‘ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത് അന്വേഷിച്ച് നറുക്കെടുക്കൂ! വേഗമാകട്ടെ, വേഗമാകട്ടെ!’

മാധ്യമ പ്രവർത്തകൻ പ്രമോദ് രാമന് മറുപടി നൽകി കെ ടി ജലീൽ എംഎൽഎ. താങ്കളെപ്പോലുള്ളവരെ മുൻനിർത്തി മീഡിയാവൺ, മാധ്യമം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന അതിരുവിട്ട വർഗീയ പ്രചരണവും തുടർന്നു കൊണ്ടിരിക്കുമ്പോൾ താൻ നടത്തിയ പ്രതികരണമാണ്, അങ്ങയുടെ പരാമർശങ്ങൾക്ക് ഹേതുവായത് എന്നും ഒരു ചടങ്ങിൽ പങ്കെടുത്ത് പ്രമോദ് രാമൻ തന്നെ കുറിച്ച് നടത്തിയ പരാമർശങ്ങൾ കേട്ടുവെന്നും ജലീൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

താൻ നേതൃത്വം നൽകുന്ന സംവാദങ്ങളെ അതിതീവ്ര മതഭ്രാന്തിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും കൊണ്ടുപോയി കെട്ടാനുള്ള അങ്ങയുടെ സഹപ്രവർത്തകൻ ദാവൂദിൻ്റെ മിടുക്ക് സമ്മതിച്ച് കൊടുത്തേ മതിയാകൂ എന്നും പ്രമോദ് രാമൻ എന്ന പേര് സമർത്ഥമായി ദുരുപയോഗം ചെയ്താണ്, ഈ നെറികേടുകൾ നടത്തുന്നതെന്നും ജലീൽ ചൂണ്ടിക്കാട്ടി . അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തത് എന്നും താങ്കളെയോ താങ്കളുടെ മതത്തെയോ അധിക്ഷേപിച്ചിട്ടില്ല അങ്ങനെ ചെയ്യില്ല എന്നും ജലീൽ പറഞ്ഞു.
താങ്കൾ പറഞ്ഞ ഗാന്ധിജിയേയും ഗാന്ധിജിയുടെ മതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താൻ എന്നും ജലീൽ വ്യക്തമാക്കി.

തന്നെ ഒരു രാഷ്ട്രീയ പ്രവർത്തകനായിപ്പോലും അംഗീകരിക്കാൻ തയ്യാറല്ലെന്ന താങ്കളുടെ പ്രസ്താവനയുടെ പൊരുൾ എന്താണെന്ന് മനസ്സിലായില്ല. ജീവിതത്തിൽ ഇന്നുവരെ ഒരാളുടെ പത്ത് പൈസയുടെ ‘കറ’ ദേഹത്ത് പറ്റാതെ സൂക്ഷ്മത പുലർത്തിയ, നാലുതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായതോ എൻ്റെ കുറ്റം? അതിൽ താങ്കളുടെ നേതൃത്വത്തിലുള്ള മീഡിയാ വണ്ണിന് വല്ല സംശയവുമുണ്ടെങ്കിൽ സമഗ്രമായ ഒരന്വേഷണം നടത്താൻ സധൈര്യം മുന്നോട്ടു വരിക എന്നും ജലീൽ പറഞ്ഞു.

എനിക്ക് 59 വയസ്സ് പൂർത്തിയാകുന്ന 2026-ഓടെ പാർലമെൻ്റെറി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്ന് വളച്ചുകെട്ടില്ലാതെ പറഞ്ഞതാണോ തന്നെ ഒരു “രാഷ്ട്രീയ പ്രവർത്തകൻ” എന്നു വിളിക്കാൻ താങ്കൾക്ക് തടസ്സമാകുന്നത്? എന്നും പ്രമോദ് രാമനോട് ജലീൽ ചോദിച്ചു.

ALSO READ:‘പിപി ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനം’: മന്ത്രി വി ശിവന്‍കുട്ടി

ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രിയപ്പെട്ട പ്രമോദ് രാമൻ,
ഒരു ചടങ്ങിൽ പങ്കെടുത്ത് താങ്കൾ എന്നെ കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ കേട്ടു. താങ്കളെപ്പോലുള്ളവരെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വകളായ മീഡിയാവൺ, മാധ്യമം തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന അതിരുവിട്ട വർഗീയ പ്രചരണവും പിണറായി വിരുദ്ധതയും എല്ലാ സീമകളും ലംഘിച്ച് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഞാൻ നടത്തിയ പ്രതികരണമാണ്, അങ്ങയുടെ പരാമർശങ്ങൾക്ക് ഹേതുവായത്. എൻ്റെ വിമർശനത്തിന് വിധേയമായ “ഔട്ട് ഓഫ് ഫോക്കസിന്” സാധാരണ നേതൃത്വം നൽകാറ്, ജമാഅത്തെ ഇസ്ലാമിയുടെ ഉന്നതാധികാര സമിതി അംഗം സി ദാവൂദാണ്. വ്യക്തമായ വലതുപക്ഷ രാഷ്ട്രീയം നെഞ്ചേറ്റുന്നയാൾ. ഇന്ത്യയിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുള്ള ഏക മുസ്ലിം മത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സമുന്നത നേതാവ്. താങ്കളും അതറിയാതിരിക്കാൻ സാദ്ധ്യതയില്ല!
ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്താലും ശുചിമുറി മുതൽ വൈറ്റ് ഹൗസ് വരെയുള്ള പ്രശ്നങ്ങൾ വിശകലനം ചെയ്താലും അവസാനം ചെന്നെത്തുക, കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും പിണറായി വിരുദ്ധതയിലും ഒട്ടും കലർപ്പില്ലാത്ത വർഗ്ഗീയതയിലുമാണ്. താൻ നേതൃത്വം നൽകുന്ന സംവാദങ്ങളെ അതിതീവ്ര മതഭ്രാന്തി ലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലും കൊണ്ടുപോയി കെട്ടാനുള്ള അങ്ങയുടെ സഹപ്രവർത്തകൻ ദാവൂദിൻ്റെ മിടുക്ക് സമ്മതിച്ച് കൊടുത്തേ മതിയാകൂ. പ്രമോദ് രാമൻ എന്ന താങ്കളുടെ പേര് സമർത്ഥമായി ദുരുപയോഗം ചെയ്താണ്, ഈ നെറികേടുകൾ അങ്ങ് കുഞ്ചികസ്ഥാനീയനായ “ഇപ്പോഴത്തെ” മീഡിയാസ്ഥാപനം നടത്തുന്നത്. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അല്ലാതെ താങ്കളെയോ താങ്കളുടെ മതത്തെയോ അധിക്ഷേപിച്ചിട്ടില്ല. അധിക്ഷേപിക്കുകയുമില്ല.
താങ്കൾ പറഞ്ഞ ഗാന്ധിജിയേയും ഗാന്ധിജിയുടെ മതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാൻ. അതുകൊണ്ടാണ് ഗാന്ധിജിയെ കുറിച്ച് ഞാനെഴുതിയ നീണ്ട ലേഖനമുൾക്കൊള്ളുന്ന പുസ്തകത്തിന് “സ്വർഗ്ഗസ്ഥനായ ഗാന്ധിജി” എന്ന് നാമകരണം ചെയ്തത്. എൻ്റെ പുസ്തകത്തിൻ്റെ പേരുപോലും അങ്ങ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ദാവൂദാതികൾക്ക് ബോധിച്ചു കൊള്ളണമെന്നില്ല. മരണാനന്തരം അവരൊക്കെ എത്തിച്ചേരുന്നിടത്ത് ഗാന്ധിജി പോലും എത്തിപ്പെടില്ലെന്ന് കരുതുന്നവർക്ക് നടുവിൽ നിന്നാണ് എന്നെ സംഘപരിവാർ പ്രചാരകനെന്ന് താങ്കൾ വിളിച്ചത്. ഒരു സങ്കുചിത ധാരണകളോടും യോജിക്കാനാകാത്ത ഉറച്ച ഇസ്ലാംമത വിശ്വാസിയാണ് ഈയുള്ളവൻ. യഥാർത്ഥത്തിൽ ഞാൻ താങ്കളുടെ ശത്രുവല്ല, മിത്രമാണ്. മീഡിയാ വണ്ണിലെ ജോലി മതിയാക്കി പോരേണ്ടി വരുന്ന ദിവസം ഈ പാവത്തിൻ്റെ മുഖം വെറുതെ ഒന്നോർക്കുക.
എന്നെ ഒരു രാഷ്ട്രീയ പ്രവർത്തകനായിപ്പോലും അംഗീകരിക്കാൻ തയ്യാറല്ലെന്ന താങ്കളുടെ പ്രസ്താവനയുടെ പൊരുൾ എന്താണെന്ന് മനസ്സിലായില്ല. ജീവിതത്തിൽ ഇന്നുവരെ ഒരാളുടെ പത്ത് പൈസയുടെ ‘കറ’ ദേഹത്ത് പറ്റാതെ സൂക്ഷ്മത പുലർത്തിയ, നാലുതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായതോ എൻ്റെ കുറ്റം? അതിൽ താങ്കളുടെ നേതൃത്വത്തിലുള്ള മീഡിയാ വണ്ണിന് വല്ല സംശയവുമുണ്ടെങ്കിൽ സമഗ്രമായ ഒരന്വേഷണം നടത്താൻ സധൈര്യം മുന്നോട്ടു വരിക. അത്തരം ഗണത്തിൽ പെടുന്ന സത്യസന്ധമായ ഏതെങ്കിലും ഒരു ‘സംഭവം’ കഷായത്തിൽ ചേർക്കാനെങ്കിലും ചൂണ്ടിക്കാണിക്കാനായാൽ, “മീഡിയാ വൺ” കൽപ്പിക്കുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ ഒരുക്കം…. ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത്. അന്വേഷിച്ച് നറുക്കെടുക്കൂ! വേഗമാകട്ടെ, വേഗമാകട്ടെ!
എനിക്ക് 59 വയസ്സ് പൂർത്തിയാകുന്ന 2026-ഓടെ പാർലമെൻ്റെറി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്ന് വളച്ചുകെട്ടില്ലാതെ പറഞ്ഞതാണോ എന്നെ ഒരു “രാഷ്ട്രീയ പ്രവർത്തകൻ” എന്നു വിളിക്കാൻ താങ്കൾക്ക് തടസ്സമാകുന്നത്? മേൽപറഞ്ഞതൊന്നും പോരെന്നുണ്ടോ താങ്കളുടെ “രാഷ്ട്രീയ പ്രവർത്തക”പട്ടികയിൽ ഇടം നേടാൻ? പറയൂ മിസ്റ്റർ പ്രമോദ് രാമൻ….. താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേർന്നു കൊണ്ട്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News