‘യുഡിഎഫിന്റെ അടുത്ത നാടകം വടകരയിലെ വർഗീയ വിരുദ്ധ സദസ്’; വിമർശനവുമായി കെ ടി ജലീൽ എംഎൽഎ

ഹൈദരാബാദ് സിറ്റിയിൽ മൽസരിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലും കാണാനിടയായത് എന്ന് കെ ടി ജലീൽ എം എൽ എ.വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണെന്നും സ്ഥാനാർത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണെന്നും കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു . അത്തരം പ്രചരണ ചേരുവകൾ കേരളത്തിന് അപരിചിതമായിരുന്നു എന്നും ജലീൽ പറഞ്ഞു.

“വടകര പരീക്ഷണം” വിജയിച്ചാൽ വിശ്വാസവും മതചിഹ്നങ്ങളും വിൽപ്പനച്ചരക്കാക്കി ആളെക്കൂട്ടാൻ സകല സ്ഥലങ്ങളിലും സമർത്ഥമായി ഹൈദരബാദ്-വടകര മോഡൽ പ്രചരണ തന്ത്രം ഉപയോഗപ്പെടുത്തും. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും ജലീൽ വ്യക്തമാക്കി.നാട്ടുകാരെ പൊട്ടീസാക്കാനുള്ള യു.ഡി.എഫിൻ്റെ “വർഗീയ വിരുദ്ധ പരിപാടി”, വടകരക്കാർ പുച്ഛിച്ച് തള്ളും എന്നും ജലീൽ പറഞ്ഞു.

