‘ആനപ്പുറത്ത് കയറണം, അങ്ങാടിയിലൂടെ പോകണം, എന്നാല്‍ നാട്ടുകാർ കാണാന്‍ പാടില്ല’ എന്ന സമീപനമാണ് ഷാഫി പറമ്പിൽ സ്വീകരിച്ചത്: കെ ടി ജലീൽ എംഎൽഎ

അസദുദ്ദീൻ ഉവൈസിയെ “ബിജെപി ചാരനാക്കിയത്” ഇടതുപക്ഷമല്ല, കോൺഗ്രസാണെന്ന് എന്ന് കെ ടി ജലീൽ.അസദുദ്ദീൻ ഉവൈസി പലതവണ കോൺഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ചു, പക്ഷെ അദ്ദേഹത്തോട് ഒന്ന് മിണ്ടാൻ പോലും കോൺഗ്രസ് നേതൃത്വം സൻമനസ്സ് കാണിച്ചില്ല എന്നും ബിജെപിയെ തോൽപ്പിക്കണമെങ്കിൽ എല്ലാ ന്യൂനപക്ഷ പാർട്ടികളും പിരിച്ചു വിട്ട് കോൺഗ്രസ്സിൽ ചേരട്ടെ എന്ന ധാർഷ്ട്യത്തിൽ സഹികെട്ട് അദ്ദേഹം ഒറ്റയാൾ പോരാട്ടത്തിനിറങ്ങി എന്നുമാണ് കെ ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. അങ്ങിനെയാണ് ഉത്തരേന്ത്യയിൽ പലയിടങ്ങളിലും “ആൾ ഇൻഡ്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ” സ്ഥാനാർത്ഥികളെ നിർത്തിയത് എന്നും ജലീൽ വ്യക്തമാക്കി .

ഉവൈസി മതാഭിമുഖ്യമുള്ള വ്യക്തിയാണ്. തെരഞ്ഞെടുപ്പുകളിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതും “ബോലോ തക്ബീർ” വിളിക്കുന്നതും ലീഗിനെപ്പോലെത്തന്നെ വലിയ തെറ്റായി സലാഹുദ്ദീൻ ഉവൈസിയും മകൻ അസദുദ്ദീനും കണ്ടിട്ടില്ല. അസദുദ്ദീൻ ഉവൈസിയുടെ പ്രചരണ ശൈലിയാണ് വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉപയോഗിച്ചത് എന്ന് സൂചിപ്പിച്ചതിനെ ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ അപരാധമായി കണ്ട ചില യു.ഡി.എഫ് കുഴലൂത്തുകാരുടെയും മതരാഷ്ട്ര വാദികളുടെയും കുറിപ്പുകൾ കണ്ടുവെന്നും അസദുദ്ദീനെ പോലെ അടിമുതൽ മുടിവരെ വിശ്വാസിയായി നിന്ന് മതാവേശമുയർത്തി വോട്ട് തേടുന്ന പോലെ മതേതര കുപ്പായമിട്ട് തരാതരം പോലെ തുള്ളിക്ക് മാറിക്കളിക്കുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി, പ്രചരണം നടത്തിയതിലെ കാപട്യമാണ് താൻ തുറന്നുകാണിച്ചത് എന്നും ജലീൽ വ്യക്തമാക്കി.

ALSO READ: ‘രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കി’, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ എം പി

ആനപ്പുറത്ത് കയറുകയും വേണം, അങ്ങാടിയിലൂടെ പോവുകയും വേണം, നാട്ടുകാർ കാണാനും പാടില്ല, എന്ന സമീപനമാണ് തെരഞ്ഞെടുപ്പിൻ്റെ ആരംഭം മുതൽ ഷാഫി പറമ്പിൽ സ്വീകരിച്ചത്. ഒരു നിലക്കും ഇതിനോട് യോജിക്കാനാവില്ല. ആരെന്ത് പറഞ്ഞാലും വടകരയുടെ മതസാമുദായിക ബന്ധത്തിൻ്റെ ഊഷ്മളതക്ക് വലിയ തോതിൽ പോറലേൽപ്പിക്കാൻ യു.ഡി.എഫിൻ്റെ പ്രചരണ മാമാങ്കം വഴിവെച്ചിട്ടുണ്ട് എന്നും ജലീൽ പറഞ്ഞു.

