ആദ്യമായിട്ടാണ് ഇത്തരത്തില്‍ എനിക്കൊരു സമ്മാനം കിട്ടുന്നതെന്ന് കൈരളി ഇന്നോടെക് അവാര്‍ഡ്‌സില്‍ ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ച കെ വി സജീഷ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും ഒരു ചെറിയ അവാര്‍ഡ് തനിക്ക് ലഭിച്ചിട്ടില്ലെന്നും സജീഷ് പറഞ്ഞു.
‘ഈ അവാര്‍ഡ് നല്‍കിയ മമ്മൂക്കയ്ക്കുംം കൈരളി ചാനലിനും എന്നെ ഞാനാക്കിയ എല്ലാവര്‍ക്കും നന്ദിയുണ്ട്.’ തന്റെ അമ്മയില്ലായിരുന്നെങ്കില്‍ ഇന്ന് ഈ സ്ഥാനത്ത് എനിക്കിങ്ങനെ നില്‍ക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും സജീഷ് പറഞ്ഞു.
ഒരുപാട് പ്രശ്നങ്ങള്‍ കാരണം തന്റെ അമ്മയ്ക്ക് ഒരു സമയത്ത് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി. അന്ന് മരിക്കുന്നില്ലെന്ന് തീരുമാനിച്ചത് ശരിയായിരുന്നെന്ന് അമ്മ ഇന്ന് വിചാരിക്കുന്നുണ്ടാവുമെന്നും സജീഷ് പറഞ്ഞു.
സജീഷിന്റെ പ്രസംഗത്തിലെ വാക്കുകള്‍
‘ഇത് ആദ്യായിട്ടാണ് എനിക്കൊരു സമ്മാനം കിട്ടണേ. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പഠിക്കാന്‍ ഭയങ്കര മോശമായിരുന്നു. അതുകൊണ്ട് പഠിത്തത്തിലൊന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇപ്പൊ പഠിത്തത്തിലൊന്നും കിട്ടിയിട്ടില്ലെങ്കിലും അതല്ലാതെ മറ്റെന്തെങ്കിലും ഒക്കെ കിട്ടാറുണ്ടല്ലോ. വല്ല തവളച്ചാട്ടോ, ചാക്ക് ചാട്ടോ പിന്നെ ആര്‍ട്സിലോ, സ്പോര്‍ട്സിലോ അങ്ങനെ എന്തെങ്കിലും ഒക്കെ ആയിട്ട് എന്തെങ്കിലും കിട്ടാറുണ്ടല്ലോ. പക്ഷേ എനിക്ക് അന്നേരവും ഒന്നും കിട്ടിയിട്ടുണ്ടാവില്ല. പക്ഷേ ഇതുവരെ ഒന്നും കിട്ടാത്തതിന്റെ ഖേദം ഇപ്പോള്‍ തീര്‍ന്നു.
എന്റെ അമ്മയെ കുറിച്ച് ഈ അവസരത്തില്‍ എനിക്ക് പറയാതിരിക്കാനാന്‍ കഴിയില്ല. എന്റെ അമ്മയുടെ കൂടെ പിറന്നത് 5 പെണ്ണുങ്ങളും രണ്ട് ആണുങ്ങളുമാണ്. ഇവരുടെയെല്ലാം കല്ല്യാണങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നങ്ങള്‍ നിരവധിയുണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനും എന്റെ അമ്മച്ഛന്‍ പറയുന്ന ഒരു വാക്കുണ്ട്. നിങ്ങള്‍ക്കെല്ലാം ഞാനൊരു പിടിവള്ളി ആക്കിത്തന്നിട്ടുണ്ട്. എല്ലാരും അതില്‍ പിടിച്ച് കയറുക എന്നായിരുന്നു.
