‘അവസാനം ‘അവർ മമ്മൂട്ടിയേയും തേടിയെത്തി, അദ്ദേഹത്തിന്‍റെ മനസിൻ്റെ തിളക്കമളക്കാൻ ‘മതേതരോമീറ്ററുമായി’ ആരും നടക്കേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല’: കെ ടി ജലീൽ

മമ്മൂട്ടിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായി കെ ടി ജലീൽ എം എൽ എ.അവസാനം ”അവർ” മമ്മൂട്ടിയേയും തേടിയെത്തിയെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.മലയാള സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവനകൾ നിസ്തുലമാണ് എന്നും താൻ ജീവിച്ച കാലം നടന വിസ്മയം തീർത്ത് അടയാളപ്പെടുത്താൻ സിനിമാ ലോകത്ത് സാധിച്ച അത്യപൂർവ്വ പ്രതിഭാസമാണ് മമ്മൂട്ടി എന്നുമാണ് ജലീൽ പങ്കുവെച്ച പോസ്റ്റിലെ വരികൾ. മമ്മൂട്ടിയുടെ ജനനവും സിനിമ ജീവിതവുമൊക്കെ ജലീൽ പങ്കുവെച്ച കുറിപ്പിൽ പ്രതിപാദിച്ചു.

ALSO READ: കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

മമ്മൂട്ടിയെ ഏതെങ്കിലും അതിർവരമ്പിൽ പരിമിതപ്പെടുത്തി നിർത്താനുള്ള പാഴ്ശ്രമം ആരും നടത്തേണ്ട എന്നും എല്ലാ സങ്കുചിത വളയങ്ങൾക്കുമപ്പുറം മഴവിൽ പോലെ ആകാശത്ത് സപ്തവർണ്ണങ്ങളിൽ മമ്മൂട്ടി പതിഞ്ഞ് നിൽക്കുമെന്നും ജലീൽ വ്യക്തമാക്കി. ഒരു കാർമേഘം കൊണ്ടും പ്രതിഭയുടെ ആ പ്രഭവകേന്ദ്രത്തെ മറക്കാൻ ഒരുശക്തിക്കും കഴിയില്ല. മമ്മൂട്ടിയുടെ മനസ്സിൻ്റെ തിളക്കമളക്കാൻ “മതേതരോമീറ്ററുമായി” ആരും നടക്കേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല എന്നാണ് ജലീലിന്റെ കുറിപ്പ്.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