കുറ്റ്യാടിയിലെയും നാദാപുരത്തെയും അടുത്തുകൊണ്ടിരുന്ന ജനവിഭാഗങ്ങളെ മാനസികമായി അകറ്റാൻ വർഗ്ഗീയതയുടെ കാടിളക്കി നടത്തിയ പ്രചരണം ഹേതുവായിട്ടുണ്ട്. അതൊരു സത്യമാണ്. വസ്തുത പറയുമ്പോൾ ആര് കർവിച്ചിട്ടും കാര്യമില്ല എന്നും ജലീൽ കുറിച്ചു. തന്നെ സംഘികളും കൃസംഘികളും മുസംഘികളും ഒരുമിച്ച് വിളിക്കുന്ന പേരാണ്, “മുൻ സിമിക്കാരൻ” “തീവ്രവാദി” എന്നെല്ലാമുള്ളത്! തന്നെക്കാൾ വലിയ സിമിക്കാരനായിരുന്ന അബ്ദുസ്സമദ് സമദാനിക്ക് അതേ പട്ടം ചാർത്തിക്കൊടുക്കാത്തതിൻ്റെ കാരണം താൻ ഇടതും സമദാനി വലതുമാണ് എന്നതാണെന്നും ജലീൽ പറഞ്ഞു. കൂടാതെ തനിക്കെതിരെ ബിജെപിയും കോൺഗ്രസും ലീഗും നടത്തിയ സംഭവങ്ങളും ജലീൽ കുറിച്ചു.

ഇസ്തിരിയിട്ട വർത്തമാനം പറഞ്ഞ് ആളുകളെ കുപ്പിയിലാക്കുന്ന കാലം കഴിഞ്ഞു. ഒരാളുടെ വിശ്വാസം (ഈമാൻ) അളക്കാൻ ലീഗാഫീസിൽ നിന്നും ഹിറാ സെൻ്റെറിൽ നിന്നും നിർമ്മിച്ച് നൽകുന്ന “ഈമാനോമീറ്റർ” അവനവൻ്റെതന്നെ നെഞ്ചത്ത് വെച്ച് അളക്കുന്നതാകും ഉത്തമം. മറ്റുള്ളവരുടെ നെഞ്ചത്തേക്ക് അതുമായി ആരും വരണ്ട എന്നും ജലീൽ വ്യക്തമാക്കി.യു.ഡി.എഫ് വർഗീയ വിഷം ചീറ്റി മലിനമാക്കിയ വടകരയുടെ ഹൃദയത്തെ സംശുദ്ധമാക്കാൻ LDF സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന് എല്ലാ വിജയങ്ങളും നേരുന്നു എന്നും ജലീൽ പറഞ്ഞു .

ALSO READ: ‘ഇങ്ങനെ ഒരു പൗരത്വം ഞങ്ങള്‍ക്ക് വേണ്ട’; ബി.ജെ.പിക്കെതിരെ ബംഗാളി മാതുവകള്‍

