തങ്ങളുടെ സങ്കുചിതതാത്പര്യങ്ങൾക്കനുസരിച്ച് എം ടിയുടെ പ്രസംഗത്തെ വളച്ചൊടിച്ചത് ഏഷ്യാനെറ്റും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ ആണെന്ന് സിപിഐഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ. താനങ്ങനെ തൻ്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് മലയാളത്തിൻ്റെ മഹാസാഹിത്യകാരന് പ്രസ്താവന ഇറക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും, മാതൃഭൂമിയുടെയും ഏഷ്യാനെറ്റിൻ്റെയും സംഘി അജണ്ടയിൽ കിടന്നലറുകയും മോങ്ങുകയുമായിരുന്നു ഈ കമ്യൂണിസ്റ്റുവിരുദ്ധ നിരീക്ഷകരെല്ലാം ഇന്നലെ മുഴുവനുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ ടി കുഞ്ഞിക്കണ്ണൻ കുറിച്ചു.
കഴിഞ്ഞ ദിവസം കെ എൽ എഫ് ഉദ്‌ഘാടന വേദിയിൽ വെച്ച് എം ടി കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇത് മുഖ്യമന്ത്രിയെ കുറിച്ചുള്ളതാണെന്ന തരത്തിൽ പല മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. എം ടി തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിട്ടും മാധ്യമങ്ങൾ പതിവ് വ്യാജ വാർത്തകൾ തന്നെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് കെ ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്.
കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ത്യയിൽ അധികാരം കയ്യടക്കിയ ഹിന്ദുത്വഫാസിസത്തിൻ്റെ പ്രചാരണവും സമ്മതി നിർമ്മിതിയുമേറ്റെടുത്ത മാതൃഭൂമിയും മറ്റു ചില മാധ്യമങ്ങളുമാണ്. ഇന്നലെ കെ എൽ എഫ് ഉൽഘാടനവേദിയിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി നടത്തിയ പ്രസംഗത്തെ മുഖ്യമന്ത്രിക്കും കേരളത്തിലെ ഇടതുഭരണത്തിനുമെതിരായ പ്രതികരണമായി ആഘോഷിച്ചത്.
താനങ്ങനെ തൻ്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് മലയാളത്തിൻ്റെ മഹാസാഹിത്യകാരന് പ്രസ്താവന ഇറക്കേണ്ട അവസ്ഥയാണ് സുധീർ കാരശ്ശേരി കല്പറ്റാദികൾ സൃഷ്ടിച്ചത്. മാതൃഭൂമിയുടെയും ഏഷ്യാനെറ്റിൻ്റെയും സംഘി അജണ്ടയിൽ കിടന്നലറുകയും മോങ്ങുകയുമായിരുന്നു ഈ കമ്യൂണിസ്റ്റുവിരുദ്ധ നിരീക്ഷകരെല്ലാം ഇന്നലെ മുഴുവനും.
അധികാരത്തെയും വിപ്ലവത്തെയും രാഷ്ട്രീയസമൂഹത്തെയും ആൾക്കൂട്ടത്തെയുമൊക്കെ സംബന്ധിച്ച എം ടി യുടെ നിരീക്ഷണങ്ങൾ ഗൗരാവഹമായ സാമൂഹ്യശാസ്ത്ര പാഠങ്ങളാണ്. ഇന്നത്തെ ഇന്ത്യൻ സന്ദർഭത്തെ മനസ്സിലാക്കുന്നതിനും പ്രതിരോധത്തിൻ്റെ ജനകീയരാഷ്ട്രീയം വികസിപ്പിക്കുന്നതിലും നമുക്കോരോർത്തർക്കും ഉണ്ടാവേണ്ട ഉൾക്കാഴ്ചയുടെ ആദർശപ്രേരണയായിട്ട് വേണം എം ടിയുടെ വാക്കുകളെ എടുക്കേണ്ടതെന്ന് ജനാധിപത്യവാദികൾക്കറിയാം.
ഹിന്ദുത്വഫാസിസ്റ്റധികാരപ്രയോഗത്തിൻ്റെ വർത്തമാന ഭീഷണിയെ കുറിച്ച് അജ്ഞത സൃഷ്ടിക്കുക എന്ന മാധ്യമതന്ത്രമാവാം മോഡിയെ വിട്ട് പിണറായിലേക്ക് കുന്തമുന തിരിക്കുന്ന ഇത്തരം മാധ്യമവേലകൾ. തങ്ങളുടെ സങ്കുചിതതാല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ എം ടിയുടെ പ്രസംഗത്തെ അപനിർമ്മാണം നടത്തി മാതൃഭൂമിയുടെയും ഏഷ്യാനെറ്റിൻ്റെയും ഇടതുവിരുദ്ധ പൊതുബോധനിർമ്മിതിക്ക് സഹായം ചെയതു കൊടുക്കാനാണ് കാരശ്ശേരി കല്പറ്റാദികൾ ഉത്സാഹം കാണിക്കുന്നത്. ഇതൊക്കെ കാര്യവിവരമുള്ള
എല്ലാർക്കും മനസിലാവും.
ഫാസിസത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തെയും മനശാസ്ത്രപരമായ തലങ്ങളെയും വിശകലനം ചെയ്തുകൊണ്ടു് വില്യം റീഹ് മനുഷ്യ മനസ്സുകളിൽ അപരത്വ ബോധവും അന്യവൽക്കരണവും ഫാസിസ്റ്റുകൾ വളർത്തുന്നതെങ്ങനെയെന്നാണ് “ഫാസിസത്തിൻ്റെ ആൾക്കൂട്ടം മനശ്ശാസ്ത്രം ” എന്ന കൃതിയിലൂടെ വിശകലനം ചെയ്യുന്നത്. മനുഷ്യബന്ധങ്ങളുടെയും കുടുംബം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളെ ഉപയോഗിച്ച് ഫാസിസ്റ്റുകൾ അധികാരം പിടിക്കുന്നതിനെ കുറിച്ചുള്ള റീഹിൻ്റെ നിരീക്ഷണങ്ങൾ ഇന്ത്യൻ സന്ദർഭത്തിൽ ആർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത് …?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here