എന്റെ അമ്മേനെ കൊണ്ടുവന്നത് വലിയൊരു കൂട്ടുകുടുംബത്തിലേക്കാണ്. ഒരുപാട് മെമ്പേഴ്സ് ഉണ്ട്. അപ്പൊ ഇന്നത്തെ കാലത്തൊക്കെ ഈ ഒരുപാട് മെമ്പേഴ്സുള്ള കുടുംബത്തില്‍ ഒത്തുപോകാന്‍ പറ്റാത്ത സാഹചര്യം വന്നുകഴിഞ്ഞാല്‍ മാറി താമസിക്കും. പെട്ടെന്ന് മാറേണ്ടാത്ത അവസ്ഥ വന്നു കഴിഞ്ഞാല്‍ നമ്മള് ഒരു വാടക വീട്ടിലേക്കൊക്കെ മാറും. പഴയകാലത്ത് കൂട്ടുകുടുംബങ്ങളിലൊക്കെ നാട്ടിന്‍പുറത്തൊക്കെ ഞാന്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഈ തറവാട്ടു വീടിനോട് ചേര്‍ന്ന് തറവാട്ടുവളപ്പില് തറവാട്ടുതൊടിയില്‍ ഏതെങ്കിലും ഒരു മൂലയ്ക്ക് ചെറിയൊരു നെടുമ്പര വച്ച് കെട്ടും. ഞങ്ങള് ചെറിയ കുട്ടികളായിരിക്കണ സമയത്ത് ഞാനും എന്റെ പെങ്ങളും വളരെ ചെറിയ കുട്ടികളായിരിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും അതുപോലെ തൊടിയിലൊരു ചെറിയൊരു നെടുമ്പര വെച്ച് കെട്ടിയിട്ട് അതിലേക്ക് മാറേണ്ടി വന്നിട്ടുണ്ടായിരുന്നു.
പക്ഷേ അതിലേക്ക് മാറിയിട്ടും എന്റെ അമ്മേടെ ദുരിതങ്ങള്‍ക്കൊന്നും ഒരു പരിഹാരം ഉണ്ടായില്ല എന്നൊക്കെ ഞാന്‍ പറഞ്ഞു കേട്ടു. അങ്ങനെ ഒരു ദിവസം മുന്നോട്ടു പോകാന്‍ ഒരു നിവൃത്തിയില്ല എന്നുള്ള അവസ്ഥ വന്നപ്പോള്‍ അമ്മ രാത്രി ഞങ്ങളെ ഉറക്കി കിടത്തിയിട്ട് ഞങ്ങടെ ഈ നെടുമ്പരയുടെ ഓപ്പോസിറ്റില്‍ ഒരു ഒരു പറങ്കിമാവില്‍ ഒരു കയറ് കെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അങ്ങനെ ഈ കയറ് കെട്ടിയിട്ട് ഇങ്ങനെ നിക്കണ സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഞങ്ങളില്‍ ആരോ ഒരാള്‍ ഉറക്കത്തീന്ന് എഴുന്നേറ്റ് അമ്മേന്ന് വിളിച്ച് കരഞ്ഞൂന്നാ പറഞ്ഞെ. ആ വിളി കേട്ടപ്പോ എന്റെ അമ്മ തിരിച്ച് ഓടി വന്നൂന്ന്. അങ്ങനെ ഓടി വന്നിട്ട് ഈ ഉറക്കത്തിന്ന് എഴുന്നേറ്റ് അമ്മേന്ന് വിളിച്ച് കരയുന്ന ഞങ്ങളെ കണ്ടപ്പോള്‍ അമ്മ ഒരു തീരുമാനം എടുത്തൂത്രേ ഇവറ്റകള് ഇവറ്റകള്‍ വളര്‍ന്നു വലുതായാല്‍ ചിലപ്പോള്‍ എന്റെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ഉണ്ടായാലോ, അതുവരെയും ഒന്ന് സഹിക്കുക, അതുവരെയും കൂടെ ഒന്ന് പിടിച്ചു നില്‍ക്കട്ടെ എന്ന് പറഞ്ഞിട്ട് എന്റെ അമ്മ മരിക്കുന്നില്ല എന്ന് തീരുമാനിച്ച് ഞങ്ങളെ പാടുപെട്ട് വളര്‍ത്തി.
ആ അമ്മ, ആ അമ്മ ഇന്ന് വിചാരിക്കുന്നുണ്ടാവും അന്ന് മരിക്കുന്നില്ല എന്ന് തീരുമാനിച്ചത് നൂറില്‍ നൂറ്റി പത്ത് ശതമാനം ശരിയായിരുന്നു എന്നുള്ളത്. കാരണം സര്‍വ്വരാലും അംഗീകരിക്കപ്പെട്ടിട്ട് ഒരു അംഗീകാരത്തിന് അര്‍ഹരായിട്ട് ഞാന്‍ ഇവിടെ ഇങ്ങനെ നില്‍ക്കുമ്പോള്‍ ലോകത്ത് മറ്റാരെക്കാളും സന്തോഷിക്കുന്നത് എന്റെ അമ്മയായിരിക്കും. അമ്മയെ പറ്റിയിട്ട് എനിക്ക് പറയാണ്ട് ഇവിടുന്ന് ഇറങ്ങാന്‍ പറ്റില്ല.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here