4 സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിൽ പരിഹാസ കുറിപ്പുമായി കെ ടി ജലീൽ എം എൽ എ. കോൺഗ്രസ് ജയിച്ചത് “സെക്കൻ്റ് ലാൻഗ്വേജി”ൽ മാത്രം!! പ്രധാനപ്പെട്ട മൂന്നു പേപ്പറും പോയി. “ഡിഗ്രി” തോറ്റു എന്നാണ് ജലീൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.ഇന്ത്യയുടെ ഹൃദയഭൂമി കോൺഗ്രസ്സിനെ മാറോടണക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഹിന്ദി ബെൽറ്റിൽ നേരിയ ചലനം പോലും ഉണ്ടാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല എന്നാണ് ജലീൽ കുറിച്ചത്.
ALSO READ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റില്‍ കയറ്റിയില്ല; ആരോപണവുമായി തമിഴ്‌നാട് സ്വദേശി, വീഡിയോ
ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി ഒന്നാം വർഷം തോറ്റ സെക്കൻ്റ് ലാൻഗ്വേജായ മലയാളത്തിന് വിജയിച്ച് മൂന്ന് പ്രധാന വിഷയങ്ങൾ കളഞ്ഞ്കുളിച്ച്, ഡിഗ്രി ഫൈനൽ പരീക്ഷ തോറ്റ പോലെയായി കോൺഗ്രസ്സിൻ്റെ ദയനീയ പരാജയം എന്നാണ് ജലീൽ കുറിച്ചത്.
രാഹുൽഗാന്ധി വയനാട്ടിലും വണ്ടൂരിലും നിലമ്പൂരിലും വന്ന് ചായക്കടകളിലെ ഉണ്ടപ്പൊരിയുടെ സ്വാദ് നോക്കാനല്ല തുനിയേണ്ടത്. ഇന്ത്യയുടെ ഹൃദയഭൂമിയിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള കരുക്കൾ നീക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊറാട്ടയും പൊരിച്ച കടികളും തിന്നാൻ തൽക്കാലം കെ.സി വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയേയോ സുധാകരനെയോ ഏൽപ്പിക്കുക എന്നും ജലീൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അധികാരക്കൊതിമൂത്ത വിവിധ പ്രദേശ് കോൺഗ്രസ്സ് നേതാക്കളെ ഈ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കാൻ എഐസിസി അദ്ധ്യക്ഷന് എന്നു കഴിയുന്നുവോ, അന്നുമാത്രമേ, ജനാധിപത്യ ശക്തികളുടെ വിജയം ഇന്ത്യയിൽ പുലരുകയുള്ളൂ എന്നും ജലീൽ കുറിച്ചു.
ALSO READ: തിരുവനന്തപുരം മാറനല്ലൂരില്‍ വ്യാപക ആക്രമണം
കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കോൺഗ്രസ് ജയിച്ചത് “സെക്കൻ്റ് ലാൻഗ്വേജി”ൽ മാത്രം!! പ്രധാനപ്പെട്ട മൂന്നു പേപ്പറും പോയി. “ഡിഗ്രി” തോറ്റു!!!
ഇന്ത്യയുടെ ഹൃദയഭൂമി കോൺഗ്രസ്സിനെ മാറോടണക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഹിന്ദി ബെൽറ്റിൽ നേരിയ ചലനം പോലും ഉണ്ടാക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരത്തിൻ്റെ തേരിൽ യുദ്ധം ജയിക്കുമെന്ന് കരുതിയ കോൺഗ്രസ്സിന് അടിപതറി. രാജസ്ഥാനിൽ തുടർഭരണം സ്വപ്നം കണ്ട കോൺഗ്രസ്സിനെ അശോക് ഗഹ്ലോട്ടും സചിൻ പൈലറ്റും തമ്മിലുള്ള തൊഴുത്തിൽകുത്ത് വെള്ളത്തിൽ മുക്കി. ഛത്തിസ്ഗഡും കൈപ്പത്തിയെ കൈവിട്ടു. ചന്ദ്രശേഖര റാവുവിനെതിരെയുള്ള ഭരണ വിരുദ്ധ തരംഗം മാത്രമാണ് കോൺഗ്രസ്സിന് തുണയായത്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി ഒന്നാം വർഷം തോറ്റ സെക്കൻ്റ് ലാൻഗ്വേജായ മലയാളത്തിന് വിജയിച്ച് മൂന്ന് പ്രധാന വിഷയങ്ങൾ കളഞ്ഞ്കുളിച്ച്, ഡിഗ്രി ഫൈനൽ പരീക്ഷ തോറ്റ പോലെയായി കോൺഗ്രസ്സിൻ്റെ ദയനീയ പരാജയം.
രാഹുൽഗാന്ധി വയനാട്ടിലും വണ്ടൂരിലും നിലമ്പൂരിലും വന്ന് ചായക്കടകളിലെ ഉണ്ടപ്പൊരിയുടെ സ്വാദ് നോക്കാനല്ല തുനിയേണ്ടത്. ഇന്ത്യയുടെ ഹൃദയഭൂമിയിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള കരുക്കൾ നീക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് വേണ്ടത്. കേരളത്തിലെ പൊറാട്ടയും പൊരിച്ച കടികളും തിന്നാൻ തൽക്കാലം കെ.സി വേണുഗോപാലിനെയോ രമേശ് ചെന്നിത്തലയേയോ സുധാകരനെയോ ഏൽപ്പിക്കുക.
