തെരഞ്ഞെടുപ്പ് ഫലമല്ല. ഇന്ത്യ ഒരു മതരാഷ്ട്രമാകണോ അതല്ല മതേതര രാഷ്ട്രമാകണോ എന്ന പ്രഖ്യാപനവും കൂടിയാണ്. ബിജെപി മൂന്നാമതും അധികാരത്തിൽ വന്നാൽ ഇന്ത്യ ഒരു മതരാഷ്ട്രമാകുമെന്നും അത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നും ജലീൽ വ്യക്തമാക്കി .
ALSO READ: കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, ശരീരത്തിൽ കല്ലെടുത്തിട്ടു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യം ഉയർത്തുന്ന പ്രതീക്ഷകൾ.
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കെജ്രിവാളിനെ തിഹാർ ജയിലിൽ കിടത്താനാണ് മോദിയും അമിത്ഷായും ലക്ഷ്യമിട്ടത്. സുപ്രീംകോടതി ജൂൺ 1 വരെ ഡൽഹി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചത് ആ പദ്ധതി പൊളിച്ചു.
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി “മൗലികാവകാശ സംരക്ഷണത്തിൻ്റെ” കാര്യത്തിൽ വീട്ടുവീഴ്ചക്കില്ലെന്ന തൻ്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതിൻ്റെ പേരിൽ വലിയ നഷ്ടം സഹിക്കേണ്ടിവന്ന മഹാനെ ഇന്ത്യൻ ജുഡീഷ്യറി എക്കാലവും ഓർക്കും. നീതിബോധം സിരകളിൽ കത്തിപ്പടർന്ന വിധികർത്താക്കളുടെ പിൻമുറക്കാർ ഇന്നും രാജ്യത്തിൻ്റെ നീതിപീഠം കാക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടെന്നത് നൽകുന്ന സന്തോഷം അനൽപ്പമാണ്.
എല്ലാറ്റിനെയും കാവിവൽക്കരിച്ച് ഹിന്ദുത്വരാഷ്ട്ര സ്ഥാപനത്തിന് തയ്യാറെടുക്കുന്ന സംഘ് പരിവാരങ്ങൾ, വിചാരിച്ചത് നടത്താൻ എന്ത് ക്രൂരതയും കാണിക്കുമെന്നതിൻ്റെ അവസാനത്തെ ഉദാഹരണ് കേട്ടുകേൾവിയുടെയും മാപ്പുസാക്ഷികളുടെ കേവല മൊഴികളുടെയും അടിസ്ഥാനത്തിൽ സംശുദ്ധ രാഷ്ട്രീയക്കാരനെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഒരു ഭരണകർത്താവിനെ കൽത്തുറുങ്കിൽ അടച്ചത്. കെജ്രിവാളിന് ജാമ്യം ലഭിച്ചതോടെ ഒരുകാര്യം ഉറപ്പിക്കാം. ഇന്ദ്രപ്രസ്ഥത്തിൽ ബി.ജെ.പി നിലംതൊടില്ല. അവിടെ മുഴുവൻ സീറ്റുകളും ഇൻഡ്യാമുന്നണി തൂത്തുവാരും. പഞ്ചാബിലും ഹരിയാനയിലും സംഘ്കുടുംബം ദയനീയമായി തോൽക്കും.
യു.പിയിൽ മുലായം-കോൺഗ്രസ് സഖ്യം നല്ല പ്രകടനം കാഴ്ചവെക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഇൻഡ്യാമുന്നണി മികച്ച നേട്ടമുണ്ടാക്കും. തമിഴ്നാട്ടിലും കേരളത്തിലും ബി.ജെ.പി സംപൂജ്യരാകും. ആന്ധ്രയിലും തെലുങ്കാനയിലും അവർ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങും. കർണ്ണാടകയിൽ കഴിഞ്ഞ തവണത്തേതിൻ്റെ നാലിലൊന്നിലേ എൻ.ഡി.എക്ക് ജയിക്കാനാകൂ.
മമതയെ കൂടെനിർത്താൻ ബി.ജെ.പി, ഏതറ്റംവരെയും പോയേക്കാം. ഇടതുപക്ഷത്തിന് പാർലമെൻ്റിൽ 20 സീറ്റോളം കിട്ടാനുള്ള സാദ്ധ്യത ഏറെയാണ്.
ഒന്നാം യു.പി.എ സർക്കാരിനെപ്പോലെ നയസമീപനങ്ങളിൽ ഇൻഡ്യാമുന്നണി സർക്കാരിനെ ശക്തമായ വ്യവസ്ഥകളോടെ ഇടതുപക്ഷം പിന്തുണക്കുന്ന സാഹചര്യമുണ്ടായാലേ കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വ നിലപാടിൽ മാറ്റം ഉണ്ടാക്കാനാകൂ. സോഷ്യലിസ്റ്റ് വിരുദ്ധ അൾട്രാ ലിബറൽ സാമ്പത്തിക കാഴ്ചപ്പാടുകൾക്ക് എങ്കിൽ മാത്രമേ കൂച്ചുവിലങ്ങിടാൻ കഴിയൂ.
ഉത്തരേന്ത്യയിൽ വർഗീയവിഷം ചീറ്റിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. മതാധിഷ്ഠിത രാഷ്ട്രങ്ങളെല്ലാം അവയുടെ മതമേലങ്കി ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കെങ്ങിനെ മതാവരണം എടുത്തണിയാനാകും? സൗദ്യ അറേബ്യയിൽ വന്ന്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഹിന്ദുത്വവാദികൾ കാണാതെ പോകരുത്. രാഷ്ട്രത്തലവൻ മതചടങ്ങിന് നേതൃത്വം നൽകുന്ന പുരോഹിതനായി പ്രത്യക്ഷപ്പെടുന്നത് മതരാജ്യങ്ങളിൽ പോലും അചിന്തനീയമാണ്.
അപ്രഖ്യാപിത ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. മതരാഷ്ട്രമായി ഇന്ത്യയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവസാന മിനുക്കുപണികൾ പൂർത്തിയാക്കാനുള്ള തത്രപ്പാടിലാണ് സംഘ്പരിവാർ. ജൂൺ 4-ന് വരാനിരിക്കുന്നത് കേവലം തെരഞ്ഞെടുപ്പ് ഫലമല്ല. ഇന്ത്യ ഒരു മതരാഷ്ട്രമാകണോ അതല്ല മതേതര രാഷ്ട്രമാകണോ എന്ന പ്രഖ്യാപനവും കൂടിയാണ്. ഇന്ത്യാമുന്നണി ജയിച്ചാൽ രാജ്യം മതേതരമായി നിലനിൽക്കും. ബി.ജെ.പി മൂന്നാമതും അധികാരത്തിൽ വന്നാൽ ഇന്ത്യ ഒരു മതരാഷ്ട്രമാകും. രണ്ടാമത്തേത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.