അവസാനം ”അവർ” മമ്മൂട്ടിയേയും തേടിയെത്തി!
പത്മശ്രീ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മുഹമ്മദ് കുട്ടി ഇസ്മായിൽ പാനിപ്പറമ്പിൽ എന്നാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസമാണ് ആ മൂന്നക്ഷരം. മലയാള സിനിമയ്ക്ക് മമ്മൂട്ടി എന്ന മഹാനടൻ നൽകിയ സംഭാവനകൾ അതുല്യമാണ്. നാല് പതിറ്റാണ്ടിലധികമായി തുടരുന്ന അദ്ദേഹത്തിൻ്റെ നടനവൈഭവം ഇനിയും അതിൻ്റെ പാരമ്യതയിലേക്കുള്ള പാതയിലാണ്. മമ്മൂട്ടിയുടെ ഏറ്റവും അവസാനം ഇറങ്ങിയ കാതൽ, ഭ്രമയുഗം എന്നീ സിനിമകൾ സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. താൻ ജീവിച്ച കാലം നടന വിസ്മയം തീർത്ത് അടയാളപ്പെടുത്താൻ സിനിമാ ലോകത്ത് സാധിച്ച അത്യപൂർവ്വ പ്രതിഭാസമാണ് മമ്മൂട്ടി. അസാധാരണമായ അഭിനയ ചാതുരികൊണ്ടും വൈവിദ്ധ്യമാർന്ന രൂപഭാവങ്ങൾ കൊണ്ടും മലയാള സിനിമാ വ്യവസായത്തെ അദ്ദേഹം തിലകച്ചാർത്തണിയിച്ചു.
1951 സെപ്റ്റംബർ 7ന് എറണാങ്കുളത്തിനടുത്ത ചെമ്പുവിലാണ് മമ്മൂട്ടി ജനിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും എറണാങ്കുളം ഗവ: ലോകോളേജിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കിയ അദ്ദേഹം 1971-ൽ പുറത്തിറങ്ങിയ “അനുഭവങ്ങൾ പാളിച്ചകൾ” ​​എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. 1980-ൽ പുറത്തിറങ്ങിയ “മേള”ത്തിലെ തകർപ്പൻ വേഷം മലയാള സിനിമയുടെ ചക്രവർത്തിപഥത്തിലേക്കുള്ള യാത്രക്ക് തുടക്കമിടാൻ കാരണമായി. ഓരോ സിനിമകൾ പുറത്തുവരുമ്പോഴും മമ്മൂട്ടി കൂടതൽ കൂടുതൽ അജയ്യനായി. പിന്നിട്ടതിനെക്കാൾ എത്രയോ ദൂരം ഇനിയും തൻ്റെ കഴിവ് പുറത്തെടുക്കാൻ മുന്നേട്ടു പോകേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. തനിക്ക് ലഭിച്ച അംഗീകാരപ്പതക്കങ്ങൾ നേടിയ നേട്ടത്തിൻ്റെ പേരിലല്ല, ഇനിയും കരസ്ഥമാക്കാനിരിക്കുന്ന അത്യപൂർവ്വ സിദ്ധിയെ തേടുന്ന അന്വേഷണകുതുകി എന്ന നിലയിലാണെന്ന് മമ്മൂട്ടി ഓരോ നിമിഷവും പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.
മലയാള സിനിമയ്ക്ക് മമ്മൂട്ടി നൽകിയ സംഭാവനകൾ നിസ്തുലമാണ്. തീവ്രമായ മനുഷ്യ വികാരങ്ങളെ അതിൻ്റെ സമ്പൂർണ്ണതയിൽ വാക്കിലും നോക്കിലും ചലനത്തിലും മുഖപേശികളുടെ വലിവിലും ചുണ്ടുകളുടെ വിറയിലും കണ്ണുകളുടെ ശൗര്യതയിലും ആർദ്രതയിലും അദ്ദേഹം പ്രതിഫലിപ്പിച്ചു. ആക്ഷൻ-പായ്ക്ക്ഡ് ത്രില്ലറുകൾ അനായാസം കൈകാര്യം ചെയ്ത മമ്മൂട്ടി, അതിസൂക്ഷ്മമായാണ് വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. “വിൽക്കാനുണ്ട് സ്വപ്നങ്ങൾ”, “യവനിക” “ഒരു വടക്കൻ വീരഗാഥ”, “മതിലുകൾ”, “ഡോ. ബാബാസാഹേബ് അംബേദ്കർ”, “തനിയാവർത്തനം”, “പാലേരി മാണിക്യം:ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ”, “കാഴ്ച”, “ഭൂതക്കണ്ണാടി”, “ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്”, “വിധേയൻ”, “അമരം”, “ധ്രുവം”, “പൊന്തൻമാട” “കറുത്തപക്ഷികൾ”, “കയ്യെഴുത്ത്”, “ഒരേകടൽ”, “പ്രാഞ്ചിയേട്ടൻ”, “പേരൻപ്”, “പത്തേമാരി”, “പുഴു”, “നൻപകൽ നേരത്ത് മയക്കം”, “കാതൽ”, “ഭ്രമയുഗം” തുടങ്ങി നാനൂറിലധികം സിനിമകളിൽ മമ്മൂട്ടി അഭ്രപാളികളിൽ തിമർത്താടി. എല്ലാം ഒന്നിനൊന്ന് മെച്ചം.
മലയാള സിനിമയ്‌ക്കപ്പുറം ഇന്ത്യൻ സിനിമയും മമ്മൂട്ടിയുടെ അഭിനയ മികവിൽ കോൾമയിർകൊണ്ടു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിൽ വേഷമിടാൻ കഴിഞ്ഞ മലയാളി താരമെന്ന ബഹുമതി മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രതിഭാവിലാസത്തെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയത്. “മതിലുകൾ” (1990), “പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ” (2009), “പേരൻപ്” (2019) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡിന് അർഹനായ മമ്മൂട്ടി, ഒൻപത് തവണയാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അവകാശിയായത്. പതിനൊന്ന് തവണ ഫിലിംക്രിറ്റിക്സ് അവാർഡും, പതിമൂന്ന് തവണ ഫിലിംഫെയർ അവാർഡും തൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ അദ്ദേഹം തുന്നിച്ചേർത്തു. 1998-ൽ, ഇന്ത്യൻ സിനിമക്ക് മമ്മൂട്ടി സമ്മാനിച്ച സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കേരള, കാലിക്കറ്റ് സർവകലാശാലകൾ കലയുടെ കുലപതിയായ മമ്മൂട്ടിക്ക് ഡീലിറ്റ് ബിരുദം നൽകി ബഹുമാനിച്ചു.
അഭിനയത്തിൻ്റെ ക്രാഫ്റ്റിനോടുള്ള സമർപ്പണവും താൻ അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിനും ജീവൻ പകരാനുള്ള അത്യപാരമായ കഴിവും മമ്മൂട്ടിയെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഇഷ്ടനടനാക്കി. എളിയ തുടക്കത്തിൽ ആരംഭിച്ച് ഇന്ത്യൻ സിനിമയിലെ ഏറ്റവും ബഹുമാന്യനായ നടന്മാരിൽ ഒരാളായി മാറിയ പത്മശ്രീ മമ്മൂട്ടി, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ജീവിക്കുന്ന ഉദാഹരണമാണ്. തൻ്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുക മാത്രമല്ല, അഭിനേതാക്കളുടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു മലയാളത്തിൻ്റെ ആ നടനവൈഭവം. മമ്മൂട്ടി മലയാളത്തിൻ്റെയും ഇന്ത്യൻ സിനിമയുടെയും യഥാർത്ഥ ഐക്കണായി എഴുപത് പിന്നിട്ടിട്ടും തുടരുന്നത് മികവും കഴിവും എല്ലാ അതിർവരമ്പുകൾക്കും അതീതമാണെന്ന പരമസത്യമാണ് വിളംബരം ചെയ്യുന്നത്.
മമ്മൂട്ടിയെ ഏതെങ്കിലും അതിർവരമ്പിൽ പരിമിതപ്പെടുത്തി നിർത്താനുള്ള പാഴ്ശ്രമം ആരും നടത്തേണ്ട. എല്ലാ സങ്കുചിത വളയങ്ങൾക്കുമപ്പുറം മഴവിൽ പോലെ ആകാശത്ത് സപ്തവർണ്ണങ്ങളിൽ മമ്മൂട്ടി പതിഞ്ഞ് നിൽക്കും. ഒരു കാർമേഘം കൊണ്ടും പ്രതിഭയുടെ ആ പ്രഭവകേന്ദ്രത്തെ മറക്കാൻ ഒരുശക്തിക്കും കഴിയില്ല. മമ്മൂട്ടിയുടെ മനസ്സിൻ്റെ തിളക്കമളക്കാൻ “മതേതരോമീറ്ററുമായി” ആരും നടക്കേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News