ALSO READ: ഗരുഡ പ്രീമിയം; നവകേരള ബസ് സർവീസ് മെയ് അഞ്ച് മുതൽ

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്
ഹൈദരാബാദ് സിറ്റിയിൽ മൽസരിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലും കാണാനിടയായത്. വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ച. സ്ഥാനാർത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥ. അത്തരം പ്രചരണ ചേരുവകൾ കേരളത്തിന് അപരിചിതമായിരുന്നു.
“വടകര പരീക്ഷണം” വിജയിച്ചാൽ വിശ്വാസവും മതചിഹ്നങ്ങളും വിൽപ്പനച്ചരക്കാക്കി ആളെക്കൂട്ടാൻ സകല സ്ഥലങ്ങളിലും സമർത്ഥമായി ഹൈദരബാദ്-വടകര മോഡൽ പ്രചരണ തന്ത്രം ഉപയോഗപ്പെടുത്തും. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ. ലീഗ് മൽസരിക്കുമ്പോൾ പോലും കാണാത്തവിധം സാമുദായിക ധ്രുവീകരണത്തിന് കളമൊരുക്കിയത്, കാവിയും പച്ചയും തരാതരം പോലെ എടുത്തണിഞ്ഞ് അഭിനയ മികവ് തെളിയിച്ച ഒരു കോൺഗ്രസ്സുകാരനാണെന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു.
വടകര താലൂക്കിനപ്പുറത്തേക്ക് പൊതുവിൽ ലീഗിന് മതാത്മക സ്വഭാവം കൂടുതലുള്ളതായാണ് അനുഭവം. എന്നാൽ മലപ്പുറത്തും തോൽക്കുന്ന ഘട്ടം വരുമ്പോൾ അത്തരം കാർഡുകൾ പുറത്തെടുക്കാൻ അവർ അമാന്തിക്കാറില്ല. മതാചാരാനുഷ്ഠാനങ്ങൾ പുലർത്താത്ത മുസ്ലിം സ്ഥാനാർത്ഥികൾ ലീഗിനെതിരെ പോരാട്ടത്തിനിറങ്ങുമ്പോൾ നമസ്കരിക്കാത്തവൻ, പളളിയിൽ പോകാത്തവൻ, നോമ്പെടുക്കാത്തവൻ, കുട്ടികളെ മദ്രസ്സയിലേക്ക് അയക്കാത്തവൻ, ഉമ്മാൻ്റെ മയ്യിത്ത് നമസ്കരിക്കാത്തവൻ, തുടങ്ങി നിരവധി ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്കും ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ഇത്തരം വ്യവസ്ഥകൾ ബാധകമാക്കി വിശ്വാസികൾക്കിടയിൽ കുപ്രചരണം നടത്തുന്നത് തീർത്തും മതേതരവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
രാഹുൽഗാന്ധി മൽസരിച്ച വയനാട്ടിൽ പോലും “വടകരാവേശം” കാണാതിരുന്നത് അവിടെയൊന്നും “മതഭ്രാന്ത്” കുത്തിനിറക്കാത്തത് കൊണ്ടാണ്. അതല്ല രാഹുൽഗാന്ധിയെക്കാൾ സ്വീകാര്യനാണ് ശാഫി എന്നുണ്ടോ? ജനങ്ങളെ വർഗ്ഗീയമായി ചേരിതിരിച്ച ശേഷം ഇനി മറ്റൊരു ഉടായിപ്പുമായി യു.ഡി.എഫ് വരികയാണ്: “വടകരയിൽ വർഗീയവിരുദ്ധ സൗഹാർദ്ദ സദസ്സാ”ണത്രെ ഒരുക്കുന്നത്! കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുക എന്ന് കേട്ടിട്ടില്ലേ? ഷാഫിയുടെ നേതൃത്വത്തിൽ ലീഗ് ചീറ്റിയ വർഗ്ഗീയ വിഷം അവർ തന്നെ വലിച്ചെടുക്കാൻ പോകുന്നു എന്നർത്ഥം!
ഏതായാലും യു.ഡി.എഫ് ഒരു കാര്യം സമ്മതിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയും കൂട്ടരും ശൈലജ ടീച്ചർക്കെതിരെ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾ വടകരയുടെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചിട്ടുണ്ട്. അവരെ എന്തിനാണ് യു.ഡി.എഫ് ഇസ്ലാം വിരുദ്ധയും മുസ്ലിം വിരുദ്ധയുമാക്കിയത്? പറ്റിയ തെറ്റ് പരിഹരിക്കാൻ പാപം ചെയ്തവർ തന്നെ മുൻകയ്യെടുക്കുന്നു! മറ്റു മണ്ഡലങ്ങളിൽ മതവിദ്വേഷ പ്രസരണം നടക്കാത്തത് കൊണ്ട് അവിടങ്ങളിൽ സൗഹാർദ്ദ സദസ്സില്ല!
സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങളുടെ വാക്കുകൾ കടമെടുത്താൽ “കടന്നൽകൂടിന് കല്ലെറിഞ്ഞ് അത് നാട്ടുകാരെ മുഴുവൻ കുത്തി എരപ്പാക്കിയ ശേഷം, നിങ്ങൾ കൂടിന് തീകൊടുത്തിട്ട് എന്ത് പ്രയോജനം?” വടകരയുടെ മനസ്സിനെ രണ്ടാക്കി വെട്ടിമുറിച്ചിട്ട്, അതേ കശാപ്പുകാർ തന്നെ നല്ലപിള്ള ചമയുന്നത് എന്തുമാത്രം പരിഹാസ്യമാണ്! നാട്ടുകാരെ പൊട്ടീസാക്കാനുള്ള യു.ഡി.എഫിൻ്റെ “വർഗീയ വിരുദ്ധ പരിപാടി”, വടകരക്കാർ പുച്ഛിച്ച് തള്ളും.
ലീഗിൻ്റെ പിന്തുണയിലല്ലാതെ ഒരു ഹൈന്ദവനോ ക്രൈസ്തവനോ കമ്യൂണിസ്റ്റോ മൽസരിച്ചാൽ അവർ തനി മുസ്ലിം വിരുദ്ധർ! ലീഗിൻ്റെ പിന്തുണയില്ലാതെ മൽസരിക്കുന്ന മുസ്ലിമാകട്ടെ “ശുദ്ധ ഇസ്ലാമിക വിരുദ്ധൻ”. ഏത് മരങ്ങോടനായാലും ലീഗിൻ്റെ പിന്തുണയുണ്ടോ അവൻ പത്തരമാറ്റ് വിശുദ്ധൻ. അതിന് പശ്ചാതല വാദ്യവായന നടത്തുന്നതാകട്ടെ ജമാഅത്തെ ഇസ്ലാമിയും സുഡാപ്പിയും. തപ്പ് കൊട്ടിക്കൊടുക്കാൻ കുറ്റ്യാടിക്കാരൻ ഡാവിഡും കൂരിയാട്ടെ ചാൻസലറും. പിന്നെ പറയേണ്ടല്ലോ? സംഗതി കളറാകും.

ALSO READ: യുഎഇയില്‍ മെയ് മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News