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

അസദുദ്ദീനെ “ബി.ജെ.പി ചാരനാക്കിയത്” ഇടതുപക്ഷമല്ല! കോൺഗ്രസ്സാണ്!
അസദുദ്ദീൻ ഉവൈസി പലതവണ കോൺഗ്രസ്സുമായി സഖ്യത്തിന് ശ്രമിച്ചു. പക്ഷെ അദ്ദേഹത്തോട് ഒന്ന് മിണ്ടാൻ പോലും കോൺഗ്രസ് നേതൃത്വം സൻമനസ്സ് കാണിച്ചില്ല. ബി.ജെ.പിയെ തോൽപ്പിക്കണമെങ്കിൽ എല്ലാ ന്യൂനപക്ഷ പാർട്ടികളും പിരിച്ചു വിട്ട് കോൺഗ്രസ്സിൽ ചേരട്ടെ എന്ന ധാർഷ്ട്യത്തിൽ സഹികെട്ട് അദ്ദേഹം ഒറ്റയാൾ പോരാട്ടത്തിനിറങ്ങി. അങ്ങിനെയാണ് ഉത്തരേന്ത്യയിൽ പലയിടങ്ങളിലും “ആൾ ഇൻഡ്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ” സ്ഥാനാർത്ഥികളെ നിർത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഹൈദരബാദിന് പുറത്ത് നിന്ന് ഒരു പാർലമെൻ്റ് മെമ്പർ ഉവൈസിയുടെ പാർട്ടിക്ക് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന്. ചില സംസ്ഥാനങ്ങളിൽ നിയമസഭാ പ്രാതിനിധ്യവും ലഭിച്ചു. ഉവൈസി മതാഭിമുഖ്യമുള്ള വ്യക്തിയാണ്. അത് അദ്ദേഹത്തിൻ്റെ നടപ്പിരിപ്പിലെല്ലാം പ്രകടമാണ്. തെരഞ്ഞെടുപ്പുകളിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതും “ബോലോ തക്ബീർ” വിളിക്കുന്നതും ലീഗിനെപ്പോലെത്തന്നെ വലിയ തെറ്റായി സലാഹുദ്ദീൻ ഉവൈസിയും മകൻ അസദുദ്ദീനും കണ്ടിട്ടില്ല.
അസദുദ്ദീൻ ഉവൈസിയുടെ പ്രചരണ ശൈലിയാണ് വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉപയോഗിച്ചത് എന്ന് സൂചിപ്പിച്ചതിനെ ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ അപരാധമായി കണ്ട ചില യു.ഡി.എഫ് കുഴലൂത്തുകാരുടെയും മതരാഷ്ട്ര വാദികളുടെയും കുറിപ്പുകൾ കണ്ടു. അസദുദ്ദീനെ പോലെ അടിമുതൽ മുടിവരെ വിശ്വാസിയായി നിന്ന് മതാവേശമുയർത്തി വോട്ട് തേടുന്ന പോലെ മതേതര കുപ്പായമിട്ട് തരാതരം പോലെ തുള്ളിക്ക് മാറിക്കളിക്കുന്ന വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി, പ്രചരണം നടത്തിയതിലെ കാപട്യമാണ് ഞാൻ തുറന്നുകാണിച്ചത്.
ആനപ്പുറത്ത് കയറുകയും വേണം, അങ്ങാടിയിലൂടെ പോവുകയും വേണം, നാട്ടുകാർ കാണാനും പാടില്ല, എന്ന സമീപനമാണ് തെരഞ്ഞെടുപ്പിൻ്റെ ആരംഭം മുതൽ ഷാഫി പറമ്പിൽ സ്വീകരിച്ചത്. ഒരു നിലക്കും ഇതിനോട് യോജിക്കാനാവില്ല. ആരെന്ത് പറഞ്ഞാലും വടകരയുടെ മതസാമുദായിക ബന്ധത്തിൻ്റെ ഊഷ്മളതക്ക് വലിയ തോതിൽ പോറലേൽപ്പിക്കാൻ യു.ഡി.എഫിൻ്റെ പ്രചരണ മാമാങ്കം വഴിവെച്ചിട്ടുണ്ട്. കുറ്റ്യാടിയിലെയും നാദാപുരത്തെയും അടുത്തുകൊണ്ടിരുന്ന ജനവിഭാഗങ്ങളെ മാനസികമായി അകറ്റാൻ വർഗ്ഗീയതയുടെ കാടിളക്കി നടത്തിയ പ്രചരണം ഹേതുവായിട്ടുണ്ട്. അതൊരു സത്യമാണ്. വസ്തുത പറയുമ്പോൾ ആര് കർവിച്ചിട്ടും കാര്യമില്ല.