കമൽനാഥിൻ്റെ “മൃദുഹിന്ദുത്വം” മോദിയുടെ “തീവ്രഹിന്ദുത്വത്തെ” നേരിടാൻ പറ്റിയ മറുമരുന്നല്ലെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കലർപ്പില്ലാത്ത മതനിരപേക്ഷത ഉയർത്തിപ്പിടിച്ചേ കോൺഗ്രസ്സിന് ജനമനസ്സ് കീഴടക്കാനാകൂ. ബി.ജെ.പിയുടെ “ബി” ടീമായി കോൺഗ്രസ്സിനെ കാണാൻ ഇന്ത്യക്കാർക്ക് താൽപര്യമില്ല. ആ ശാശ്വതസത്യം കോൺഗ്രസ്സ് നേതാക്കളല്ലാത്ത മറ്റെല്ലാവർക്കും ബോദ്ധ്യമായിക്കഴിഞ്ഞു.
“INDIA” സഖ്യം സത്യമാണെങ്കിൽ അത് മനസ്സിലാക്കി ഉണർന്നും ഉയർന്നും പ്രവർത്തിക്കേണ്ടത് കോൺഗ്രസ്സാണ്. സഖ്യത്തിന് നേതൃത്വം നൽകുന്ന പാർട്ടി തറവാട്ടുകാരണവരുടെ സ്ഥാനത്താണെന്ന ഓർമ്മവേണം. എല്ലാം കെട്ടിപ്പൂട്ടി സ്വന്തമാക്കാൻ “കാരണവർ” ശ്രമിച്ചാൽ അനന്തരവൻമാരായ സഖ്യകക്ഷികൾ അത് കയ്യുംകെട്ടി നോക്കിനിൽക്കില്ല. അവർ കോൺഗ്രസ്സിൻ്റെ തന്ത്രത്തിന് മറുതന്ത്രം പണിയും. അങ്ങിനെ വന്നാൽ ആത്യന്തിക നഷ്ടം രാഹുലിൻ്റെ പാർട്ടിക്കാകും. അതിരുകളില്ലാത്ത വിട്ടുവീഴ്ചാ മനോഭാവമാണ് “lNDIA” സഖ്യത്തിൻ്റെ നായക സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് സ്വയത്തമാക്കേണ്ടത്.
നഷ്ടമേതും സഹിക്കാതെ നേട്ടം മാത്രം കൊയ്ത് “വിജയം” കീശയിലാക്കാമെന്ന വ്യാമോഹം കോൺഗ്രസ് നേതാക്കൾ വെടിയാത്തെടത്തോളം രാഹുൽജിക്ക് രക്ഷ കിട്ടില്ല. വിട്ടുവീഴ്ചയും സഹനവും എത്രകണ്ട് കോൺഗ്രസ്സിന് ഉണ്ടാകുന്നുവോ അത്രകണ്ട് ഗുണം രാഹുൽഗാന്ധിക്കാവും.
സംസ്ഥാന ഭരണവും തദ്ദേശഭരണവും ദേശീയ ഭരണവും എല്ലാം കോൺഗ്രസ്സിന് കിട്ടണമെന്ന് വാശി പിടിച്ചാൽ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രമായി 138 വയസ്സ് പിന്നിട്ട ഇന്ത്യയിലെ ഏക “ദേശീയപ്പാർട്ടി” ഒതുങ്ങും. ഒന്നാകെ കുണ്ടയിലാക്കി വിഴുങ്ങാനാണ് കോൺഗ്രസ്സിൻ്റെ ഭാവമെങ്കിൽ “INDIA” സഖ്യം “കടലാസിലെ പുലി” മാത്രമാകും.
ഓരോ സംസ്ഥാനത്തും വോട്ടും ശക്തിയുമുള്ള പാർട്ടികൾക്ക് അതിൻ്റെ തോതനുസരിച്ച് സീറ്റുകൾ അസംബ്ലിയിലേക്കും ലോകസഭയിലേക്കും നൽകി പരമാവധി ബി.ജെ.പി വിരുദ്ധരെ വിജയിപ്പിച്ചെടുക്കുക. ആ പ്രയോഗിക രാഷ്ട്രീയം പയറ്റാനായില്ലെങ്കിൽ കോൺഗ്രസ്സ് രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കേന്ദ്രത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ ഉണ്ടാവാൻ, ആവശ്യമെങ്കിൽ സംസ്ഥാന ഭരണവും തദ്ദേശസ്ഥാപന ഭരണവുമെല്ലാം കുറച്ചു കാലത്തേക്കെങ്കിലും കോൺഗ്രസ്സ് ബലികഴിക്കാൻ സന്നദ്ധമാകണം.
അധികാരക്കൊതിമൂത്ത വിവിധ പ്രദേശ് കോൺഗ്രസ്സ് നേതാക്കളെ ഈ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷന് എന്നു കഴിയുന്നുവോ, അന്നുമാത്രമേ, ജനാധിപത്യ ശക്തികളുടെ വിജയം ഇന്ത്യയിൽ പുലരുകയുള്ളൂ.