ജനകീയനായ കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം കടന്നപ്പള്ളി രാമചന്ദ്രന്‍ കേരള ക്യാബിനറ്റിലേക്ക് എത്തുകയാണ്. നിലവില്‍ കോണ്‍ഗ്രസ് എസ്സിന്റെ സംസ്ഥാന അധ്യക്ഷനും കണ്ണൂര്‍ എംഎല്‍എയുമാണ് അദ്ദേഹം. ലഭിക്കുന്നത് ഏത് വകുപ്പായാലും ആ വകുപ്പിനോട് നീതി പുലര്‍ത്തുമെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ട്.
മൂന്നാം തവണയാണ് കടന്നപ്പള്ളി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. കടന്നപ്പള്ളിയിലൂടെ കണ്ണൂരിന് വീണ്ടും ലഭിച്ചിരിക്കുന്നത് രണ്ടാം മന്ത്രിസ്ഥാനം. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം, പ്രിന്റിംഗ് വകുപ്പുകളുടെ മന്ത്രിയായാണ് കടന്നപ്പള്ളി മന്ത്രിസഭയിലേക്കെത്തുന്നത്. വി എസ് സര്‍ക്കാര്‍ പകുതി പിന്നിട്ടപ്പോഴാണ് കടന്നപ്പള്ളിക്ക് അന്ന് മന്ത്രിസ്ഥാനം ലഭിച്ചത്. വി എസ് മന്ത്രിസഭയിലായിരിക്കെ അദ്ദേഹം മലബാറിലെ ക്ഷേത്രങ്ങളിലെയും കാവുകളിലെയും ആചാരസ്ഥാനികര്‍ക്ക് പ്രതിമാസ വേതനവും, 60 വയസ്സ് കഴിഞ്ഞ കോലധാരികള്‍ക്ക് പെന്‍ഷനും നടപ്പിലാക്കി. സര്‍ക്കാര്‍ പ്രസ്സുകളെ ആധുനിക രീതിയില്‍ നവീകരിച്ച് സര്‍ക്കാര്‍ പ്രിന്റിംഗ് ജോലികള്‍ പൂര്‍ണ്ണമായും നടത്താന്‍ പര്യാപ്തമാക്കി. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, ലോട്ടറി ടിക്കറ്റുകള്‍ എന്നിവയുടെ അച്ചടി പൂര്‍ണ്ണമായും നിര്‍വഹിക്കാന്‍ കഴിയുംവിധം സര്‍ക്കാര്‍ പ്രസ്സുകളെ ആധുനികവത്കരിച്ചു. ഒന്നാം പിണറായി സര്‍ക്കാരില്‍ തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ALSO READ: പ്രതീക്ഷ കൈവിട്ടില്ല; അൻപത് കോടി ക്ലബ്ബിലേക്ക് നേര്
നിരവധി തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച കടന്നപ്പള്ളി രണ്ട് തവണ ലോക്‌സഭാംഗവും നാല് തവണ നിയമസഭാംഗവുമായി. 1971ല്‍ 26ആം വയസ്സിലായിരുന്നു കാസര്‍കോഡ് നിന്നുള്ള അദ്ദേഹത്തിന്റെ കന്നിയങ്കം. കന്നിയങ്കത്തില്‍ തന്നെ ഇ കെ നായനാരിനെ പരാജയപ്പെടുത്തി. വീണ്ടും 1977ല്‍ കാസര്‍കോട് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എം രാമണ്ണറേയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്. ശേഷം കോണ്‍ഗ്രസിനുള്ളില്‍ ധ്രുവീകണം ഉണ്ടാവുകയും ഇന്ദിരാഗാന്ധിക്കെതിരെ അദ്ദേഹം നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി 1980ല്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം ജയിച്ചുക്കയറി. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നു. 1987, 1991 എന്നീ വര്‍ഷങ്ങളില്‍ പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും 1996ല്‍ കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്കുമാണ് കടന്നപ്പള്ളി പരാജയപ്പെട്ടത്. എന്നാല്‍ 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് അദ്ദേഹം വീണ്ടും നിയമസഭയിലെത്തി.
കണ്ണൂരില്‍ നിന്ന് 2016ലും അദ്ദേഹം വിജയിച്ചു. കടന്നപ്പള്ളിയിലൂടെ കണ്ണൂരിലെ അന്നത്തെ സിറ്റിംഗ് എംഎല്‍എയായ എ പി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. 2021ല്‍ ഡിസിസി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ച് കടന്നപ്പള്ളി വീണ്ടും കണ്ണൂരില്‍ നിന്ന് ജയിച്ചുകയറി. രണ്ടാം പിണറായി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കാബിനറ്റിലെ ഏറ്റവും സീനിയറായി മാറിയിരിക്കുകയാണ് കടന്നപ്പള്ളി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here