കോൺഗ്രസ്സിലെയും ലീഗിലെയും വെൽഫെയർ പാർട്ടിയിലെയും മുസ്ലിങ്ങൾ യഥാർത്ഥ മുസ്ലിങ്ങളും ഇടതുപക്ഷത്തെ മുസ്ലിങ്ങൾ കാനേശുമാരി മുസ്ലിങ്ങളുമാണെന്ന ജമ-ലീഗുകാരുടെ പരമ്പരാഗത ധാരണക്ക് പുല്ലുവിലയേ ജനങ്ങൾ കൽപ്പിക്കൂ. മുസ്ലിങ്ങളാണെന്ന് പറയാൻ ഒരാളുടെയും സാക്ഷ്യപത്രം ആർക്കും ആവശ്യമില്ല. എന്നെ സംഘികളും കൃസംഘികളും മുസംഘികളും ഒരുമിച്ച് വിളിക്കുന്ന പേരാണ്, “മുൻ സിമിക്കാരൻ” “തീവ്രവാദി” എന്നെല്ലാമുള്ളത്! എന്നെക്കാൾ വലിയ സിമിക്കാരനായിരുന്ന അബ്ദുസ്സമദ് സമദാനിക്ക് അതേ പട്ടം ചാർത്തിക്കൊടുക്കാത്തതിൻ്റെ കാരണം ഒന്നേയുള്ളൂ. ഞാൻ ഇടതാണ്. സമദാനി വലതാണ്.
കാശ്മീർ പരാമർശത്തിൻ്റെ പേരിൽ എന്നെ രാജ്യദ്രോഹിയാക്കാൻ സംഘികളുടെ കൂടെ മത്സരിക്കുകയായിരുന്നു വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും യൂത്ത്ലീഗിൻ്റെ നേതാക്കളും.
പാക്ക് അധിനിവേശം നടന്നത് ജലീലിൻ്റെ മനസ്സിലാണെന്ന് പറഞ്ഞ ഷാഫി ഞാനെഴുതിയ “ഇന്ത്യൻ അധീന” എന്ന വാക്ക് ”ഇന്ത്യൻ അധിനിവേശ” എന്നാക്കി മാറ്റിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടാനല്ലാതെ മറ്റെന്തിനായിരുന്നു അത്തരമൊരു നുണ പ്രചരണം. മാത്യു കുഴൽനാടൻ, സ്പീക്കർക്ക് പരാതി നൽകി. അപ്പോഴൊന്നും ആരെങ്കിലും ഓടിവരണേ എന്നു പറഞ്ഞ് ഞാൻ അലറിവിളിച്ച് ആളെക്കൂട്ടിയിട്ടില്ല. ഡൽഹി ഹൈക്കോടതിയിൽ ഒരു സംഘി വക്കീൽ കാശമീർ പരാമർശത്തിൽ കൊടുത്ത കേസ് ജഡ്ജി ചവറ്റുകൊട്ടയിലെറിഞ്ഞു. പത്രങ്ങളും ചാനലുകളും അത് പക്ഷെ, സമർത്ഥമായി പൂഴ്ത്തി.
ഖുർആനിൽ സ്വർണ്ണം കടത്തി എന്നാരോപിച്ച് എന്നെ രാജ്യവിരുദ്ധനാക്കാൻ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്ത് വന്നപ്പോൾ അതിന് ചൂട്ട് പിടിച്ച് കൊടുത്തത് കോൺഗ്രസ്സും ലീഗുമാണ്. യു.എ.ഇ എംബസി റംസാൻ കാലത്ത് കൊടുത്ത ഭക്ഷണക്കിറ്റ് വിതരണം നടത്തിയതിൽ ‘ഫെമയും ഫെറയും’ ബാധകമാക്കി എന്നെ ജയിലിലടക്കാൻ നരേന്ദ്രമോദിക്ക് കത്തെഴുതിയത് അന്നത്തെ യു.ഡി.എഫ് കൺവീനറും കോൺഗ്രസ് എം.പിയുമായ ബെന്നിബെഹനാനാണ്. സമുദായ കേന്ദ്രങ്ങളിലെ നിലയവിദ്വാൻമാരെ അതിനെതിരെ ഒരു പ്രസ്താവന പോലും ഇറക്കാൻ കാണാതിരുന്നത് എന്തുകൊണ്ടാണ്? ഒരേയൊരു കാരണമേയുള്ളൂ. ഇടതുപക്ഷത്ത് നിൽക്കുന്ന മുസ്ലിമാണ് ഞാൻ!
