‘താലിബാൻ വിസ്മയങ്ങളുടെ പുതിയ കണ്ടുപിടിത്തം’ ; മീഡിയ വണ്ണിനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്

മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിൽ നടന്ന പരിപാടിയെ വിമർശിച്ചു കൊണ്ടാണ് ഡെക്കാൻ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്റർ ആയ കെ ജെ ജേക്കബ് രംഗത്ത് വന്നത്. ‘അമ്മയെ തൊട്ടാൽ സി.പി.ഐ.എമ്മിന് പൊള്ളുന്നതെന്തിന്’ എന്ന തലക്കെട്ടോടു കൂടി മീഡിയ വണ്ണിൽ സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് പരിപാടിയെ ആണ് കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് മലയാള സിനിമ ഇൻഡസ്ട്രിയിലും, താരസംഘടന ആയ എ.എം.എം.എ യിലും ഉണ്ടായ മാറ്റങ്ങൾ വെറുതെ സംഭവിച്ചതല്ലെന്നും, എൽ.ഡി.എഫ് സർക്കാർ സംഭവിപ്പിച്ചതാണെന്നും ആണ് കെ ജെ ജേക്കബ് പറഞ്ഞത്. ഒപ്പം കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പേരാണ് സി.പി.ഐ.എം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതിനോടൊപ്പം തന്നെ പ്രോഗ്രാം അവതാരകർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തു കെ ജെ ജേക്കബ്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ :

ചരിത്രത്തിലില്ലാത്തതു കേരളത്തിൽ സംഭവിക്കുകയാണ്. ചൂഷിതരായ സ്ത്രീകൾക്കു ചവിട്ടി നില്ക്കാൻ ഒരിടം കിട്ടുകയാണ്. അവർ നിവർന്നു നിൽക്കുകയാണ്. അവർ സംസാരിക്കുകയാണ്.ഇതുവരെയില്ലാത്തതാണ്. അവർക്കുവേണ്ടി പോലീസ്/നിയമസംവിധാനം കാത്തുനിൽക്കുകയാണ്. അവർ പറയുന്നത് കേൾക്കാൻ അപ്പുറത്തു കാതോർത്തുനിൽക്കുകയാണ്.അവരുടെ വാക്കുകൾക്ക് വിലകിട്ടുകയാണ്.
ഇതുവരെയില്ലാത്തതാണ്. പത്തും ഇരുപതും മുപ്പതും നാല്പതും അൻപതും ഒക്കെ വര്ഷം നീളുന്ന കലാജീവിതത്തിൽ തങ്ങൾ പറഞ്ഞതോ കാണിച്ചതോ ആയ തോന്ന്യാസങ്ങളുടെ പേരിൽ പുരുഷുക്കൾ ഇപ്പോൾ എരിപൊരി കൊള്ളുകയാണ്. അവർ അക്കൗണ്ടബിളാവുകയാണ്.
ഇതുവരെയില്ലാത്തതാണ്. നാട്ടുവാഴിത്തശീലങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.അവ മെല്ലെ മെല്ലെ അടക്കം ചെയ്യപ്പെടുകയാണ്. ചവിട്ടി നിൽക്കാനിടം കിട്ടിയ പെണ്ണുങ്ങൾ അവരുടെ അനുഭവങ്ങൾകൊണ്ട് ലോകത്തെ മാറ്റുകയാണ്.ഇതുവരെയില്ലാത്തതാണ്.

ഇതൊന്നും വെറുതെ സംഭവിച്ചതല്ല. ഒരു സർക്കാർ സംഭവിപ്പിച്ചതാണ്. കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പേരാണ് സി പി എം. ആ പാർട്ടിയ്ക്ക് ഇപ്പോൾ പൊള്ളുന്നു എന്നാണ് താലിബാൻ വിസ്മയങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്. ഈ പടത്തിലുള്ള കഥാപാത്രം പാർട്ടിക്കാരനാണ് എന്ന മട്ടിൽ അവതരിപ്പിക്കുന്നത്! മൗദൂദി കുത്തിത്തിരിപ്പിന്റെ പല അവസ്ഥാന്തരങ്ങളും ഇതിനു മുൻപും കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര ദയനീയമായ വേർഷൻ ഇതാദ്യമായാണ്. ഇതുവരെയില്ലാത്തതാണ്.

ഇതായിരുന്നു കെ.ജെ. ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News