ഈഡിയും എൻ.ഐ.എ യും കസ്റ്റംസും തലങ്ങും വിലങ്ങും ചോദ്യശരങ്ങൾ എയ്ത് വെള്ളം കുടിപ്പിച്ചെന്നും ജലീൽ കൊലമരത്തിൽ ഏറേണ്ടിവരുമെന്നും പ്രചരിപ്പിച്ച് വഴിയിൽ തടഞ്ഞ് അപകടപ്പെടുത്താൻ കോലീബി സഖ്യം ശ്രമിച്ചപ്പോൾ വൻമതിൽ കെട്ടി പ്രതിരോധിച്ചത് ഇടതുപക്ഷമാണ്. വളാഞ്ചേരിയിലെ എൻ്റെ വീട്ടുപടിക്കലേക്ക് ജാഥ നടത്തിയവരിൽ സംഘികൾ മാത്രമല്ല, യൂത്ത്ലീഗും യൂത്ത്കോൺഗ്രസ്സും മുന്നിലുണ്ടായിരുന്നു. മൂന്നുകൂട്ടരുടെയും ലക്ഷ്യം ഒരു അണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത എന്നെ അഴികൾക്കുള്ളിൽ ആക്കലായിരുന്നു.
എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ കൃസംഘികൾ ഒരു കൃസ്ത്യൻ വിരുദ്ധനാക്കി ഈ വിനീതനെ മുദ്രകുത്തിയപ്പോഴും ഒരാളുടെയും സമുദായ സ്നേഹം അണപൊട്ടിയത് കണ്ടില്ല. പകരം എന്നെ കുരിശിലേറ്റാൻ വിളിച്ച് കൂവുകയാണ് ചെയ്തത്. ഇടതുപക്ഷ ചേരിയിലുള്ള കരീംക്കയേയും റിയാസിനെയും റഹീമിനെയും ഷംസീറിനെയും ആരിഫിനെയും വർഗീയ മുദ്രയടിക്കാൻ ലീഗും കോൺഗ്രസ്സും ബി.ജെ.പിക്കൊപ്പം മൽസരിക്കുന്നത് കണ്ടവരാണ് മലയാളികൾ. ആ സംഘടിത ആക്രമണത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരു “ഉവൈസി ഭക്തനെയും” കാണാത്തതെന്തെ? ഇടതുപക്ഷത്തുള്ള മുസ്ലിം പേരുള്ളവർ വേട്ടയാടപ്പെടട്ടെ. ആവശ്യമെങ്കിൽ വേട്ടക്കാരനൊപ്പം ചേരാനും ഒരുക്കമാണെന്ന ശരീരഭാഷയാണ് ലീഗ്-കോൺഗ്രസ് നേതാക്കൾക്കൾ എല്ലായിപ്പോഴും പ്രകടിപ്പിച്ചത്. ഇതൊക്കെ കമ്മ്യൂണിസ്റ്റ് വിരോധം മൂത്ത് ചിത്തഭ്രമം ബാധിച്ചതിൻ്റെ തെളിവല്ലാതെ മറ്റെന്താണ്?
ഇങ്ങോട്ടെങ്ങനെയാണോ അതുപോലെത്തന്നെയേ അങ്ങോട്ടും പ്രതീക്ഷിക്കേണ്ടതുള്ളൂ. മര്യാദയാണെങ്കിൽ മര്യാദ. മറിച്ചാണെങ്കിൽ അങ്ങിനെ. ഒരു പത്രവും ചാനലും കയ്യിലുണ്ടെന്ന് കരുതി ഇടതുപക്ഷത്ത് നിൽക്കുന്ന മുസ്ലിങ്ങളെ മുഴുവൻ മൂക്കിൽ വലിച്ച് കയറ്റാമെന്ന വ്യാമോഹം ആർക്കെങ്കിലുമുണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി. ആ പൂതി ലോകാവസാനംവരെ നടക്കില്ല. കേരളത്തിലെ മതേതര സമൂഹം അതിന് സമ്മതിക്കില്ല. ജമാഅത്തെ ഇസ്ലാമി എന്താണെന്നും ഇടതുപക്ഷം എന്താണെന്നും ലീഗ് എന്താണെന്നും സ്വാനുഭവങ്ങളിലൂടെ ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്തിരിയിട്ട വർത്തമാനം പറഞ്ഞ് ആളുകളെ കുപ്പിയിലാക്കുന്ന കാലം കഴിഞ്ഞു. ഒരാളുടെ വിശ്വാസം (ഈമാൻ) അളക്കാൻ ലീഗാഫീസിൽ നിന്നും ഹിറാ സെൻ്റെറിൽ നിന്നും നിർമ്മിച്ച് നൽകുന്ന “ഈമാനോമീറ്റർ” അവനവൻ്റെതന്നെ നെഞ്ചത്ത് വെച്ച് അളക്കുന്നതാകും ഉത്തമം. മറ്റുള്ളവരുടെ നെഞ്ചത്തേക്ക് അതുമായി ആരും വരണ്ട. യു.ഡി.എഫ് വർഗീയ വിഷം ചീറ്റി മലിനമാക്കിയ വടകരയുടെ ഹൃദയത്തെ സംശുദ്ധമാക്കാൻ LDF സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന് എല്ലാ വിജയങ്ങളും നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News